01 February Wednesday

ഹൃദയമൈതാനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022

 കണ്ണുകൾ ഈ രാവുമുതൽ കാറ്റുനിറച്ച പന്തിനുപിന്നാലെ. മൈതാനവാഴ്‌ചയിലേക്കും വീഴ്‌ചയിലേക്കും കൂർപ്പിച്ച്‌ കാതുകൾ. ചിന്തകളിൽ നിറയെ പ്രിയടീമിന്റെ കാൽവേഗം. വീടും നാടും തൊഴിലിടവും ഒറ്റ വർത്തമാനത്തിലേക്ക്‌ ചുരുങ്ങുന്നു. ബാക്കിയെല്ലാത്തിനും അവധികൊടുത്ത്‌ ജില്ലയാകെ ഖത്തറിലെ ടച്ച്‌ലൈനിലേക്ക്‌. ഉയരെ ഫുട്‌ബോൾ എന്ന ഒറ്റവികാരം. അതിന്റെ സൗന്ദര്യം. ലോകകപ്പ്‌ ഫുട്‌ബോളിന്‌ പന്തുരുളാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ മലപ്പുറത്തിന്റെ  പെൺമനസുകൾ പറയുന്നു. 

 

 

അല്ല, ഇബളേ... കപ്പ്‌ ബ്രസീലിനാ..

മലപ്പുറം
വീട്ടമ്മമാരും ഫുട്‌ബോൾ ചർച്ചകളിൽ സജീവമാണ്‌. കുടുംബശ്രീ യോഗങ്ങളിലും തൊഴിലുറപ്പ്‌ തൊഴിലാളികൾക്കിടയിലുമെല്ലാം മെസിയും നെയ്‌മറും റൊണാൾഡോയും കുടുംബക്കാരെപ്പോലെ. 
കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ മിക്കയിടങ്ങളിലും സ്‌ത്രീകൾക്കായി ഷൂട്ടൗട്ട്‌ മത്സരം, ഫുട്‌ബോൾ ക്വിസ്‌ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്‌.
കളിയൊന്നും വലിയ വശമില്ലെങ്കിലും പലരും വലിയ ആവേശത്തിൽ പന്തുതട്ടാൻ ഇറങ്ങി. കോഡൂർ പഞ്ചായത്ത്‌ കുടുംബശ്രീ റിസോഴ്‌സ്‌ സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ഗോൾ ചലഞ്ചിൽ വാർഡ്‌ മെമ്പർമാരും കുടുംബശ്രീ പ്രവർത്തകരും സജീവ പങ്കാളികളായി. ചലഞ്ചിൽ പങ്കെടുക്കാൻ എത്തിയവർ ലോകകപ്പ്‌ ചർച്ചകളിലേക്ക്‌ തിരിഞ്ഞതോടെ ചൂടേറി. മുംതാസും പി കെ ഷെരീഫയും അർജന്റീന കപ്പ്‌ അടിക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെ ആ പൂതി വേണ്ടെന്നും ട്രോഫി ബ്രസീലിനുള്ളതാണെന്നും ശ്രീജ കാവുങ്ങലും ഷബ്‌ന ഷാഫിയും തിരിച്ചടിച്ചു.
 
 
എന്റെ ടീം ഡച്ച്‌  
ഇഷ്ടപ്പെട്ട ടീം നെതർലാൻഡ്‌സ്‌ ആണ്‌. കളിക്കുകയും കളികാണാൻ തുടങ്ങുകയും ചെയ്‌ത കാലംമുതൽ ഡച്ച് ടീമിനോട്‌ വലിയ ഇഷ്ടമാണ്‌. മികച്ച കളി കാഴ്‌ചവയ്‌ക്കാൻ ടീമിന്‌ കഴിയും. ബ്രസീലും അർജന്റീനയും ഫ്രാൻസും ജർമനിയുമടക്കമുള്ള വമ്പൻ ടീമുകളുടെ നിരയുള്ളപ്പോൾ ആര്‌ കപ്പ്‌ അടിക്കുമെന്ന്‌ പ്രവചിക്കാൻ കഴിയില്ല. പക്ഷേ പന്തുതട്ടി തുടങ്ങിയ കാലംമുതൽ മനസിൽ ഇടംപിടിച്ച ടീമാണ്‌ നെതർലാൻഡ്‌സ്‌. 
ജംഷീന ഉരുണിയൻപറമ്പിൽ
(മുൻ സംസ്ഥാന താരം, 
മലപ്പുറം നഗരസഭാ കൗൺസിലർ)
 
