25 June Tuesday
പുതിയ പദ്ധതികൾ ഉദ‌്ഘാടനം ഉടൻ

കോട്ടക്കുന്ന‌് വിളിക്കുന്നു

സ്വന്തം ലേഖകൻUpdated: Tuesday May 21, 2019

കോട്ടക്കുന്നിലേക്ക്‌ എത്തുന്ന സഞ്ചാരികൾ

മലപ്പുറം
നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക‌് വിനോദസഞ്ചാരത്തിന്റെ പുതുകാഴ‌്ചകളൊരുക്കി കോട്ടക്കുന്ന‌് വിനോദസഞ്ചാരകേന്ദ്രം.  രണ്ടുകോടിയോളം രൂപയുടെ പദ്ധതികളാണ‌് കോട്ടക്കുന്നിൽ  ഒരുങ്ങിയത‌്. ഇതിന്റെ ഉദ‌്ഘാടനം ഒരു മാസത്തിനുള്ളിലുണ്ടാകുമെന്ന‌് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അധികൃതർ അറിയിച്ചു. 
ചെടികളും പൂക്കളും കൊണ്ട‌് അലംകൃതമായ നടപ്പാതയോടുകൂടിയ മിറാക്കിൾ ഗാർഡനാണ‌് പുതിയ പദ്ധതിയിൽ പ്രധാനം. 17 തരം ചെടികൾ പിടിപ്പിച്ചുണ്ടാക്കിയ ഗാർഡൻ കോട്ടക്കുന്നിന്റെ മുഖശ്രീ മാറ്റും. നൂറിനുമുകളിൽ വ്യത്യസ‌്ത പനിനീർ ചെടികളാണ‌് ഇതിൽ ക്രമീകരിച്ചത‌്. ഗാർഡനോട‌് ചേർന്ന‌് സൈക്കിൾ ട്രാക്കുമുണ്ട‌്. ഇത‌് തുറന്നിട്ട‌് ആഴ‌്ചകളായി. കുടിവെള്ളമായിരുന്നു ഇവിടെ എത്തുന്ന സന്ദർശകരെ വലച്ചിരുന്നത‌്. പുതിയ കിണർ നിർമിച്ചതോടെ ഇതിന‌് പരിഹാരമായി. ആവശ്യമായ അളവിൽ ചെടികൾക്ക‌് ജലമെത്തിക്കുന്ന പോയിന്റ‌് ടു പോയിന്റ‌് ജലസേചന സൗകര്യവും തയ്യാറാണ‌്. കോട്ടക്കുന്നിൽ എത്തുന്നവർക്ക‌് റേഡിയോ ശ്രവ്യസൗകര്യമൊരുക്കുന്ന  എഫ‌്എം സംവിധാനവും ഇവിടെയുണ്ട‌്. കോട്ടക്കുന്ന‌് കേന്ദ്രത്തിൽമാത്രം വ്യാപ്തിയുള്ള   ഇവയുടെ നിയന്ത്രണം സുരക്ഷാ മുറിയിൽനിന്നാണ‌്. അത്യാവശ്യ ഘട്ടത്തിൽ സുരക്ഷാ നിർദേശം കൈമാറാനും സാധിക്കും. 
സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ പദ്ധതിയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ‌്   നിർമാണം നടത്തിയത‌്. അംഗപരിമിതർക്കുള്ള ബാരിയർ ഫ്രീ പദ്ധതിയിലെ നടപ്പാതയാണ‌് മറ്റൊരു പ്രധാന വികസനം. ഇവർക്കായുള്ള സൗകര്യവികസനത്തിൽ ടോയ‌്‌ലറ്റ‌്, വീൽചെയർ, സ്ട്രച്ചർ എന്നിവയും ഒരുക്കിയിട്ടുണ്ട‌്. പ്രയാസരഹിതമായി കോട്ടക്കുന്നിന്റെ വിവിധ മേഖലകൾ സന്ദർശിക്കാൻ ഇതിലൂടെ അംഗപരിമിതർക്ക‌് സാധിക്കും. രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെയാണ‌് സന്ദർശകർക്ക‌് പ്രവേശനം. കോട്ടക്കുന്നിലെ പ്രധാന പ്രശ്നമായിരുന്ന മാലിന്യ വിഷയത്തിനും പരിഹാരമായിട്ടുണ്ട‌്. ഇതോടൊപ്പം കോട്ടക്കുന്നിലേക്കുള്ള റോഡുകളുടെ നവീകരണവും പൂർത്തിയായി. കേരളത്തിൽ കാലഭേദമില്ലാതെ സന്ദർശകർ ഒഴുകിയെത്തുന്ന പാർക്കുകളിൽ മുൻപന്തിയിലാണ‌് ഇവിടം. ശരാശരി ഒരു വർഷം 20 ലക്ഷത്തിനുമുകളിലാണ‌് ഇവിടെ എത്തുന്നവരുടെ എണ്ണം. മറ്റ് പാർക്കുകളെ അപേക്ഷിച്ച‌് എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കാവുന്ന കാഴ‌്ചകളും വിനോദങ്ങളും ഇവിടെയുണ്ട‌്. കോട്ടക്കുന്നിന്റെ വികസനത്തിന‌് എൽഡിഎഫ‌് സർക്കാർ നടത്തുന്ന  ശ്രമങ്ങളും എടുത്തുപറയേണ്ടതാണ‌്.
പ്രധാന വാർത്തകൾ
 Top