ബദിയടുക്ക
പതിനാലുകാരിയെ വീട്ടുജോലിക്ക് നിർത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പരാതി ഇല്ലാതാക്കാൻ മുസ്ലിംലീഗ് ജില്ലാ നേതാവ് ഇടപെട്ടു. ബദിയടുക്കയിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് ജോലിക്കുനിന്ന വീട്ടിൽനിന്ന് മൂന്നുവർഷത്തിലേറെ പീഡനത്തിനിരയായത്. 2015 മുതൽ കഴിഞ്ഞ മാസം വരെയാണ് വിദ്യാർഥിനി ജോലിക്കുണ്ടായത്.
ക്ലാസിൽ പെൺകുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം നടത്തി ബദിയടുക്ക പൊലീസിൽ വിവരമറിയിച്ചപ്പോഴാണ് ബദിയടുക്കയിലെ മുസ്ലിംലീഗ് നേതാവ് പരാതി പിൻവലിക്കണമെന്ന് മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടത്. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയോടൊപ്പംനിന്ന് പരാതി നൽകുകയായിരുന്നു. വിദ്യാർഥിനിയുടെ വീട്ടുകാരെയും പൊലീസിനെയും സ്വാധീനിക്കാൻ ലീഗ് നേതാവ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ ലീഗ് നേതാവ് പതിനാലുകാരി നേരിടേണ്ടി വന്ന പോക്സോ നിയമപ്രകാരമുള്ള കേസൊതുക്കാൻ ശ്രമിച്ചത് ബദിയടുക്കയിലെ യുഡിഎഫിലും ചർച്ചയായിട്ടുണ്ട്. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യാർഥിനി ജോലിക്കുനിന്ന വീട്ടുടമ അബൂബക്കർ, ഇയാളുടെ ഭാര്യ സൗറാബി എന്നിവർ പ്രതികളാണ്. അബൂബക്കർ ഇപ്പോൾ വിദേശത്താണ്. പീഡനവിവരം പൊലീസിലെത്തിയതോടെ സൗറാബി ഒളിവിലാണ്.