മെസിയാണ്‌ താരം
മെസിയാണ്‌ ഇഷ്ടതാരം. അതുകൊണ്ടുതന്നെ അർജന്റീനയാണ്‌ ഇഷ്ട ടീം.  ഞങ്ങളുടെ ക്യാമ്പസിലെ ഭൂരിപക്ഷം പെൺകുട്ടികളും അർജന്റീനയുടെയും മെസിയുടെയും ഫാൻസാണ്‌. മെസി കപ്പുയർത്തുന്നത്‌ കാണാൻ കാത്തിരിക്കുകയാണ്‌.
ദിവ്യ പ്രകാശ്‌ 
(ജനറൽ ക്യാപ്‌റ്റൻ, 
ഗവ. വനിതാ കോളേജ്‌ മലപ്പുറം)
 
മെസിപ്പടക്കൊപ്പം
മെസിയോടുള്ള ഇഷ്ടമാണ്‌ അർജന്റീനയോടുള്ള ഇഷ്ടമായത്‌. മെസി വലിയ ആവേശമാണ്‌ പുതിയ കളിക്കാർക്ക്‌ തരുന്നത്‌. ഇത്രയും മനോഹരമായും വേഗത്തിലും കളിക്കുന്ന താരത്തെ കണ്ടിട്ടില്ല. ആ കളി കാണാൻതന്നെ എത്ര രസമാണ്‌. അതുകൊണ്ടുതന്നെ മെസിയുടെ ടീമാണ്‌ എന്റെയും ടീം. 
ഇ അപർണ
(ഗോൾ കീപ്പർ, ബാസ്‌കോ 
ഒതുക്കുങ്ങൽ)
 
പെരുത്ത്‌ ഇഷ്ടം അർജന്റീന
കുട്ടിക്കാലംമുതൽ ഇഷ്ടപ്പെട്ട കളിയാണ്‌ ഫുട്‌ബോൾ. അത്‌ പിന്നീട്‌ മെസി എന്ന കളിക്കാരനിലേക്കും അർജന്റീന ടീമിലേക്കും പടർന്നു. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പാണ്‌ ആദ്യമായി കണ്ടത്‌. സ്‌പെയിനാണ്‌ അന്ന്‌ ജേതാക്കളായതെങ്കിലും അർജന്റീനയാണ്‌ മനസിൽ കയറിപ്പറ്റിയ ടീം. അർജന്റീന കപ്പ്‌ നേടുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷ. കഴിഞ്ഞതവണ അർജന്റീന തോറ്റപ്പോൾ വലിയ സങ്കടംതോന്നി. 
കെ എസ്‌ മുരളിക
(എംഎ മലയാളം മൂന്നാം സെമസ്‌റ്റർ 
കലിക്കറ്റ്‌ സർവകലാശാലാ ക്യാമ്പസ്‌)
 
ചങ്കിലാണ്‌ മഞ്ഞപ്പട
ഇത്തവണ കപ്പ്‌ ബ്രസീലിനുള്ളതാണ്‌. നെയ്‌മറാണ്‌ ഇഷ്ടതാരം. മഞ്ഞപ്പടയുടെ കളി കാണാൻതന്നെ എന്തൊരു രസമാണ്‌. ടീമിനെ മുന്നോട്ടു നയിക്കുന്ന സുൽത്താനാണ്‌ നെയ്‌മർ. കളിഞ്ഞ ലോകകപ്പ്‌ നടക്കുമ്പോൾ പ്ലസ്‌ടുവിലായിരുന്നു. രാത്രിയിലെ കളിയെല്ലാം കണ്ടിരുന്നു. ഇത്തവണയും കളിയെല്ലാം കാണും. മഞ്ഞപ്പടക്ക്‌ കട്ട സപ്പോർട്ട്‌. 
പി പി ശ്രീലക്ഷ്‌മി
(എംഎ മാധ്യമപഠനം, ഒന്നാം സെമസ്‌റ്റർ
മലയാള സർവകലാശാല)
 
