27 May Wednesday
കൈത്തറി സ്‌കൂള്‍ യൂണിഫോം

നെയ്‌ത്ത്‌ കൂലി വിതരണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020

നാരുവാമൂട് നേമം എച്ച്‌ 68 സംഘത്തിലെ രാമൻകുട്ടി തനിക്ക് കിട്ടിയ കൂലിയുമായി

തിരുവനന്തപുരം
സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം നെയ്ത തൊഴിലാളികൾക്കുള്ള കൂലി വിതരണം തുടങ്ങി. 30 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ഇതോടെ സ്‌കൂൾ യൂണിഫോം നെയ്തവർക്ക്‌ ഇതുവരെ കൂലിയായി നൽകിയ തുക 154 കോടിയാകും. സ്റ്റേറ്റ് ബാങ്ക് വഴിയും ജില്ലാ സഹകരണ ബാങ്കുകൾ വഴിയുമാണ് കൂലി വിതരണം. 
 
തിരുവനന്തപരും ജില്ലയിലാണ് കൂടുതൽ കൂലി. 14.3 കോടി രൂപ. കണ്ണൂരിൽ 5.33 കോടിയും കോഴിക്കോട്  2.25 കോടിയും ഹാൻവീവിന് 4.4 കോടി രൂപയുമാണ് നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും നെയ്ത്തുകാർക്ക് ആശ്വാസമേകാനാണ് അടിയന്തരമായി പണം അനുവദിച്ചത്. മാസം ശരാശരി 2500 രൂപയിൽ താഴെ ലഭിച്ചിരുന്ന സ്ഥാനത്ത് എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ പതിനെട്ടായിരം രൂപ വരെ ലഭിക്കുന്നു. അടുത്തിടെ, സ്‌കൂൾ യൂണിഫോം നെയ്യുന്നവർക്കുള്ള മിനിമം കൂലി വർധിപ്പിച്ചിരുന്നു. ഇതിലൂടെ ദിവസവേതനത്തിൽ 170 രൂപ മുതൽ 186 രൂപയുടെ വരെ വർദ്ധനയുണ്ടായി.
 
ഒപ്പം സ്പിന്നിങ്ങ് മില്ലുകളിൽ നിന്ന് വാങ്ങിയ നൂലിനും ഡൈയിങ്ങിനുമുള്ള തുകയും നൽകുന്നുണ്ട്. കൈത്തറി ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന കൈത്തറി സംഘങ്ങളുടെയും തൊഴിലാളികളുടെയും അക്കൗണ്ടിലേക്കാണ് പണം നൽകുന്നത്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷനിൽനിന്നാണ് ആവശ്യമായ തുക ലഭ്യമാക്കിയത്. കൈത്തറി –- നെയ്ത്തു മേഖലയുടെയും വിദ്യാഭ്യാസ മേഖലയുടെയും സംരക്ഷണത്തിന്റെ ഭാഗമായി എൽ ഡി എഫ് ഗവൺമെന്റ് ആരംഭിച്ചതാണ് സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി. 
കൈത്തറി യൂണിഫോം പദ്ധതിയെ അഭിനന്ദിച്ച കേന്ദ്ര സർക്കാർ, പദ്ധതി മാതൃകയാക്കണമെന്ന് മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. പദ്ധതിയിലൂടെ തൊഴിലാളികൾക്ക് കൂടുതൽ കൂലിയും തൊഴിലും ലഭിച്ചുവെന്നും കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലുണ്ട്.

 

പ്രധാന വാർത്തകൾ
 Top