17 February Sunday
വ്യാജ ഡോക‌്ടറെ ഇന്ന‌് കസ‌്റ്റഡിയിൽ വാങ്ങും

വിലസിയത്‌ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി

സ്വന്തം ലേഖകൻUpdated: Monday Jan 21, 2019
ആലപ്പുഴ
പിടിയിലായ വ്യാജ ഡോക‌്ടർ സി ജെ യേശുദാസ‌് ആശുപത്രികളിൽ കടന്നുകൂടി വിശ്വാസ്യത നേടിയെടുത്തത‌് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ എന്ന പേരിൽ. ചെറുകിട ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഡോക‌്ടർമാർ അവധിയെടുക്കുമ്പോഴും മറ്റും പകരത്തിന‌് പോവുകയായിരുന്നു പതിവ‌്. 2003ൽ  ചങ്ങനാശേരി   നാലുകോടിയിലെ ആശുപത്രിയിൽ ജോലിചെയ്യവേ അവിടുത്തെ ഡോക‌്ടറുടെ എംബിബിഎസ‌് സർട്ടിഫിക്കറ്റ‌് കൈക്കലാക്കി. ഈ സർട്ടിഫിക്കറ്റ‌് തിരുത്തി സ്വന്തം പേര‌് ചേർത്തു. സർട്ടിഫിക്കറ്റ‌് കാണാതെ പോയെങ്കിലും ഇക്കാര്യം യഥാർഥ ഡോക‌്ടറുടെ ശ്രദ്ധയിൽ പെടാതിരുന്നത‌് യേശുദാസിന‌് തട്ടിപ്പ‌് തുടരാൻ സഹായമായി.
പിന്നീടാണ‌് യേശുദാസ‌് എന്നുപേരുള്ള മറ്റൊരു ഡോക‌്ടർ ഗസറ്റിൽ പരസ്യംചെയ‌്ത‌് പേരുമാറ്റിയ വിവരമറിഞ്ഞ‌് ആ പേരിൽ രജിസ‌്ട്രേഷൻ സർട്ടിഫിക്കറ്റ‌് ചമച്ചത‌്. ജോൺ സൈമൺ എന്ന‌് പേര‌്  മാറ്റിയ ഡോക‌്ടറും തട്ടിപ്പ‌് തിരിച്ചറിയാൻ വൈകി. 
എംബിബിഎസ‌് സർട്ടിഫിക്കറ്റ‌് തട്ടിയെടുത്ത ആശുപത്രിയിൽ പിന്നീടും പലതവണ ജോലിക്കുപോയ യേശുദാസ‌് അവിടുത്തെ ഡോക‌്ടറുടെ എംബിബിഎസ‌് മാർക്ക‌് ലിസ‌്റ്റും മോഷ‌്ടിച്ച‌് സ്വന്തം പേരിലാക്കി. യേശുദാസിനെ അറസ‌്റ്റ‌്ചെയ‌്ത പൊലീസ‌് സംഘം അന്വേഷണവുമായി ബന്ധപ്പെട്ട‌് ഡോക‌്ടറെ സമീപിച്ചപ്പോഴും മാർക്ക‌് ലിസ‌്റ്റ‌് നഷ‌്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. പൊലീസ‌് ആവശ്യപ്പെട്ടതനുസരിച്ച‌് വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തിയപ്പോഴാണ‌് സർട്ടിഫിക്കറ്റ‌് നഷ‌്ടപ്പെട്ട വിവരമറിഞ്ഞത‌്. എളുപ്പത്തിൽ തിരിച്ചറിയാത്തവിധമാണ‌് രേഖകളിൽ ക‌ൃത്രിമം നടത്തിയിരിക്കുന്നതെന്നും ഇതിന‌് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും സൗത്ത‌് സിഐ കെ എൻ രാജേഷ‌് പറഞ്ഞു. 
 യേശുദാസ‌ിന‌് ചികിത്സാപ്പിഴവുകൾ സംഭവിച്ചിട്ടുണ്ടോയെന്നും പൊലീസ‌് അന്വേഷിക്കുന്നുണ്ട‌്. ഇതുവരെ അത്തരം പരാതികൾ പൊലീസിന‌് ലഭിച്ചിട്ടില്ല. അതേസമയം അറസ‌്റ്റിലായ ഘട്ടത്തിൽ യേശുദാസ‌് നൽകിയ മൊഴിയിൽ ജോലിചെയ‌്തതായി പറയുന്ന തിരുവല്ലയിലെ ആശുപത്രിയിൽ മറ്റൊരു ഡോ. യേശുദാസിനെയാണ‌് നിയമിച്ചതെന്ന‌് ആശുപത്രി അധിക‌ൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട‌്. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണ‌്‌. തുടരന്വേഷണത്തിനായി യേശുദാസിനെ തിങ്കളാഴ‌്ച പൊലീസ‌് കസ‌്റ്റഡിയിൽ വാങ്ങും. അഞ്ചുദിവസത്തെ കസ‌്റ്റഡിയാണ‌് പൊലീസ‌് ആവശ്യപ്പെട്ടിരിക്കുന്നത‌്. 
ത്വക‌്‌രോഗ ചികിത്സകനായി അറിയപ്പെട്ടിരുന്ന യേശുദാസ‌് ചികിത്സിച്ചവരിൽ സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവരുണ്ട‌്. ഉന്നതരുൾപ്പെടെ പലരും ഇക്കൂട്ടത്തിലുണ്ടെങ്കിലും ഇവരാരും പൊലീസിനെ സമീപിച്ചിട്ടില്ല. ഇന്റർനെറ്റ‌ിൽനിന്ന‌് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചാണ‌് യേശുദാസ‌് മരുന്ന‌് നൽകിയിരുന്നത‌്.  
വ്യാജ ഡോക‌്ടറായി യേശുദാസ‌് സമ്പാദിച്ചത‌് വൻതുകയാണെന്ന‌് പൊലീസ‌് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട‌്. ഒരുകോടിയോളം രൂപ ചെലവാക്കിയാണ‌് ഇയാൾ വീട‌് പണികഴിപ്പിച്ചത‌്. രണ്ട‌് ആഡംബര കാറുകളും സ്വന്തമായുണ്ട‌്.

 

പ്രധാന വാർത്തകൾ
 Top