22 May Sunday

കുതിക്കും കെ റെയിൽ
സിഗ്നൽ ശുഭം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

കെ റെയിൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ 
സിൽവർലൈൻ പദ്ധതി അവതരിപ്പിക്കുന്നു.

കണ്ണൂർ
കെ–- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന  ആശങ്കകളും സംശയങ്ങളും തീർത്ത് കണ്ണൂർ ദിനേശ്‌ ഓഡിറ്റോറിയത്തിൽ നടന്ന  ജനസമക്ഷം–- സിൽവർ ലൈൻ വിശദീകരണ യോഗം.  ഉയർന്നുവന്ന സംശയങ്ങൾക്കും  കെ റെയിൽ എംഡി  വി അജിത് കുമാർ വ്യക്തമായ  മറുപടി നൽകി. 
സമാന പദ്ധതി: 
ധാരണയിലെത്തിയത്‌ 
10 സംസ്ഥാനങ്ങൾ
രാജ്യത്തെ 10 സംസ്ഥാനങ്ങൾ സിൽവർലൈൻ പോലുള്ള പദ്ധതിക്ക്‌ റെയിൽവേ മന്ത്രാലയവുമായി  ധാരണാപത്രം  ഒപ്പുവച്ചതായി കെ റെയിൽ എംഡി വി അജിത്‌കുമാർ പറഞ്ഞു.  കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. കേരളത്തിലെ ട്രെയിനുകളുടെ ശരാശരി വേഗം 45 കിലോമീറ്ററാണ്.12 മണിക്കൂറെടുത്താണ് അവ കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തെത്തുന്നത്‌. സിൽവർ ലൈൻ യാഥാർഥ്യമാവുന്നതോടെ  സമയം നാലുമണിക്കൂറാകും. 576 കിലോമീറ്ററുള്ള നിലവിലെ റെയിൽ പാതയിൽ 36 ശതമാനവും കൊടുംവളവാണ്‌.  626 ഇടങ്ങളിലെ വളവുകൾ തീർക്കണമെങ്കിൽ  കെ റെയിൽ പദ്ധതിക്ക്‌ വേണ്ടിവരുന്ന അത്രതന്നെ ഭൂമി ഏറ്റെടുക്കണം. റെയിൽവേ സർവീസ് ഭാഗികമായി നിർത്തി  വളവുനിവർത്താൻ ശ്രമിച്ചാലും പൂർത്തിയാവണമെങ്കിൽ വർഷങ്ങളെടുക്കും. അതിവേഗപാത നിർമിക്കാൻ സിൽവർലൈനിനേക്കാൾ ഇരട്ടിച്ചെലവ് വരും.  ടിക്കറ്റ് നിരക്കും കൂടും. ദേശീയപാതാ വികസനം പൂർത്തിയായാലും വാഹനപ്പെരുപ്പം തുടർന്നാൽ 10 വർഷംകൊണ്ട് ഗതാഗതക്കുരുക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ രൂക്ഷമാകുമെന്നും എംഡി പറഞ്ഞു. വികസനത്തിന് വേഗം കൂട്ടുന്ന  പദ്ധതിക്ക് എല്ലാ പിന്തുണയും യോഗത്തിൽ പങ്കെടുത്തവർ വാഗ്ദാനം ചെയ്തു. 
ദിനേശ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മന്ത്രി എം വി ഗോവിന്ദൻ  ഉദ്ഘാടനം ചെയ്‌തു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. കെ–- -റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടർ പി ജയകുമാർ,  ജനറൽ മാനേജർ ജി  അനിൽകുമാർ എന്നിവർ സംസാരിച്ചു.

മാടായിപ്പാറയിൽ ഭൂഗർഭ പാത

ജലസ്രോതസ്സുകൾ നശിക്കില്ല

കണ്ണൂർ
റെയിൽവേ പദ്ധതികൾക്ക് പരിസ്ഥിതി ആഘാതപഠനം ആവശ്യമില്ലെന്നാണ് ചട്ടമെങ്കിലും സിൽവർലൈൻ പദ്ധതിക്ക്‌ അത് നടപ്പാക്കിയിട്ടുണ്ടെന്ന്‌ ജനസമക്ഷം–- സിൽവർ ലൈൻ യോഗത്തിൽ അധികൃതർ പറഞ്ഞു. മാടായിപ്പാറയിലെ നിലവിലെ ജലസ്രോതസ്സുകൾക്ക് ഒരു വിധത്തിലുള്ള കോട്ടവും തട്ടാത്ത രീതിയിലായിരിക്കും ഭൂഗർഭപാത നിർമിക്കുക. ഗുരുതര രോഗികളെ കൊണ്ടുപോവുന്നതിനുള്ള മെഡിക്കൽ സൗകര്യങ്ങളും ട്രെയിനിലുണ്ടാകും. കെ–- റെയിൽ യാഥാർഥ്യമായാൽ യാത്രാസമയം വൻതോതിൽ കുറയും. 
കണ്ണൂരിൽനിന്ന് 35 മിനിറ്റിൽ കാസർകോട്ടും 39 മിനിറ്റിൽ കോഴിക്കോട്ടുമെത്താം. രണ്ട് ലൈനുകളിലൂടെ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്കും തിരിച്ചും മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ  37 ട്രെയിനുകളാണ് സർവീസ് നടത്തുക. 11  സ്റ്റോപ്പുകൾ. തിരക്കേറിയ സമയത്ത്‌  20 മിനിറ്റ്‌ ഇടവിട്ട് ട്രെയിൻ സർവീസ് നടത്തും. രാത്രിയും പകൽ തിരക്കുകുറഞ്ഞ സമയത്തുമാണ് ചരക്ക് ലോറികളുമായുള്ള റോ റോ സർവീസുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top