29 February Saturday

ജൈവകൃഷിക്കൊപ്പമാണ്‌ വാർഡ്‌ മെമ്പർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
മാന്നാർ
കഷ്ടപ്പെടാനൊരു മനസുണ്ടെങ്കിൽ എല്ലായിടത്തും വിജയം കാത്തിരിപ്പുണ്ടെന്ന്‌ ഓർമപ്പെടുത്തുകയാണ്‌ മുഹമ്മദ്‌ അജിത്തിന്റെ  കൃഷിയിടം. മാന്നാർ പഞ്ചായത്ത് 17–--ാം വാർഡ്‌ അംഗം പുത്തൂർ ഖദീജ മൻസിലിൽ മുഹമ്മദ് അജിതാണ്‌ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ജനപ്രതിനിധി. വീട്ടുവളപ്പിലും സമീപത്തെ സ്‌കൂളിലുമാണ്‌ ക്ഷീരകർഷകൻ കൂടിയായ മുഹമ്മദ്‌ അജിത്തിന്റെ ജൈവപച്ചക്കറി ക‌ൃഷി.  കാർഷിക ക‌ൃഷിക്ഷേമ വകുപ്പ് നടപ്പാക്കിയ സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതിയിൽ മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്‌കൂൾ വളപ്പിലാണ് ക‌ൃഷിത്തോട്ടമൊരുക്കി വിളവെടുത്തത്‌. ചീര, പടവലം, വെണ്ട, പാവൽ, പച്ചമുളക്, പയർ തുടങ്ങിയ ജൈവകൃഷിയുടെ കേന്ദ്രമാണ്‌ നായർ സമാജം സ്‌കൂൾ.  
ദിവസവും രാവിലെ വെള്ളമൊഴിച്ചും വളമിട്ടും മുഹമദ്‌ അജിത്‌ കൃഷിക്ക്‌ മേൽനോട്ടം വഹിക്കുന്നുണ്ട്‌. കഴിഞ്ഞ വർഷമാണ് സ്‌കൂൾ വളപ്പിൽ പച്ചക്കറി ക‌ൃഷിയെന്ന ആശയവുമായി മുഹമ്മദ് അജിത് രംഗത്തിറങ്ങിയത്. ചെറിയ തോതിൽ തുടങ്ങിയ ക‌ൃഷി ഇപ്പോൾ വ്യാപിപ്പിച്ചിട്ടുണ്ട്‌.  
വിളവെടുത്ത പച്ചക്കറി  സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.  ക‌ൃഷി ഓഫീസർ പി രജനി, സ്‌കൂൾ പ്രധാനാധ്യാപിക ടി പ്രീതാകുമാരി, മാനേജ്മന്റ്, പി ടി എ, വിദ്യാർഥികൾ എന്നിവരുടെ പിന്തുണയും ക‌ൃഷിക്ക് പ്രയോജനപ്പെട്ടു. വീട്ടുവളപ്പിലെ കൃഷിവിളവെടുപ്പിന്‌ പാകമായിട്ടുണ്ട്‌. 
സിപിഐ എം വെസ്‌റ്റ്‌ ലോക്കൽ കമ്മിറ്റിയംഗം, സിഐടിയു ഏരിയ ജോയിന്റ് സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി പഞ്ചായത്ത്തല ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അജിത്ത് ആറ്‌ പശുക്കളെയും പോത്തുകുട്ടികളെയും വളർത്തുന്നുണ്ട്‌. ഭാര്യ അനിമോളും ക‌ൃഷിക്ക്‌ ഒപ്പമുണ്ട്‌.
പ്രധാന വാർത്തകൾ
 Top