23 May Thursday

ട്രാന്‍സ്ജെൻഡര്‍ പദവിയോടെ കന്നിവോട്ട് ഹൃദയപക്ഷത്തിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
തൃശൂർ> ‘തങ്ങൾക്ക് ട്രാൻസ്ജെൻഡർ പദവി നൽകി അംഗീകരിച്ച ഇടതുപക്ഷത്തിനാണ് കന്നിവോട്ട്. മുൻകാലങ്ങളിൽ വോട്ട് ചെയ്യാറുണ്ടെങ്കിലും ഇത്തവണ ഏറെ അഭിമാനത്തോടെയാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്' ഇത് പറയുമ്പോൾ ഷഫ്നയുടെ  കണ്ണുകളിൽ തിളക്കം.
 
ജനിതകപ്രശ്നങ്ങളാലും തങ്ങളുടേതല്ലാത്ത കുറ്റത്താലും അകറ്റിനിർത്തപ്പെട്ടവരെ  സമൂഹവുമായി സർക്കാർ കൂട്ടിയിണക്കിയതിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർ ആഹ്ലാദത്തിലാണ്. ജില്ലയിൽ 26 പേർക്കാണ് ട്രാൻസ്ജെൻഡേഴ‌്സ‌് പദവിപ്രകാരം തിരിച്ചറിയൽ കാർഡ് നൽകിയത്. കാർഡില്ലെങ്കിലും നൂറുകണക്കിന് ട്രാൻസ്ജെൻഡേഴ‌്സിന‌് സർക്കാർ ജീവിതസുരക്ഷയേകുന്നുണ്ട്.
 
ജില്ലയിൽ ആദ്യമായി മതിലകത്ത് ട്രാൻസ്ജെൻഡേഴ‌്സ‌് കുടുംബശ്രീ യൂണിറ്റായി കിരണം രൂപീകരിച്ചു. ഇതിന് സംസ്ഥാന സർക്കാർ അംഗീകാരംനൽകി. ഈ യൂണിറ്റിലെ അംഗങ്ങൾക്ക് കലക്ടർ നേരിട്ട് വിളിച്ചാണ് ട്രാൻസ്ജെൻഡർ പദവിപ്രകാരമുള്ള തിരിച്ചറിയൽ കാർഡ് നൽകിയതെന്ന് കുടുംബശ്രീ യൂണിറ്റ് സെക്രട്ടറികൂടിയായ ഷഫ്ന ഷാഫിക് പറഞ്ഞു.
 
ഇടതുപക്ഷം ഭരിക്കുന്ന മതിലകം ബ്ലോക്ക് ഭാരവാഹികൾ സാമൂഹ്യപ്രവർത്തനങ്ങളിൽ  തങ്ങളേയും കണ്ണിചേർക്കുന്നതിൽ അഭിമാനമുണ്ടെന്നും ഷഫ്ന പറഞ്ഞു. മതിലകം പഞ്ചായത്തിന്റെ സിഡിഎസ് ഹാളിൽ രണ്ടാഴ്ചകൂടുമ്പോൾ ഒത്തുചേരാൻ സൗകര്യമൊരുക്കി.  യൂണിറ്റിനുള്ള സർക്കാർ അംഗീകാരമായി 15,000 രൂപ റിവോൾവിങ് ഫണ്ട്  മന്ത്രി എ സി മൊയ്തീനാണ് വിതരണം ചെയ്തത്. കുടുംബശ്രീ സംരംഭം വഴി ഡാൻസ് വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നതിനും മേക്കപ്പ് സാധനങ്ങൾ വിൽക്കുന്ന കട തുടങ്ങാനും ലക്ഷ്യമുണ്ട്.   ടെയ‌്‌ലറിങ് യൂണിറ്റും ആരംഭിക്കും.
 
ഇത്തരം യൂണിറ്റുകളിലൂടെ തൊഴിലവസരവും ജീവിതസുരക്ഷയും ഉറപ്പാക്കാനാവും. ഇതിനെല്ലാം വഴി തുറന്നത് ഇടതുപക്ഷ സർക്കാരാണ്. സർക്കാർ മേഖലയിലെ താൽക്കാലിക ഒഴിവുകളിൽ തങ്ങളെ പരിഗണിച്ചാൽ കൂടുതൽ ജീവിത സുരക്ഷ ലഭിക്കും. ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷഫ്ന പറഞ്ഞു.
പ്രധാന വാർത്തകൾ
 Top