26 February Wednesday

പമ്പിൽനിന്ന്‌ പണം തട്ടുന്നതിനിടെ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
മാവേലിക്കര
പെട്രോൾ പമ്പിൽ നിന്നും പണവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പന്തളം തെക്കേക്കര മന്നംനഗറില്‍ ബിനു (അച്ചു–- 29) ആണ് അറസ്‌റ്റിലായത്. മിച്ചൽ ജങ്ഷന് പടിഞ്ഞാറ് ഭാഗത്തെ കടവിൽ പെട്രോൾപമ്പിൽ തിങ്കളാഴ്‌ച പകൽ 11നാണ് സംഭവം. ഐഒസി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ബിനു ഓഫീസിലെ ജീവനക്കാരിയോട് രേഖകൾ ആവശ്യപ്പെട്ടു. രേഖകൾ എടുക്കാൻ അടുത്ത മുറിയിലേക്ക് പോയപ്പോള്‍ മേശവലിപ്പിൽ നിന്ന്‌ 25,000 രൂപയെടുക്കുകയായിരുന്നു. 
ജീവനക്കാരി തിരികെയെത്തിയപ്പോൾ അടുത്ത പമ്പിൽ കയറിവരാം എന്നുപറഞ്ഞ് ബിനു പുറത്തിറങ്ങി. സംശയം തോന്നി മേശവലിപ്പ് പരിശോധിച്ചപ്പോൾ പണം നഷ്‌ടപ്പെട്ടെന്ന് മനസ്സിലായി. ഓട്ടോയിൽ കയറി രക്ഷപെടാൻ ശ്രമിച്ചതോടെ ജീവനക്കാർ ചേർന്നു പിടികൂടി പൊലീസിന് കൈമാറി.  
തല മൊട്ടയടിച്ചെത്തിയ ഇയാൾ വിരലടയാളം പതിയാതിരിക്കാൻ കൈകളിൽ ഫെവിക്വിക്ക് തേച്ചു പിടിപ്പിച്ചിരുന്നു. ആലപ്പുഴയിൽ നിന്നും മത്സ്യംവാങ്ങി കോട്ടയം മേഖലയിൽ കച്ചവടം നടത്തിവരികയാണ് ബിനു. ആലപ്പുഴയിൽ നിന്നും ബസിൽ വരുന്നവഴി തട്ടാരമ്പലത്തിലിറങ്ങി. ഇവിടെ പമ്പിൽ കയറാൻ ശ്രമിച്ചെങ്കിലും പമ്പിലെ തിരക്ക് കണ്ടപ്പോള്‍ പിന്മാറിയതായി ബിനു  പൊലീസിനോട് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top