22 July Monday

അതിജീവനത്തിന്റെ അക്ഷരങ്ങളില്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019
തലശേരി
ആർഎസ്എസ്സുകാർ വെട്ടിമാറ്റിയ വലതുകൈ ചലനമറ്റപ്പോഴും പെരുവിരലറ്റ ഇടതുകൈയിലാണ് ഏറെ ശ്രമകരമായ ആ ദൗത്യം പി ജയരാജൻ പൂർത്തിയാക്കിയത്. ഇടതുകൈയും വിരലുകളും എഴുത്തിന് വഴങ്ങാതെ തെന്നിമാറിയപ്പോൾ, നിരന്തര പരിശ്രമവും ഫിസിയോതെറാപ്പിയും ചേർന്നപ്പോഴാണ് വിരലുകൾ പേനക്ക് വഴങ്ങിയത്. പി ജയരാജന്റെ ഇഛാശക്തിയുടെയും അതിജീവനശ്രമത്തിന്റെയും സാക്ഷ്യമാണിന്ന് വായനലോകം ശ്രദ്ധിച്ച ‘സംഘർഷങ്ങളുടെ രാഷ്ട്രീയ’മെന്ന പഠന ഗ്രന്ഥം. ‘വെൻ ദി വീൽസ് ഓഫ് ഫാസിസം റൺ’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകമാകട്ടെ ദേശീയതലത്തിലും ശ്രദ്ധനേടി. 
മരണത്തിന്റെ നൂൽപാലം കടന്ന് ജീവിതംതൊട്ടശേഷം പി ജയരാജൻ ആദ്യംനടത്തിയത് കണ്ണൂരിലെ സംഘർഷങ്ങളുടെ അടിവേരുതേടിയുള്ള അന്വേഷണമായിരുന്നു. മാതൃഭൂമി, ദേശാഭിമാനി പത്രങ്ങളുടെ പഴയലക്കങ്ങളിലൂടെ ദിവസങ്ങൾ നീണ്ട പഠനം.  ഗണേഷ്ബീഡി കമ്പനി പൂട്ടി സ്ഥലംവിട്ടതും ദിനേശ്ബീഡി പ്രസ്ഥാനത്തിന്റെ ഉദയവുമടക്കമുള്ള ചരിത്രം. ശാരീരികവിഷമതകൾ അലട്ടിയപ്പോഴും മാസങ്ങളോളം മനസ് അതിന് പിന്നാലെ യാത്രചെയ്തു. എൽജെഡി സംസ്ഥാന അധ്യക്ഷനും മാതൃഭൂമി ജോയിന്റ് മാനേജിങ്ങ് ഡയരക്ടറുമായ എം വി ശ്രേയാംസ്‌കുമാറിന്റെ സഹായവും ഈ അന്വേഷണത്തിലുണ്ടായി. മാതൃഭൂമിയുടെ പഴയലക്കങ്ങൾ ശേഖരിച്ചത് അദ്ദേഹത്തിന്റെ സഹായത്തോടെയാണ‌്. 
ശരീരമാസകലം വെട്ടിനുറുക്കപ്പെട്ട് എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴുള്ള സഖാവ് സി കണ്ണന്റെ സന്ദർശനമാണ് ഒരർഥത്തിൽ ആ പുസ്തകത്തിന്റെ പിറവിക്ക് നിമിത്തമായത്. വധശ്രമത്തെ ന്യായീകരിച്ചുള്ള ആർഎസ്എസ്സിന്റെ നോട്ടീസിനെക്കുറിച്ച് സഖാവ് സിയാണ് സന്ദർശനത്തിനിടെ സൂചിപ്പിച്ചത്. ഒരാളെ കൊല്ലാൻ ശ്രമിക്കുക, അതിനെ ന്യായീകരിച്ച് പ്രചാരണം അഴിച്ചുവിടുക. കണ്ണൂരിലെ ആർഎസ്എസ്സിന്റെ ആ പതിവ് ശൈലിയായിരുന്നു പി ജയരാജൻ വധശ്രമത്തിന് ശേഷവും. അക്രമരാഷ്ട്രീയത്തിന്റെ ഉത്തരവാദിയാക്കി സിപിഐ എമ്മിനെ ചിത്രീകരിച്ചുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രചാരണവും പുസ്തക രചനക്ക് പ്രേരണയായതായി പി ജയരാജൻ പറഞ്ഞു.
ആക്രമിക്കപ്പെടുമ്പോൾ ദേശാഭിമാനി കണ്ണൂർ യൂണിറ്റ് മാനേജറായിരുന്നു പി ജയരാജൻ. എറണാകുളത്തെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം കൊച്ചി ദേശാഭിമാനിയിലായിരുന്നു താമസം. ആർഎസ്എസ്സിന്റെ പല അപവാദപ്രചാരണത്തിന്റെയും മുനയൊടിക്കാൻ  തെളിവുകൾ സഹിതം ആ പുസ്തകത്തിൽ ഗ്രന്ഥകാരന് സാധിച്ചു. ആദ്യത്തെ ബീഡിക്കമ്പനി ആക്രമണം, മാറാട് കലാപം, തിരുവനന്തപുരം പൂന്തുറകലാപം, വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട്, പൂന്തുറ കമീഷൻ റിപ്പോർട്ട്, വർഗീയകലാപം സംബന്ധിച്ച് ക്രൈംറെക്കോഡ് ബ്യൂറോയുടെ റിപ്പോർട്ട് എന്നിവ ഉൾപ്പെടെ ആ ഗ്രന്ഥത്തിലുണ്ട്. 
വിശ്രമരഹിതമായ പ്രവർത്തനത്തിന്റെ മറ്റൊരു ഏടായിരുന്നു പി ജയരാജന് ഗ്രന്ഥരചന. കണ്ണൂരിലെ പാട്യം പഠന ഗവേഷണകേന്ദ്രം പ്രസിദ്ധീകരിച്ച ‘ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലിക പ്രവണതകളും’ പുസ്തകത്തിന്റെ എഡിറ്ററും അദ്ദേഹമായിരുന്നു.  ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച നിയോഗമെന്ന കഥയിലൂടെയാണ് സാഹിത്യത്തിൽ അടയാളപ്പെടുത്തിയത്. സമകാലിക വിഷയങ്ങളിൽ വിവിധ മാധ്യമങ്ങളിൽ എഴുതിയ ലേഖനങ്ങളും അനവധി.
പ്രധാന വാർത്തകൾ
 Top