25 August Sunday

മഴ കനത്തു; പൊഴിയൂരിൽ കടൽഭിത്തി തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കടലാക്രമണത്തിൽ പൊഴിയൂരിൽ കടൽഭിത്തി തകർന്ന നിലയിൽ

 --പാറശാല - 

പൊഴിയൂർ ഭാഗത്തെ തീരദേശമേഖലയിൽ കടലാക്രമണം രൂക്ഷം. പൊഴിയൂർ, കൊല്ലങ്കോട്, പരുത്തിയൂർ, പള്ളിവിളാകം ഭാഗങ്ങളിലാണ് കടലാക്രമണമുണ്ടായത‌്. വെള്ളിയാഴ്ച രാത്രിവരെ നീണ്ടുനിന്ന കടലാക്രമണത്തിൽ ഇരച്ചുകയറിയ തിരമാലയിൽ പള്ളിവിളാകം ഭാഗത്തെ കടൽഭിത്തി തകർന്നു. നടപ്പാതയ‌്ക്ക‌് സമീപമുള്ള കടൽഭിത്തിയാണ‌് തകർന്നത്. തുടർന്ന്  നാട്ടുകാർ വലകെട്ടി ചാക്കിൽ മണ്ണ് നിറച്ച് ഈ ഭാഗത്തെ മണ്ണിടിച്ചിൽ തടഞ്ഞു. കടലാക്രമണത്തിൽ ചരിഞ്ഞ വൈദ്യുതി പോസ്റ്റ‌്  കെഎസ്ഇബി അധികൃതർ എത്തി പുനഃസ്ഥാപിച്ചു.  മത്സ്യത്തൊഴിലാളികൾ തീരത്തിനടുത്തുനിന്ന‌് മത്സ്യബന്ധന  ഉപകരണങ്ങൾ മുൻകൂട്ടി  മാറ്റിയതിനാൽ അവയ‌്ക്ക് നാശമുണ്ടായില്ല.
 
വർക്കല 
വർക്കലയിലും പരിസര പ്രദേശങ്ങളിലും പെയ്യുന്ന  മഴയിലും ശക്തമായ കാറ്റിലും ജനജീവിതം ദുസ്സഹമായി. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി ഇലക്ട്രിക് പോസ്റ്റിന്‌ മുകളിലൂടെ വീണ‌് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇടവ വെറ്റക്കട ദാറുൽ സലാമിൽ  അബ്ദുൽ ഫാസിലിന്റെ വീടിന് മുകളിലൂടെ മരം വീണ് വീട് ഭാഗികമായി നശിച്ചു.  വർക്കല കിളിത്തട്ട് മുക്ക് വാവുകട ചന്തയിൽ കൊന്നമരം കടപുഴകി വീണു. ആളപായമില്ല. ചന്തയിൽ കച്ചവടം ചെയ്തിരുന്ന അനിത (50)യുടെ കൈവിരലിന് പരിക്കേറ്റു. പിന്നീട‌് വർക്കല ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. തുടരെ പെയ്യുന്ന മഴയിൽ തീരദേശ മേഖലയിലേയും താഴ്ന്ന പ്രദേശങ്ങളിലേയും വീടുകളിൽ വെള്ളം കയറി.
പ്രധാന വാർത്തകൾ
 Top