27 February Thursday

സമൃദ്ധിയിലേക്ക്‌ അപ്പർ കുട്ടനാടൻ പുഞ്ചപ്പാടങ്ങൾ

കെ സുരേഷ്‌കുമാര്‍Updated: Tuesday Jan 21, 2020
 
മാന്നാർ
അപ്പർകുട്ടനാട്ടിലെ ആയിരക്കണക്കിന് വരുന്ന കർഷകർ എല്ലാം മറന്ന് പുഞ്ചപ്പാടങ്ങളിൽ വിതയിറക്കി. വിതകഴിഞ്ഞ്‌ 10 മുതൽ 30 ദിവസം വരെ പിന്നിട്ട പാടശേഖരങ്ങളിൽ അടുത്ത നാലുമാസം കർഷകർക്ക് പ്രതീക്ഷയുടേയാണ്‌. 
ഒരിപ്പു ക‌ൃഷി മാത്രമുള്ള ചെന്നിത്തല, മാന്നാർ, പാണ്ടനാട്, ബുധനൂർ, പുലിയൂർ എന്നിവിടങ്ങളിലെ 4670 ഏക്കറിൽ  4200 ഏക്കറിലാണ് ഇക്കുറിക‌ൃഷി. ഹരിതകേരളം ചെങ്ങന്നൂർ സമൃദ്ധി പദ്ധതിയിലാണ്‌   ക‌ൃഷിയിറക്കിയത്. തരിശിട്ട പാടങ്ങളിൽ ക‌ൃഷിയിറക്കാനും ക‌ൃഷിവകുപ്പ്‌  വലിയ ഇടപെടൽ നടത്തുന്നുണ്ട്‌.  ഉമ, ജ്യോതി എന്നിവയാണ്‌ വിതച്ചത്‌. 
കഴിഞ്ഞ വിളവെടുപ്പ് മെച്ചപ്പെട്ടതായിരുന്നു. പാടശേഖര സമിതികളും കർഷക കൂട്ടായ്‌മകളും ചില പാടശേഖര സംഘങ്ങളുമാണ് ക‌ൃഷി ചെയ്യുന്നത്. ചെന്നിത്തലയിലും മാന്നാറിലും ജില്ലാസൗത്ത് മഹിളാ കിസാൻ ശാക്തീകരൺ പരിയോജനയും ഡിവൈഎഫ്‌ഐയും ക‌ൃഷിചെയ്യുന്നുണ്ട്‌. 
പായലും പോളയും ഉൾപ്പെടെ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട വാച്ചാൽ തോടുകൾ ശുചീകരിച്ച്‌ വെള്ളമൊഴുക്ക്‌ സുഗമമാക്കിയിട്ടുണ്ട്‌. 
ഇതര സംസ്ഥാന തൊഴിലാളികളും ഞാറുപറിക്കലിനും വരമ്പൊരുക്കലും രംഗത്തുണ്ട്‌. പാടങ്ങളിൽ വെള്ളമെത്തിക്കാൻ പി ഐ പി കനാലുകൾ ഉണ്ടെങ്കിലും മിക്കയിടങ്ങളിലും പൊട്ടിപൊളിഞ്ഞു നാശമായിട്ടുണ്ട്‌.   കനാലിന്റെ അറ്റകുറ്റപ്പണി നടത്തിയാൽ ഒരു പരിധി വരെ പാടങ്ങളിൽ ക‌ൃഷിക്കാവശ്യമായ വെള്ളമെത്തിക്കാൻ കഴിയുമെന്ന് കർഷകർ പറഞ്ഞു.
30ജ വർഷം തരിശ് കിടന്ന കുട്ടമ്പേരൂർ ആലക്കോട്ട് പാടത്ത് 50 ഏക്കറിൽ വിതച്ചു. പുറം ബണ്ട് നിർമിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തി പാടശേഖരത്ത്  വൈദ്യുതി എത്തിച്ച് മോട്ടോർപുരയുടെ പ്രവർത്തനം മെച്ചപ്പെടുത്തി. സജി ചെറിയാൻ എംഎൽഎ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ക‌ൃഷി ഓഫീസർമാർ, ജനപ്രതിനിധികളടക്കമുള്ളവർ ക‌ൃഷി മുന്നൊരുക്കവേളയിലെ വിവിധഘട്ടങ്ങളിൽ പാടശേഖരങ്ങളിലെത്തി നിർദേശവും നൽകുന്നുണ്ട്‌.   ക‌ൃഷി അഭിവൃദ്ധിപ്പെട്ടാൽ ഇരിപ്പൂ കൃഷി തുടങ്ങുമെന്നും കർഷകർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top