03 July Sunday

പുരപ്പുറത്ത്‌ വെെദ്യുതി വിളഞ്ഞു 
46 ലക്ഷം യൂണിറ്റ്‌

സ്വന്തം ലേഖികUpdated: Saturday May 21, 2022
കൊല്ലം
പരിസ്ഥിതി സൗഹൃദ ഊർജോൽപ്പാദനം വർധിപ്പിക്കാനുള്ള കെഎസ്‌ഇബിയുടെ പുരപ്പുറ സൗരോർജ പദ്ധതി ‘സൗര’ വഴി കഴിഞ്ഞ ഒരു വർഷം ഉൽപ്പാദിപ്പിച്ചത്‌ 46ലക്ഷം യൂണിറ്റ്‌ വൈദ്യുതി. സൗരയിലൂടെ ബോർഡിന്റെ കൊല്ലം, കൊട്ടാരക്കര സർക്കിളിൽനിന്ന്‌ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്നത്‌ 3.203മെഗാവാട്ട്‌ (പ്രതിദിനം 12,812 യൂണിറ്റ്‌) വൈദ്യുതിയാണ്‌. ഊർജ കേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌  500 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018ൽ ആണ്‌  പുരപ്പുറ സൗരോർജ പദ്ധതി തുടങ്ങിയത്‌.
കൊട്ടാരക്കര സർക്കിളിൽ 162 പ്ലാന്റുകളിൽനിന്ന്‌ 1753 കിലോ വാട്ടാണ്‌ ഉൽപ്പാദനം. കൊല്ലം സർക്കിളിൽ 483 മേൽക്കൂരകളിൽനിന്നും 1600 കിലോവാട്ടും ഉൽപ്പാദിപ്പിക്കുന്നു. ഇതിനു പുറമെ  കെഎസ്‌ഇബി സ്വന്തം സ്ഥാപനങ്ങളിൽനിന്ന്‌ നേരിട്ട്‌  ഉൽപ്പാദിപ്പിക്കുന്ന റീസ്‌ പദ്ധതി പ്രകാരം കൊട്ടാരക്കരയിൽ 170കിലോ വാട്ടും കൊല്ലത്ത്‌ 680 കിലോ വാട്ടും ഉൽപ്പാദിപ്പിക്കുന്നുണ്ട്‌.
സൗര ഒന്നാം ഘട്ടത്തിൽ ബോർഡ്‌ തന്നെ പണം ചെലവഴിച്ച്‌ ഉപയോക്താക്കളുടെ കെട്ടിടങ്ങളിൽ പ്ലാന്റ്‌ സ്ഥാപിച്ച്‌   ഉപയോക്താക്കൾക്ക്‌ മൂന്ന്‌ വ്യത്യസ്‌ത പാക്കേജുകളിലായി വൈദ്യുതി നൽകുന്ന പദ്ധതിയാണ്‌ നടപ്പാക്കിയത്‌. ഇതിൽ കൊല്ലം, കൊട്ടാരക്കര സർക്കിളിൽ 90 ശതമാനം നിലയവും പൂർത്തിയായി. കൊല്ലം സർക്കിളിൽനിന്ന്‌ 850 കിലോ വാട്ടും കൊട്ടാരക്കരയിൽനിന്ന്‌ 510 കിലോ വാട്ടും ഗ്രിഡിലേക്കു നൽകുന്നു. ശേഷിച്ച അപേക്ഷകളിൽ ഈ വർഷം നിലയം സ്ഥാപിച്ച്‌  വൈദ്യുതി ഉൽപ്പാദനം തുടങ്ങും. രണ്ടാം ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഗാർഹിക ഉപയോക്താക്കളുടെ  കെട്ടിട മേൽക്കൂരകളിൽ ഗ്രിഡ്‌ ബന്ധിത നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയാണ്‌. ഒന്നു മുതൽ മൂന്നു കിലോ വാട്ട്‌ വരെ വൈദ്യുതി ഉൽപ്പാദനമാണ്‌ ലക്ഷ്യം.  
കൊല്ലത്ത്‌  200 ഗാർഹിക പ്ലാന്റിലായി 750കിലോ വാട്ട്‌  പദ്ധതി പൂർത്തിയാക്കി ഉൽപ്പാദനം തുടങ്ങി. നിലവിൽ അപേക്ഷ നൽകിയിട്ടുള്ള 2215 അപേക്ഷകരുടെ സൈറ്റ്‌ സർവെ പൂർത്തിയാക്കിയിട്ടുണ്ട്‌. അവയിൽനിന്നുള്ള  8500 കിലോ വാട്ട്‌ വൈദ്യുതി ഉൽപ്പാദനം അടുത്തമാസം തുടങ്ങാനുള്ള നടപടി ദ്രുതഗതിയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top