24 February Sunday

പ്രായം തളർത്താത്ത പ്രതിഭയ്‌ക്ക്‌ വീണ്ടും അഗീകാരം

പി വിജിൻദാസ്‌Updated: Saturday Jul 21, 2018
ചെറുവത്തൂര്‍
പ്രായം തളര്‍ത്താത്ത പ്രതിഭക്ക് അര്‍ഹതക്കുള്ള അംഗീകാരമായി കേരള പൂരക്കളി അക്കാദമിയുടെ ഫെലോഷിപ്പ്. 93‐ാം വയസിലും പൂരക്കളിയെ നെഞ്ചോട് ചേർത്തുപിടിച്ച്‌  ഇന്നും സജീവമായി തുടരുന്ന അച്ചാംതുരുത്തിയിലെ പുതിയപുരയില്‍ അമ്പുവിനാണ് അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചത്. 
പൂരക്കളി എന്നാല്‍ അമ്പുവേട്ടന് ജീവനാണ്. വടക്കന്‍ കേരളത്തില്‍ ഒാരോ പൂരോത്സവം വന്നെത്തുമ്പോഴും  പൂരക്കളി കളിക്കാനും പഠിപ്പിക്കാനും നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരപ്പന്തലില്‍ അമ്പുവേട്ടന്റെ സാന്നിധ്യമുറപ്പാണ്‌. ഇടറാത്ത ചുണ്ടുകളും പിഴയ്ക്കാത്ത ചുവടുകളുമായി അമ്പുവേട്ടന്‍ ഇന്നും  സജീവമായുണ്ട്. പൂരമാലയിലെ 18 നിറങ്ങളും ഗണപതിപ്പാട്ട്, നല്ലൂപ്പാട്ട്, രാമായണം ഇരട്ട, രാമായണം ഒറ്റ, കാമന്‍പാട്ട്, അങ്കം ചായല്‍ പട തുടങ്ങിയ കളികള്‍ താളച്ചുവട്‌ പിഴക്കാതെ അവതരിപ്പിക്കാന്‍ പതിവുതെറ്റാതെ ഈ വയസിലും അദ്ദേഹത്തിന്‌ സാധിക്കും. 
ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്‌തമായി നിരവധി കളികള്‍ കോര്‍ത്തിണക്കിയുള്ളവയും  ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരങ്ങിലെത്താറുണ്ട്. പത്തുവയസ് മുതല്‍ പൂരക്കളിയെ നെഞ്ചേറ്റി അതിന്റെ ഓരോ ചുവടും ചലനങ്ങളും പാട്ടും സ്വായത്തമാക്കുകയായിരുന്നു. ജില്ലക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിലും പൂരക്കളിയിലെ നിറസാന്നിധ്യമായി മാറി. നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 
പൂരക്കളിക്ക് നല്‍കിവരുന്ന ഫോക്‌ലോർ അക്കാദമി അവാര്‍ഡ് 2001ല്‍ ഇദ്ദേഹത്തിനായിരുന്നു. ജില്ലക്ക് അകത്തും പുറത്തുമായി നിരവധി ശിഷ്യഗണങ്ങള്‍ അമ്പു പണിക്കർക്കുണ്ട്‌.  അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ അനന്തനും പൂരക്കളി രംഗത്ത് സജീവമാണ്.
 
പ്രധാന വാർത്തകൾ
 Top