02 December Wednesday
വീടും സ്ഥലവും തട്ടിയെടുത്തെന്ന്‌

കോൺഗ്രസ്‌ നേതാവിന്റെ വീടുപടിക്കൽ കിടപ്പുരോഗിയുടെ സമരം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

തട്ടിപ്പിനിരയായ അനിൽ കുമാറും കുടുംബവും

 
കോവളം 
ബാങ്ക് വായ്പ എടുത്തു നൽകാമെന്ന് പറഞ്ഞ് ജില്ലാസഹകരണ ബാങ്കിലെ മുൻ ജീവനക്കാരനും കോൺഗ്രസ് പ്രാദേശിക നേതാവും ഭാര്യയും ചേർന്ന് കിടപ്പുരോഗിയുടെ 12 സെന്റ് ഭൂമി തട്ടിയെടുത്തതായി പരാതി. വസ്തു തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് ഇയാളുടെ വീടിന് മുന്നിൽ വീൽചെയറിൽ സമരമിരുന്ന രോഗിയെയും ഭാര്യയെയും  മകനെയും പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാനും ആക്രമിക്കാനും ശ്രമിച്ചു. 
കോട്ടുകാൽ മന്നംനഗർ എ എസ് ഭവനിൽ അനിൽ കുമാറും ഭാര്യ സിന്ധുവുമാണ് തട്ടിപ്പിനിരയായത്. കോട്ടുകാൽ കൊല്ലംകോണം രഞ്ജിനി നിവാസിൽ രാമചന്ദ്രൻ നായർക്കും ഭാര്യ പ്രേമകുമാരിക്കുമെതിരെയാണ്‌ പരാതി. 20 വർഷം മുമ്പ് അനിൽകുമാർ അപകടത്തിൽപ്പെട്ട് ശരീരം മുഴുവൻ തളർന്നിരുന്നു. ഭർത്താവിനെ ചികിത്സിക്കുന്നതിന് ഗതിയില്ലാതെ വന്നപ്പോൾ സിന്ധു കിടപ്പാടമായ 12 സെന്റ് ഭൂമി പണയപ്പെടുത്താൻ തീരുമാനിച്ചു.
 ബന്ധു കൂടിയായ രാമചന്ദ്രൻ നായരെ സമീപിച്ചപ്പോൾ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ്‌ സബ് രജിസ്ട്രാർ ഓഫീസിലേക്ക്‌ വരുത്തിച്ച്‌  ഭാര്യ പത്മകുമാരിയുടെ പേരിൽ വിലയാധാരമായി എഴുതി വാങ്ങുകയും മൂന്ന് ലക്ഷം രൂപ വായ്പയായി നൽകുകയും ചെയ്‌തു. വായ്പ അടച്ചു തീരുമ്പോൾ ആധാരം തിരികെ പതിച്ചു നൽകാമെന്നും പറഞ്ഞത്രേ. 
സിന്ധുവിന്റെ ബന്ധുക്കൾ പണം തിരികെ നൽകാൻ തയ്യാറായിട്ടും രാമചന്ദ്രൻ നായരും പത്മകുമാരിയും വസ്തു തിരികെ പതിച്ചു നൽകാൻ തയ്യാറാകുന്നില്ല. സെന്റിന് മൂന്ന് ലക്ഷത്തിലധികം രൂപ വിലയുള്ള 12 സെന്റ് ഭൂമിയാണിത്. 
ഗത്യന്തരമില്ലാതെയാണ് അനിൽ കുമാറും കുടുംബവും രാമചന്ദ്രൻ നായരുടെ വീട്ടുപടിക്കൽ സമരം ആരംഭിച്ചത്. സിപിഐ എം  പ്രവർത്തകർ അടക്കം നാട്ടുകാർ ഇടപെട്ടതോടെ തിങ്കളാഴ്ച രാത്രി 7.30 ഓടെ വിഴിഞ്ഞം സിഐ എസ് ബി പ്രവീൺ എത്തി ചൊവ്വാഴ്ച രാവിലെ നടപടി എടുക്കുമെന്ന ഉറപ്പിൽ  സമരം അവസാനിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top