21 November Thursday

പ്രായം പോയി പണിനോക്കട്ടെ !

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

കോമളപുരം ടൈനി ടോട്ട്സ് സ്‌കൂൾ ​​ഗ്രൗണ്ടിൽ നടന്ന വെറ്ററൻസ് റഗ്‌ബി മത്സരത്തിൽനിന്ന്‌

 
ആലപ്പുഴ
ബാബുലാൽ നീട്ടി നൽകിയ ക്രോസ്‌ ഐജിൻ കൈകളിലാക്കി. പിടിച്ചുവലിച്ച്‌ മെരുക്കാൻനിന്ന എതിരാളികളെ വകഞ്ഞുമാറ്റിയും വെട്ടിച്ചും 47–-ാം വയസിലും കിതയ്‌ക്കാത്ത വേഗതയോടെ ഗോൾ ലൈനിലേക്ക്. പ്രായം തളർത്താത്ത വീറോടെ റഗ്‌ബി കളിത്തട്ടിൽ അവർ ഏറ്റുമുട്ടിയത്‌ കാഴ്‌ചക്കാരിലും ആവേശം പടർത്തി. ജില്ലാ റ​ഗ്ബി അസോസിയേഷൻ അണ്ടർ 14 റ​ഗ്ബി സെവൻസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കോമളപുരം ടൈനിടോട്ട്സ് സ്‌കൂൾ ​​ഗ്രൗണ്ടിൽ നടന്ന വെറ്ററൻസ്‌ മത്സരത്തിലാണ്‌ പ്രായംമറന്ന്‌ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ഗ്രൗണ്ടിലിറങ്ങിയത്‌.
72 വസയുകാരൻ മുൻ ബോൾബാഡ്‌മിന്റൺ താരവും കെഎസ്‌ഇബി റിട്ട. എക്‌സിക്യൂട്ടീവ്‌ എൻജിനിയറുമായ കെ എൻ ഗിരീശനായിരുന്നു മുതിർന്നയാൾ. പന്തുമായി പായുന്നവരെ തടയുന്നതിനിടയിൽ പലരും ഗ്രൗണ്ടിൽ വീണു. ഒട്ടും തളരാതെ എതിരാളികൾക്കു പിറകെ വീണ്ടും. കണ്ടുനിന്നവർ കൈയടികളാൽ ആദരമേകി. 
 ജില്ലാ റ​ഗ്ബി അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. നിമ്മി അലക്‌സാണ്ടർ, കായികാധ്യാപകരായ പി ബി ഐജിൻ, ജി ഹെലെൻസി, ഇന്ത്യൻ ബാങ്ക്‌ മുൻ മാനേജർ ജോസഫ്‌ ബായോ, വൈഎംസിഎ ഡയറക്‌ടർ റോണി മാത്യു, റിട്ട. കൺസൾട്ടന്റ്‌ എൻജിനിയർ എം ദേവരാജ്‌, മുൻ കരസേന ഉദ്യേഗസ്ഥൻ ബാബുലാൽ, ബിഎഡ്‌ കോളേജ്‌ ലൈബ്രയേറിൻ പി കെ സന്ധ്യ, ജി ഇന്ദുലേഖ എന്നിവരാണ്‌ കളത്തിൽ ഇറങ്ങിയത്‌. ദേശീയതാരം ആന്ദ്ര ബി ലാലിന്റെ മാതാപിതാക്കളാണ്‌ ബാബുലാലും സന്ധ്യയും.
അണ്ടർ 14 ചാമ്പ്യൻഷിപ്പ്‌ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസി‍ഡന്റ് പി ജെ ജോസഫ് ഉദ്ഘാടനംചെയ്‌തു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നായി 96 കുട്ടികളാണ്‌ ചാമ്പ്യൻഷിപ്പിനെത്തിയത്‌. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ ടൈനിടോട്ട്സ് സ്‌പോർട്‌സ്‌ ഡെവലപ്പ്‌മെന്റ്‌ ക്ലബ്ബ്‌ ജേതാക്കാളായി.
പ്രധാന വാർത്തകൾ
 Top