03 July Sunday

ജലജന്യരോ​ഗങ്ങള്‍ക്കെതിരെ ജാ​ഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
കൊല്ലം
ട്രോളിങ് നിരോധനവും മഴക്കാലവും മുൻനിര്‍ത്തി ജലജന്യരോ​ഗങ്ങൾ തടയാൻ ജാ​ഗ്രത വർധിപ്പിക്കും. കലക്ടർ അഫ്‌സാന പർവീണിന്റെ നേതൃത്വത്തിൽ ചേംബറിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. നടപടികൾ ജൂൺ 15നകം പൂർത്തീകരിക്കണം. 
വെള്ളം 
കെട്ടിനിൽക്കരുത്‌
ബോട്ടിലും ബോട്ട്‌ ജെട്ടിയിലും ബോട്ടുകൾക്ക് ചുറ്റുമുള്ള ടയറിലും യാർഡിലും വെള്ളം കെട്ടിനിര്‍ത്തരുത്. ഡെങ്കിപ്പനി വ്യാപനം തടയാൻ ലക്ഷ്യമിട്ടാണിത്. ടയറുകളിൽ വെള്ളം കെട്ടാതിരിക്കാൻ ചുറ്റും ദ്വാരങ്ങൾ ഇടണം. ബോട്ടിനുള്ളിലും ടാങ്കുകളിലും വെള്ളം തങ്ങുന്നതിന് ഇടയാക്കരുത്. നിരന്തര ശുചീകരണം അനിവാര്യം.
31വരെ 
ശുചീകരണം 
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടം പൂർണമായി ഇല്ലാതാക്കുന്നതിന്റെ  ഭാഗമായി 31വരെ ശുചീകരണ ക്യാമ്പയിൻ നടക്കും. 24ന് പൊതുസ്ഥലം, 26ന് സ്ഥാപനം, 28ന്  വീടുകൾ എന്നിങ്ങനെ ശുചീകരിക്കും. ശുചിത്വ മിഷൻ പ്രവർത്തകർക്കും ഹരിതകർമസേനയ്‌ക്കും പ്രത്യേക പരിശീലന പരിപാടിയാണ് നടത്തുക. എല്ലാ വാർഡിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. 
ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ആർ സന്ധ്യ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ സുഹൈർ, ഹാർബർ എൻജിനിയർ സുനിൽ സാമുവൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ജോസ് കെ ജോർജ്, ശക്തികുളങ്ങര മെഡിക്കൽ ഓഫീസർ ഷീബ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
27 പേർക്ക് ഡെങ്കി 
ജില്ലയിൽ 27പേർക്ക്  ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 80പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ (ബ്രാക്കറ്റിൽ വാർഡ് നം.)  താമരക്കുളം, ഉളിയക്കോവിൽ, തങ്കശേരി, തിരുമുല്ലവാരം, കടപ്പാക്കട, ഉദയ മാർത്താണ്ഡം പിഎച്ച്സി പ്രദേശം, തേവലക്കരയിലെ (4, 10), കുലശേഖരപുരം (17), ചവറ (5,10,13), ഇളമ്പള്ളൂർ (8), ഇട്ടിവ (3), തൃക്കരുവ (10), കെഎസ് പുരം (12,22), ആര്യങ്കാവ് (5,9), പാലത്തറ (32), അഞ്ചൽ (5,6,18), കുരീപ്പുഴ, കച്ചേരി, ചീവോട്, കമുകുംചേരി, കടശേരി, ചെക്കം.
4 എലിപ്പനി മരണം
ജില്ലയിൽ നാല് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി നിവാരണത്തിന്റെ ഭാഗമായി 23ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഡോക്സി വാഗൺ’ ക്യാമ്പയിൻ ആരംഭിക്കും. വെള്ളം തങ്ങിനിൽക്കുന്ന പ്രദേശങ്ങൾ, നിർമാണ സ്ഥലങ്ങൾ, തൊഴിലുറപ്പ് അംഗങ്ങളുടെ പ്രവർത്തനസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മരുന്നുവിതരണവും ബോധവൽക്കരണവും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top