കാനറികൾ കുതിക്കും
ഫുട്‌ബോളിനൊരു താളമുണ്ട്‌. ആ താളം ബ്രസീലാണ്‌. സാംബ നൃത്തച്ചുവടുകളുമായുള്ള അവരുടെ കളിക്ക്‌ ഒരു സൗന്ദര്യമുണ്ട്‌. എല്ലാക്കാലവും ലോകകപ്പ്‌ ഫുട്‌ബോളിൽ വലിയ ശക്തിയായിനിൽക്കാൻ കാനറികൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അവരില്ലാത്ത ഒരു ലോകകപ്പും ഉണ്ടായിട്ടില്ല. അതും ബ്രസീലിനുമാത്രം അവകാശപ്പെട്ട നേട്ടമാണ്‌. എല്ലാക്കാലത്തും ശരാശരി മുകളിലുള്ള പ്രകടനം അവർ കാഴ്‌ചവച്ചു. അഞ്ചു തവണ കിരീടം നേടി. ഇത്തവണയും കരുത്തുറ്റ നിരയാണ്‌.
ലോകകപ്പിലെ വൻ ടീമുകൾക്കെല്ലാം മികച്ച നിരതന്നെയുണ്ട്‌. അതുകൊണ്ടുതന്നെ മത്സരങ്ങൾ കടുത്തതായിരിക്കും. കളി നടക്കുന്ന ദിവസം പുറത്തെടുക്കുന്ന സാങ്കേതികത്തികവ്‌, ഗോൾ സ്‌കോർ ചെയ്യൽ തുടങ്ങിയവയെ അനുസരിച്ചാകും ഫലം.  
യു ഷറഫലി
(മുൻ ഇന്ത്യൻ നായകൻ)
 
 
ചോര കൊണ്ടെഴുതുന്ന
ഇഷ്ടം ; 
രക്തദാനവുമായി കോട്ടക്കലിലെ 
അർജന്റീന ഫാൻസ്‌
കോട്ടക്കൽ
സ്വന്തം ടീമിനോടുള്ള ഇഷ്ടം നിങ്ങള്‍ക്ക് വാക്കുകളാക്കി ഫ്ലക്സില്‍ എഴുതാം,  താരത്തിന്റെ കട്ടൗട്ടാക്കി കെട്ടി ഉയര്‍ത്താം... എന്നാല്‍ രക്തംകൊണ്ട് പകരാനാകുമോ നിങ്ങളുടെ ഇഷ്ടം..? പറ്റും എന്നാണ് കോട്ടക്കൽ ഏരിയ അർജന്റീന ഫാൻസ് അസോസിയേഷന്റെ ഉത്തരം. അര്‍ജന്റീന ടീമിനോടുള്ള സ്‌നേഹം രക്തംകൊണ്ട് എഴുതാനുറപ്പിച്ചിരിക്കയാണ്‌ ഇവർ.  അതും മറ്റുള്ളവര്‍ക്ക് ഉപകാരമാകുന്ന തരത്തില്‍. 
ഞായറാഴ്ച സ്വകാര്യ ആശുപത്രിയിലെത്തി അര്‍ജന്റീന ഫാന്‍സ് രക്തദാനം നടത്തി  ടീമിനോടുള്ള കൂറുപ്രഖ്യാപിക്കും. രാവിലെ ഒമ്പതോടെ ചങ്കുവെട്ടി ജങ്‌ഷനിൽനിന്ന്‌ രക്തദാതാക്കളും കളിക്കമ്പക്കാരും അർജന്റീനയുടെ ജേഴ്സിയണിഞ്ഞ് ആശുപത്രിയിലേക്ക് നീങ്ങും. ഉപകാരപ്രദമായ പ്രവർത്തനങ്ങളാണ്‌ ആവേശമെന്നും അമ്പതിലധികം പേർ രക്തദാനത്തിനുണ്ടാകുമെന്നും കോ-ഡിനേറ്റർ നാസർ കാവതികളം പറഞ്ഞു.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top