04 June Thursday
രാത്രിയാത്രാ നിരോധനം

മുതലക്കണ്ണീരുമായി കോൺഗ്രസും ലീഗും

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020
സ്വന്തം ലേഖകൻ
കൽപ്പറ്റ 
കോഴിക്കോട്–-മൈസൂരു ദേശീയപാത 766 ലെ  രാത്രിയാത്ര നിരോധനക്കാര്യത്തിൽ  ബദൽപാത നിർദേശം അംഗീകരിക്കാനാവില്ലെന്ന്‌ കേരളം   അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടും  വിഷയത്തിൽ രാഷ്‌ട്രീയം കളിച്ച്‌ എംഎൽഎയും കൂട്ടാളികളും. ഈ നീക്കത്തിന്‌ കുഴലൂത്തുമായി ലീഗ്‌ മുഖപത്രവും രംഗത്തുണ്ട്‌. ജില്ലയിലെ ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത്‌ സുപ്രീം കോടതിയിൽ സർക്കാർ സത്യാവാങ്മൂലം  സമർപ്പിക്കുമ്പോഴാണ്‌ കേരളസർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രമായി നാടിനെയാകെ വഞ്ചിക്കുന്ന നിലപാട്‌ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണനും ചില കോൺഗ്രസ്‌ ലീഗ്‌ നേതാക്കളും സ്വീകരിക്കുന്നത്‌. സർക്കാർ നൽകിയ സത്യവാങ്‌മൂലത്തിൽ ബദൽപാത വേണ്ടെന്നും രാത്രിയാത്ര നിരോധനം നീക്കി സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. സംസ്ഥാനസർക്കാരിനെതിരായ നുണക്കഥകൾ ഓരോന്നായി സത്യവാങ്‌മൂലത്തിലൂടെ പൊളിയുമ്പോഴാണ്‌ പുതിയ നുണപ്രചരണങ്ങൾ ഉണ്ടാവുന്നത്‌. സർക്കാർ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന സ്ഥിരം പല്ലവി ആവർത്തിക്കുകയും മാനന്തവാടി–-ഗോണിക്കുപ്പ ബദൽപാതക്കായി നിലകൊളളുന്നു എന്ന പ്രചരണവുമാണ്‌ എംഎൽഎയുടെ ഭാഗത്തുനിന്നടക്കം ഉണ്ടാവുന്നത്‌.  അതേസമയം പുതിയൊരു ബദൽപാതക്കായുള്ള നീക്കവും എംഎൽഎ നടത്തുന്നുണ്ട്‌. ബത്തേരിയിൽനിന്നും വള്ളുവാടി വഴി  വനത്തിലൂടെ കർണാടകയിലെ ചിക്കബർഗിയിൽ  എത്തുന്നതാണ്‌ പാത. ബത്തേരിയിൽനിന്നും ഘോരവനത്തിലൂടെയാണ്‌   ഈ പാത കടന്നുപോകുന്നത്‌. വെറും കല്ലിട്ട റോഡാണിത്‌. ഈ റോഡ്‌ പുനർനിർമിക്കാനുള്ള നിർദ്ദേശമാണ്‌  എംഎൽഎയുൾപ്പടെയുള്ളവർ   മുന്നോട്ട്‌ വെക്കുന്നത്‌. രാത്രിയാത്രനിരോധനം നിലനിർത്തി രാഷ്ര്‌ട്രീയനേട്ടം കൊയ്യാനുള്ള ഗൂഡനീക്കമാണ്‌ ഇക്കൂട്ടർ നടത്തുന്നതെന്ന്‌ എൻഎച്ച്‌ ട്രാൻസ്‌പോർട്ട്‌ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 
      ഇതിനിടയിലാണ്‌ സർക്കാർ ദേശീയപാതയാത്രനിരോധനത്തിന്‌ അനുകൂലമായി നിലപാട്‌ "കടുപ്പിച്ചെന്ന്‌' ലീഗ്‌ പത്രം കണ്ടെത്തിയത്‌. വന്യജീവിസംരക്ഷണനിയമം കർശനമായി നടപ്പാക്കണമെന്ന്‌ സർക്കാരിന്റെ സത്യവാങ്‌മൂലത്തിൽ "കണ്ടെത്തിയ' പത്രം രാത്രിയാത്രനിരോധനം പിൻവലിക്കണമെന്ന്‌ സർക്കാർ വ്യക്തമാക്കിയത്‌ "കണ്ടിട്ടുമില്ല'.  
      ദേശീയപാതയിൽ  യാത്രനിരോധനം ഏർപെടുത്താൻ പറഞ്ഞ കാരണങ്ങൾ ബദൽപാതയ്‌ക്കും ബാധകമാണെന്ന്‌ കേരളം സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. അസമിലെ കാസിരംഗ ദേശീയ ഉദ്യാനം, മധ്യപ്രദേശിലെ കൻഹാ, പെഞ്ച്‌ കടുവാസംരക്ഷണകേന്ദ്രത്തിലും ഇല്ലാത്ത ഗതാഗത നിയന്ത്രണം ബന്ദീപ്പൂർ ദേശീയ ഉദ്യാനപരിസരത്ത്‌ ഏർപെടുത്തുന്നത്‌ വിവേചനമാണെന്നും സർക്കാർ  പറഞ്ഞിട്ടുണ്ട്‌. പാതായിൽ മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാൻ ആകാശപാതക്ക്‌ 250 കോടി രൂപ നീക്കിവെച്ചതും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇതെല്ലാം മറച്ച്‌ പിടിച്ചാണ്‌ നുണപ്രചാരണം. 
പ്രധാന വാർത്തകൾ
 Top