15 November Friday

ആരവക്കൈകളില്‍

ജോബിൻസ‌് ഐസക‌്Updated: Sunday Oct 20, 2019
അരൂർ
ഉടലാകെ ആവേശം ഞൊറിഞ്ഞുടുത്ത് ഉടയാടകളിൽ ചുറ്റിക അരിവാൾ നക്ഷത്രം തുന്നി പടപ്പാട്ടുപാടി ദേശം ചുവടുവച്ചു. ചെങ്കൊടിച്ചേലിൽ അലിഞ്ഞ‌ അരൂരിന്റെ സായന്തനം ഇടതുപക്ഷത്തിന്റെ  വിജയവിളംബരമായി.  ഹ‌ൃദയവികാരമാണ‌്  ഇടതുപക്ഷമെന്ന് തുറന്നവാഹനത്തിൽ മനുവിനൊപ്പം  തലമുറകൾ ആർപ്പുവിളിച്ചു.  
ബലികുടീരങ്ങൾ ഉറങ്ങുകയല്ലെന്നും അനേകായിരം ഹ‌ൃദയങ്ങളിൽ ഇന്നും ഉണർന്നിരിക്കയാണെന്നും വിപ്ലവമണ്ണ‌് ഒറ്റുകാരെ ഓർമിപ്പിച്ചു. ഒരുമാസം നീണ്ട തെരഞ്ഞെടുപ്പ‌് പ്രചാരണം എൽഡിഎഫ‌് ഉശിരൻ കലാശക്കൊട്ടോടെ അവസാനിപ്പിച്ചു. 
  ഉച്ചവെയിലിനൊപ്പം ചൂടുപിടിച്ച‌്  സായാഹ്നത്തിലും  ഉരുകിത്തിളച്ച ചെമ്പടതാളത്തിൽ ഇളകിമറിയുകയായിരുന്നു ദേശീയ പാതയോരം. അകലെ കായലോളങ്ങൾക്കഭിമുഖമായി ചെങ്കൊടിച്ചന്തം,  കാറ്റായ് കടലായ് വയലാറിന്റെ മക്കൾ.  നാസിക് ബാൻഡുകൾ  മുറുക്കിയ താളവട്ടങ്ങളിൽ  യുവതയുടെ മേളപ്പെരുക്കം. ആടിത്തിമിർത്ത‌് ജനസാഗരം. അലറിപ്പാടി തീപ്പാട്ടുസംഘം, അലങ്കരിച്ച വാഹനങ്ങളിൽ അഴകലയായ‌് ആരവക്കൂട്ടങ്ങൾ, ന‌ൃത്തച്ചുവടുമായി ഫ്ലാഷ‌്മോബുകൾ...ചരിത്രം ആവർത്തിക്കാൻ  അരൂരിന്റെ അരങ്ങ‌്. തലമുറകൾ കൈമാറിവന്ന വിജയവിളക്ക‌്  അണയാതെ കാക്കാൻ മനു സി പുളിക്കൽ എന്ന ഇളമുറക്കാരൻ.   
   വഞ്ചിപ്പാട്ടിന്റെ താളം വയൽപ്പാട്ടിന്റെയും റാട്ടിന്റെയും സംഗീതവുമായി കലർന്ന‌് മാപ്പിളപ്പാട്ടിന്റെ ഇശൽ ഈണങ്ങളിലേക്ക‌് കടന്നപ്പോൾ താള വൈവിധ്യങ്ങളിൽ ആർപ്പുവിളിക്കയായിരുന്നു അരൂർ. ആരവങ്ങൾ പടപ്പാട്ടിന്റെ താളങ്ങളിലേക്ക‌് പകർന്നപ്പോൾ ഒറ്റമനസായ‌് ചേർന്നുനിന്ന മനുഷ്യർ  ഇടതുപക്ഷത്തിനായി മുദ്രാവാക്യം മുഴക്കി. ദിക്കുകൾ നടുങ്ങുന്ന ശബ്‌ദത്തിൽ പാതയോരം വീർപ്പുമുട്ടി. സ‌്നേഹക്കൈകൾ കോരിയെടുത്ത‌് പ്രചാരണവാഹനത്തിന്റെ മുകളിലേക്കെത്തിച്ച മനു ചിഹ്നം പതിച്ച പതാക ഉയർത്തിപ്പോൾ ജനം കൈയടിച്ചു. 
 അരൂരിന്റെ വികസനത്തുടർച്ചയ്‌ക്ക‌് മനുവിനെ വിജയിപ്പിക്കണമെന്ന‌് മന്ത്രി പി തിലോത്തമന്റെയും ആർ നാസറിന്റെയും  എ എം ആരിഫ‌് എംപിയുടെയും അഭ്യർഥന. സാക്ഷിയായി  എം വി ഗോവിന്ദൻ, സജി ചെറിയാൻ എംഎൽഎ, എം കെ ഉത്തമൻ തുടങ്ങിയ നേതാക്കൾ. ആവേശം ഉച്ചസ്ഥായിയിലെത്തി. സമയം 5.55 മൈക്ക‌് കൈയിലെടുത്ത‌് സി ബി ചന്ദ്രബാബു മുദ്രാവാക്യം വിളിച്ച‌് അവസാനിപ്പിച്ചു. ‘ചുറ്റിക അരിവാൾ നക്ഷത്രം’ അതാണ‌് നമ്മുടെ അടയാളം.   
പ്രധാന വാർത്തകൾ
 Top