24 February Monday
മണൽകടത്ത്‌: പൊറുതി മുട്ടി ജനം

മഞ്ചേശ്വരം തീരം കാത്തിരിക്കുന്നത്‌ വൻദുരന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

മഞ്ചേശ്വരം അക്കരെ കടപ്പുറത്ത്‌ മണലെടുത്ത നിലയിൽ

 കാസർകോട്‌ 

അമിതമായി മണൽ കടത്തുന്നതിലൂടെ  മഞ്ചേശ്വരം കടൽ തീരത്തെ കാത്തിരിക്കുന്നത്‌ വൻദുരന്തം. മൂന്ന്‌ കിലോമീറ്ററിലധികം  ദൂരം ആരെയും ഞെട്ടിക്കുന്ന രീതിയിലാണ്‌  മണലൂറ്റുകാർ വൻ കുഴികൾ ഉണ്ടാക്കിയിരിക്കുന്നത്‌.  മഞ്ചേശ്വരം ഹാർബർ തുടങ്ങി ചർച്ച്‌ ബീച്ച്‌റോഡുവരെയുള്ള ഭാഗങ്ങളിൽ  കടലിന്‌ സമാന്തരമായി  ആഴമുള്ള കിടങ്ങ്‌ തന്നെ രൂപപ്പെട്ടിരിക്കുകയാണ്‌.  വലിയ വേലിയേറ്റമുണ്ടായാൽ ഈ പ്രദേശത്തെ കരമുഴുവൻ കടലെടുക്കുമെന്ന്‌ തീർച്ച. കടലിൽ നിന്ന്‌ പതിനഞ്ച്‌ മീറ്ററോളമുള്ള തീരം മണലെടുപ്പ്‌ കാരണം പലഭാഗങ്ങളിലും ചുരുങ്ങി വെള്ളം കയറാൻ തുടങ്ങി.   
അർധരാത്രിയോടെ  കടൽ തീരം  മണൽ മാഫിയയുടെ കൈയിലാവുന്നു.ചുരുങ്ങിയത്‌ 200ഓളം പേർ മണൽ കടത്ത്‌ ജോലിയിൽ ഏർപ്പെടുന്നു. പ്രദേശത്തിന്‌ പുറത്തുള്ളവരൊപ്പം സമീപവാസികളായ ചിലരും  സഹായം ചെയ്യുന്നു. മണൽ എളുപ്പം കൊണ്ടുപോകുന്നതിന്‌  വാഹനങ്ങൾ നേരിട്ട്‌ കടൽതീരത്തേക്ക്‌ എത്തിക്കാൻ പതിനഞ്ചോളം സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്‌. കടൽ ഭിത്തിക്ക്‌ സമീപം മണൽ ചാക്ക്‌ വച്ചുയർത്തിയാണ് വഴി നിർമിച്ചത്‌.  കടലിൽ നിന്ന്‌ വലിയ പെട്ടിയിലും ചാക്കിലുമായി നേരിട്ട്‌  മിനിലോറികളിലും ഒട്ടോ പിക്കപ്പുകളിലും എത്തിക്കുന്നു. മണലൂറ്റുന്ന  ആറിലധികം സ്ഥിരം സംഘങ്ങൾ  ഉണ്ടെന്നാണ്‌   നാട്ടുകാർ പറയുന്നത്‌. ഒരു സംഘം ചുരുങ്ങിയത്‌ 20 ലോഡെങ്കിലും ദിനം പ്രതി കടത്തുന്നു. ചെറിയ വാഹനം മണലിന്‌ 4000 രൂപ മുതൽ   5000 രൂപവരെയും വലിയ വാഹനത്തിന്‌ 18,000 മുതൽ 20,000 രൂപവരെയുമാണ്‌ വില. ഒരുദിവസം ലക്ഷങ്ങളുടെ മണലാണ്‌കടത്തുന്നത്‌.   
മാഫിയ സംഘങ്ങളെ പോലെയാണ്‌  ഇവർ ഈ പ്രദേശത്ത്‌ പ്രവർത്തിക്കുന്നത്‌.  മദ്യവും മയക്കുമരുന്നും യഥേഷ്ടം. ഗുണ്ടകളുടെ വിളയാട്ടവും വ്യാപകമാണ്‌. ഇവരുടെ ഭീഷണി സാമൂഹിക പ്രശ്‌നമായി വളർന്നു കഴിഞ്ഞു. എതിർപ്പ്‌ പ്രകടിപ്പിക്കുന്നവരെ  ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന  സ്ഥിതിയുണ്ട്‌. പൊറുതിമുട്ടിയ സമീപവാസികളിൽ ചിലർ കഴിഞ്ഞ ദിവസം രംഗത്ത്‌ വന്നപ്പോഴാണ്‌ അതിൽ സജീവമായുണ്ടായിരുന്ന റീത്ത ഡിസൂസ എന്ന സ്‌ത്രീയെ വീട്‌ കയറി ആക്രമിച്ചത്‌.  മണൽ കടത്തുന്ന വാഹനം കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞിരുന്നു. അതിൽ ഒരു വാഹനം പൊലീസിനെ ഏൽപിച്ചു. മറ്റൊരു വാഹനം മണൽ മാഫിയകളുടെ ഗുണ്ടകൾ ബലംപ്രയോഗിച്ചു കൊണ്ടുപോയി. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങൾ അടുത്തകാലത്തുണ്ടായിട്ടുണ്ട്‌.    
റവന്യൂ അധികൃതർക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടാവുന്നില്ല എന്നാണ്‌ നാട്ടുകാരുടെ പരാതി. പൊലീസ്‌ വരുമ്പോൾ മിന്നൽ വേഗത്തിൽ മണൽ സംഘം അപ്രത്യക്ഷമാവും. പൊലീസ്‌ പോയാൽ വീണ്ടും സജീവമാകും.  പൊലീസ്‌ തീരുമാനിച്ചാൽ മണൽ ലോറികൾ വഴിയിൽനിന്ന്‌ പോലും  പിടികൂടാനാവുമെങ്കിലും  അതൊന്നും ചെയ്യാതെ പൊലീസിൽ ചിലർ ഒത്താശ ചെയ്യുകയാണെന്ന്‌ നാട്ടുകാർ പറയുന്നു.
പ്രധാന വാർത്തകൾ
 Top