25 May Monday

പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം

സ്വന്തം ലേഖകന്‍Updated: Saturday Mar 21, 2020

പയ്യന്നൂർ ഷോപ്രിക‌്സ‌് സൂപ്പർ മാർട്ടിന‌് തീപിടിച്ചപ്പോൾ

പയ്യന്നൂർ
 പുതിയ ബസ്‌സ‌്റ്റാൻഡിന‌് സമീപം പ്രവർത്തിക്കുന്ന ഷോപ്രിക‌്സ‌് സൂപ്പർമാർട്ടിൽ തീപിടിത്തം. നാലുനില കെട്ടിടത്തിന്റെ മുകളിൽ ഷീറ്റിട്ട‌ ഗോഡൗണിന് അകത്തായിരുന്നു തീപിടിത്തം. വെള്ളിയാഴ‌്ച പകൽ 11.15 ഓടെയായിരുന്നു സംഭവം. അവിചാരിതമായുണ്ടായ  തീപിടിത്തത്തിൽ ഒരു കോടിയോളം രൂപയുടെ നഷ‌്ടം സംഭവിച്ചതായി ഷോപ്രിക‌്സ‌് ഉടമകൾ പറഞ്ഞു. 
സൂപ്പർ മാർക്കറ്റിലെ ഇലക‌്ട്രോണിക‌്സ‌് ഉപകരണങ്ങളാണ‌് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത‌്. ഇവിടെ ജീവനക്കാർക്കായി ഒരുക്കിയ മെസിനകത്തുനിന്നാണ്‌ പുക ഉയരുന്നത‌് ആദ്യം കണ്ടത‌്. പിന്നീട‌് നിമിഷ നേരംകൊണ്ട‌് തീ പടരുകയായിരുന്നു. ഉടൻ പയ്യന്നൂർ അഗ്നിസുരക്ഷാ സ‌്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിലുള്ള സംഘവും പയ്യന്നൂർ സിഐ എ വി ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ‌് സംഘവും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ചെങ്കിലും എറ്റവും മുകളിലത്തെ നിലയിലായതിനാൽ വെള്ളം എത്തിക്കുന്നതിന‌് ബുദ്ധിമുട്ട‌് നേരിട്ടു. ഇതിനിടെ ജീവനക്കാരെ മുഴുവൻ പുറത്തെത്തിച്ചു. ഒടുവിൽ കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വിവിധ അഗ്നിസുരക്ഷാസേനാ കേന്ദ്രങ്ങളിൽനിന്ന്‌ 21 ഫയർ എൻജിനുകളെത്തിച്ച‌ാണ‌് തീയണച്ചത‌്. 
വശങ്ങളിൽനിന്ന്‌ തീയണയ്‌ക്കുന്നതിനിടെ മുകളിലത്തെ ഷീറ്റ‌് ചൂടിൽ ഉരുകി താഴെ വീണത‌് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കെട്ടിടത്തിനകത്തുകൂടി കടക്കാൻ കഴിയാത്തതിനാൽ തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകളിൽനിന്നാണ‌് ആദ്യം തീയണക്കാൻ ശ്രമിച്ചത‌്. പിന്നീട‌് ക്രെയിനും വാട്ടർ ബ്രൗസറുകളും ഉപയോഗിച്ചാണ‌് തീ നിയന്ത്രണവിധേയമാക്കിയത‌്. അഗ്നിസുരക്ഷാവിഭാഗത്തിലെ 99 ജീവനക്കാർ നാട്ടുകാരുടെ സഹകരണത്തോടെ മൂന്ന‌് മണിക്കൂറെടുത്താണ‌് തീ പൂർണമായും അണച്ചത‌്. 
ആർക്കും ആളപായമില്ല. തീ താഴത്തെ നിലകളിലേക്ക‌് പടരാതിരുന്നത‌ിനാൽ വൻ ദുരന്തമാണ‌് വഴിമാറിയത‌്. റീജണൽ ഫയർ ഓഫീസർ പി രഞ്ജിത്ത‌്, ജില്ലാ ഫയർ ഓഫീസർ എൻ രാംകുമാർ,  കണ്ണൂർ ജില്ലാ പൊലീസ‌് മേധാവി യതീഷ‌് ചന്ദ്ര, പയ്യന്നൂർ താലൂക്ക‌് തഹസിൽദാർ കെ ബാലഗോപാലൻ,  തളിപ്പറമ്പ്‌ ഡിവൈഎസ‌്പി ടി കെ രത്നകുമാർ, സി കൃഷ‌്ണൻ എംഎൽഎ, പയ്യന്നൂർ ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എംടിപി നൂറുദ്ദീൻ, നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, പയ്യന്നൂർ വില്ലേജ‌് ഓഫീസ‌ർ കെ ഷാനി എന്നിവർ സ്ഥലത്തെത്തി. 
ജനക്കൂട്ടം ആശങ്കയുണർത്തി
കൊറോണ വൈറസ‌് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്നത‌് ഒഴിവാക്കണമെന്ന നിർദേശം അവഗണിച്ച്‌ നൂറുകണക്കിനാളുകൾ സ്ഥലത്തെത്തിയത‌് ആശങ്കയ്‌ക്കിടയാക്കി.  ഒടുവിൽ എസ‌്ഐ ശ്രീജിത്ത‌് കൊടേരിയുടെ നേതൃത്വത്തിൽ അനൗൺസ‌്മെന്റ‌് നടത്തിയാണ‌് ആൾകൂട്ടത്തെ പിരിച്ചുവിട്ടത‌്. 
 
 
പ്രധാന വാർത്തകൾ
 Top