05 July Tuesday
കെഎപി ആറാം ബറ്റാലിയൻ

പെരുവണ്ണാമൂഴി അനുയോജ്യമെന്ന്‌ എഡിജിപി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

കെഎപി ആറാം ബറ്റാലിയനുവേണ്ടി പെരുവണ്ണാമൂഴിയിൽ കണ്ടെത്തിയ സ്ഥലം സന്ദർശിക്കാനെത്തിയ ബറ്റാലിയൻ എഡിജിപി കെ പത്മകുമാർ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലുമായി സംസാരിക്കുന്നു

പേരാമ്പ്ര
കേരള ആംഡ് പൊലീസ് ആറാം ബറ്റാലിയൻ പെരുവണ്ണാമൂഴിയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി പുരോഗമിക്കുന്നു. ബറ്റാലിയനുവേണ്ടി പെരുവണ്ണാമൂഴിയിൽ കണ്ടെത്തിയ 40 ഏക്കർ സ്ഥലം അനുയോജ്യമാണെന്നും ഉടൻതന്നെ സർക്കാരിനും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് നൽകുമെന്നും സ്ഥലം സന്ദർശിച്ച ബറ്റാലിയൻ എഡിജിപി കെ പത്മകുമാർ പറഞ്ഞു. കേരള പൊലീസിൽ 34 വർഷത്തിനുശേഷമാണ് കെഎപിയുടെ പുതിയ ബറ്റാലിയൻ ആരംഭിക്കുന്നത്. ആറാം ബറ്റാലിയന്റെ താൽക്കാലിക ക്യാമ്പ് വളയത്ത് പ്രവർത്തിക്കുന്നുണ്ട്. സ്ഥല ലഭ്യത, ഗതാഗത സൗകര്യം, ശുദ്ധജല ലഭ്യത എന്നിവയാണ് പെരുവണ്ണാമൂഴിക്കുള്ള അനുകൂല ഘടകങ്ങൾ. 2012ൽ സിആർപിഎഫ് കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ പെരുവണ്ണാമൂഴിയിൽ ജലസേചന വകുപ്പിന്റെ 40 ഏക്കർ സ്ഥലം അനുവദിച്ചിരുന്നു. തറക്കല്ലിട്ടതല്ലാതെ പത്തുവർഷമായിട്ടും സിആർപിഎഫ് കേന്ദ്രത്തിന്റെ ഒരു നിർമാണ പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല. സംസ്ഥാന സർക്കാർ ഭൂമി തിരിച്ചെടുത്ത് പുതിയ സംരംഭം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി ഇതേ ആവശ്യമുന്നയിച്ച് ഐകകണ്ഠ്യേന പ്രമേയം പാസാക്കി സർക്കാരിന്‌ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ബറ്റാലിയൻ എഡിജിപിയും സംഘവും പെരുവണ്ണാമൂഴി സന്ദർശിച്ചത്. എഡിജിപി പെരുവണ്ണാമൂഴി ഐബിയിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിലുമായി ചർച്ച നടത്തി. കണ്ണൂർ മാങ്ങാട്ടുപറമ്പ് കെഎപി കമാൻഡർ വി വിവേക് കുമാർ, അസിസ്റ്റന്റ്‌ കമാൻഡർ സുരേഷ് കുമാർ, ഇൻസ്പെക്ടറും ആറാം ബറ്റാലിയൻ ഇൻ ചാർജുമായ എം കെ ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‌പി ജയൻ ഡൊമിനിക് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top