24 May Friday
ബൈപ്പാസ‌്

റെയിൽവേയുമായി ധാരണാപത്രം ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
 
ലെനി ജോസഫ‌്
ആലപ്പുഴ
ആലപ്പുഴ ബൈപ്പാസ‌് നിർമാണ കമ്പനിയായ ആർഡിഎസും റെയിൽവേയും വെള്ളിയാഴ‌്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇതോടെ റെയിൽവേ ലൈനിന‌് മുകളിലൂടെയുള്ള രണ്ട‌് സ‌്പാനുകളുടെ നിർമാണത്തിന‌് തടസ്സം ഒഴിവായി. അടുത്തദിവസം റെയിൽവേ അധിക‌ൃതർ ബൈപ്പാസ‌് സന്ദർശിക്കും. ജില്ലയിൽ വികസനത്തിന്റെ പുതുവാതായനം തുറന്ന‌് ആലപ്പുഴ ബൈപ്പാസ‌് നിർമാണം 98 ശതമാനം പൂർത്തിയായി. കളർകോടും കൊമ്മാടിയിലും അപ്രോച്ച‌് റോഡിന്റെ പണി അവസാനഘട്ടത്തിലാണ‌്. കോൺക്രീറ്റിങ‌് മാത്രമാണ‌് പൂർത്തിയാക്കാനുള്ളത‌്. സ‌്പാനുകളുടെ അടിവശത്ത‌് വിവിധ വർണത്തിൽ ലൈറ്റുകൾ സ്ഥാപിക്കും. 
നിർമാണം പൂർത്തിയാകുന്നതോടെ ആലപ്പുഴയിലെ ഗതാഗതക്കുരുക്കിന‌് പരിഹാരം കാണാനാകും. തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ നിർമാണം പൂർത്തീകരിച്ച‌് ഉദ‌്ഘാടനം നടത്താനാകുമെന്നാണ‌് പ്രതീക്ഷയെന്ന‌് മന്ത്രി ജി സുധാകരൻ പറഞ്ഞു. 
2015 ഏപ്രിലിൽ ആരംഭിച്ച ബൈപ്പാസ‌ിന്റെ നിർമാണം 85 ശതമാനവും പൂർത്തീകരിച്ചത‌് പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമാണ‌്. പൈലുകൾ, പൈൽ ക്യാപ്പുകൾ, പിയറുകൾ, പിയർ ക്യാപ്പുകൾ എന്നിവ നിർമിച്ചു. യുഡിഎഫ‌് ഭരണകാലത്ത‌് തൂണുകൾ സ്ഥാപിച്ചതല്ലാതെ അപ്രോച്ച‌് റോഡിന്റെ  പണിപോലും തുടങ്ങിയിരുന്നില്ല.  
റെയിൽവേ ലൈനിന‌് മുകളിലൂടെ പോകുന്ന രണ്ട‌് സ‌്പാനാണ‌് നിർമാണം വൈകാൻ കാരണം. റെയിൽവേയാണ‌് ഇത‌് നിർമിക്കേണ്ടത‌്. സ‌്പാൻ എത്തിച്ചെങ്കിലും വൈദ്യുതി സംവിധാനം അഴിച്ചുമാറ്റുന്നതിന‌് ഏഴുകോടി രൂപ കെട്ടിവയ‌്ക്കാത്തതിനാൽ റെയിൽവേ ബോർഡ‌് നിർമാണത്തിന‌് അനുവാദം നൽകിയില്ല. എംപി എന്ന നിലയിൽ കെ സി വേണുഗോപാൽ ഇടപെടാത്തതും നിർമാണം പ്രതിസന്ധിയിലാക്കി. സംസ്ഥാനത്തിന്റെ നിവേദനത്തെത്തുടർന്ന‌് ദക്ഷിണ റെയിൽവേ പണം എഴുതിത്തള്ളിയെങ്കിലും റെയിൽവേ സെൻട്രൽ ബോർഡ‌് ഇത‌് അനുവദിച്ചില്ല.
തുടർന്ന‌് സംസ്ഥാന സർക്കാർ ഏഴുകോടി രൂപ അടയ‌്ക്ക‌ുകയായിരുന്നു. കേന്ദ്രം തരേണ്ട മൂന്നരക്കോടി പിന്നീട‌് വാങ്ങിയെടുത്താൽ മതിയെന്ന‌്  തീരുമാനിച്ചാണ‌് പണമടച്ചത‌്. സംസ്ഥാന സർക്കാരിന്റെ ഈ നടപടിയാണ‌് റെയിൽവേയുമായി ധാരണാപത്രം ഒപ്പിടാൻ സാഹചര്യമൊരുക്കിയത‌്. 176 കോടി വീതം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ മുടക്കിയാണ‌് ബൈപ്പാസ‌്നിർമാണം. പ്രവൃത്തി പൂർണമായും നടത്തിയത‌് സംസ്ഥാനമാണ‌്.
പ്രധാന വാർത്തകൾ
 Top