18 September Wednesday

ഇവർക്ക്‌ പുനർനിർമിക്കണം ജീവിതം

പി സിതാരUpdated: Tuesday Aug 20, 2019

ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയ കീഴുപറമ്പ് തറമ്മൽ കോളനിയിലെ അമ്മു അടുപ്പിൽ തീകൂട്ടുന്നു ഫോട്ടോ: കെ ഷെമീർ

 
അരീക്കോട്
‘എല്ലാം പോയി,  ഇനി ആദ്യംമുതൽ തുടങ്ങണം’–- കീഴുപറമ്പ് തറമ്മൽ സുകുമാരന്റെ ഭാര്യ ബിന്ദു വിതുമ്പി. പ്രളയം വിഴുങ്ങിയ വീട്ടിലേക്ക് ഞായറാഴ്ചയാണ് ബിന്ദുവും കുടുംബവും തിരിച്ചെത്തിയത്. വസ്ത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങി  സകല സമ്പാദ്യവും നശിച്ചു. സർക്കാർ സഹായവും സാമ്പാദ്യവും ചേർത്താണ് വീടിന്റെ കോൺക്രീറ്റുവരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയത്.  നിർമാണം അവസാനിക്കാനിരിക്കയാണ്‌  ഗതിമാറിയൊഴുകിയ ചാലിയാർ ഈ കുടുംബത്തെ ദുരിതത്തിലാക്കിയത്. 
വീടിന്‌ സമീപത്തെ നാരായണൻ, ലക്ഷ്മി, ശങ്കരൻ, വേലായുധൻ, സുനിത, സുബ്രഹ്മണ്യൻ, സജിനി, സുകുമാരൻ, മാധവൻ, വിശ്വനാഥൻ, കൃഷ്ണൻകുട്ടി എന്നിവരുടെ വീടുകളും പ്രളയത്തിൽ മുങ്ങി. യുവജന സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ്‌ വീടുകൾ ശുചീകരിച്ചത്.  മഴമാറി മാനംതെളിഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും കീഴുപറമ്പുകാർ വീടുകളിലേക്ക് മടങ്ങി. ഒരായുസ്സിന്റെ അധ്വാനത്താൽ സ്വന്തമാക്കിയ വീടും സമ്പാദ്യങ്ങളുമെല്ലാം ചെളിയിൽ പുതഞ്ഞുകിടക്കുന്നതുകണ്ട്‌ സുനിതയുടെ ഉള്ളുപിടഞ്ഞു. ചാലിയാറിൽനിന്ന്‌ വെള്ളം ഇരച്ചുകയറുന്നതുകണ്ട് ജീവനുംകൊണ്ട് രക്ഷപ്പെട്ടതാണ് പ്രദേശവാസികൾ. ഒമ്പത്‌ ദിവസം ക്യാമ്പിലായിരിന്നു. ക്യാമ്പിൽ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. ഒന്നിനും കുറവുവന്നില്ല. രേഖകൾ വീണ്ടെടുക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ നൽകുന്നതിനുമെല്ലാം അധികൃതർ  സഹായിച്ചു.  നശിച്ചുപോയ വസ്ത്രങ്ങൾക്കുപകരം പുത്തൻ ഉടുപ്പുകൾ തന്നു. ആവശ്യത്തിന് അരിയും പലചരക്കും തന്ന്‌ സഹായിച്ചു. സഹായങ്ങളുമായി എത്തിയ ആരെയും മറക്കാനാകില്ല. ഒരാഴ്ച വലിയ തറവാട്ടിൽ താമസിച്ച അനുഭവമായിരുന്നുവെന്ന് ശങ്കരേട്ടൻ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top