07 December Tuesday

ഷോളയാറിലും പെരിങ്ങലിലും ജലനിരപ്പ്‌ 
കുറഞ്ഞു; ചാലക്കുടിക്ക്‌ ആശ്വാസം

സ്വന്തം ലേഖകൻUpdated: Wednesday Oct 20, 2021

തൃശൂർ

കേരള ഷോളയാറിലും പെരിങ്ങൽക്കുത്തിലും ജലനിരപ്പ്‌ കുറഞ്ഞതോടെ ചാലക്കുടിക്ക്‌ ആശ്വാസമാകുന്നു. തമിഴ്‌നാട്‌  നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിലും ജലനിരപ്പിൽ നേരിയ കുറവുണ്ട്‌. എന്നാൽ ബുധൻ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്‌ കണക്കിലെടുത്ത്‌ മൂന്നു ഡാമുകളും തുറന്നിരിക്കുകയാണ്‌. വെള്ളം ചാലക്കുടിപ്പുഴയിലേക്കാണ്‌ ഒഴുകുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. 
കേരള ഷോളയാറിൽ പരമാവധി ജലനിരപ്പായ 2,663 അടിയിലെത്തിയതോടെയാണ്‌ തിങ്കൾ ഡാമിന്റെ ഒരു ഷട്ടർ  ഉയർത്തി 25 ക്യുമെക്സ് വെള്ളം ഒഴുക്കിയത്‌. 
ചൊവ്വ 2662.7 അടിയായി വെള്ളം കുറഞ്ഞു. എന്നാൽ ഡാമിന്റെ ഒരു ഷട്ടർ തുറന്നിരിക്കുകയാണ്‌. ആവശ്യമെങ്കിൽ നാലു ഷട്ടറും തുറക്കാൻ അനുമതി നൽകി. പെരിങ്ങൽക്കുത്തിൽ തിങ്കൾ 420.8 മീറ്റർ വരെ ജലനിരപ്പ്‌ ഉയർന്നു. ചൊവ്വ 420 മീറ്ററായി കുറഞ്ഞു. 424.5 മീറ്ററാണ്‌ സംഭരണശേഷി. എല്ലാ ഷട്ടറുകളും ഒരു സ്ലൂയിസ്‌ വാൽവും തുറന്നിട്ടുണ്ട്‌.   
പറമ്പിക്കുളം ഡാം നിറഞ്ഞതോടെ 113.36 ക്യൂമെക്‌സ്‌ വെള്ളം തിങ്കൾ പെരിങ്ങൽക്കുത്തിലേക്ക്‌ ഒഴുക്കിയിരുന്നു. ഇത്‌ 34 ക്യുമെക്‌സായി കുറഞ്ഞു. പറമ്പിക്കുളത്ത്‌ 1825 അടിയാണ്‌ സംഭരണശേഷി. ഇതിൽ 1824.36 അടിയായതോടെയാണ്‌ കേരളത്തിലേക്ക്‌ തുറന്നുവിടുന്നത്‌. ചൊവ്വ ഇത്‌ 1824.25 അടിയായി കുറഞ്ഞു. എന്നാൽ തമിഴ്‌നാട്‌ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ തുറന്നിട്ടില്ല. 
നിലവിൽ 3291.35 അടിയാണ്‌ വെള്ളം. പൂർണശേഷിയായ 3295 അടിയിലേക്ക്‌ ഉയർന്നാൽ കേരളത്തിലെ ലോവർ ഷോളയാറിലേക്ക്‌ ഒഴുക്കും. തമിഴ്‌നാട്‌ നിയന്ത്രണത്തിലുള്ള തൂണക്കടവ്‌ ഡാം നിറഞ്ഞാലും പെരിങ്ങൽക്കുത്തിലേക്ക്‌ വെള്ളം തുറന്നുവിടും. വൃഷ്ടി പ്രദേശത്ത്‌ ബുധൻ കനത്ത മഴ ലഭിച്ചാൽ ഈ ഡാമുകൾ കൂടുതൽ തുറക്കാൻ സാധ്യതയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top