16 September Monday

പള്ളി ആക്രമണം ഗൂഢാലോചനയെന്ന്‌ സംശയം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
മഞ്ചേശ്വരം
മഞ്ചേശ്വരം ഔർലേഡി ഓഫ്‌ മേഴ്‌സി ചർച്ചിനുനേരെ നടന്ന അക്രമത്തിന്‌ പിന്നിൽ ഗൂഢാലോചനയെന്ന്‌ സംശയം. സമീപപ്രദേശത്തെ മണൽകടത്തുമായി ബന്ധപ്പെട്ടുയർന്ന ചില പ്രശ്‌നങ്ങളെ വഴിതിരിച്ചുവിട്ടു രാഷ്‌ട്രീയമുതലെടുപ്പ്‌ നടത്താനുള്ള നീക്കമാണ്‌   പിന്നിലെന്ന ആരോപണം ശക്തമാണ്‌.
മണൽകടത്തുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങളുമായി ഈ ദേവാലയത്തിന്‌ ഒരു ബന്ധവുമില്ല.  പുലർച്ചെ മൂന്നരയോടെയായിരുന്നു അക്രമം. ഹെൽമറ്റിന്‌ പുറമേ മുഖംമൂടി ധരിച്ചു  വടിവാളുമായി മതിൽ ചാടി എത്തിയ അക്രമി പള്ളിയുടെ ജനൽ ചില്ലുകൾ തകർക്കുന്ന ദൃശ്യമാണ്‌ സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്‌. ആസൂത്രിതമായാണ്‌ അക്രമം എന്ന്‌ ഇതിൽനിന്ന്‌ വ്യക്തം. കഴിഞ്ഞ ദിവസം  മണൽകടത്തിനെതിരെ രംഗത്തിറങ്ങിയത്‌ നാട്ടുകാരാണ്‌.  
ജാതിമതഭേദമന്യേ  ജനങ്ങളുടെ പ്രതികരണമായിരുന്നു അത്‌.  പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അതിലില്ലായിരുന്നു.പിന്നെ എന്തിനാണ്‌ പള്ളിക്ക്‌ നേരെ  ആക്രമമെന്ന ചോദ്യമാണ്‌ ഉയരുന്നത്‌. സംഭവമറിഞ്ഞു നിരവധിയാളുകളും രാഷ്‌ട്രിയ–-മതനേതാക്കളും പള്ളിയിലെത്തി. എഎസ്‌പി ഡി ശിൽപയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘവും പരിശോധിച്ചു.  അന്വേഷണത്തിന്‌ പ്രത്യേക ടീമിനെ നിയോഗിച്ചതായും അവർ പറഞ്ഞു.  
 മണൽ കടത്ത്‌ ഈ പ്രദേശത്ത്‌ പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. മണൽ കടത്തിനെതിരെ രംഗത്തുവന്ന  അഞ്ചരഹൗസിൽ ഫെലിക്‌സ്‌ ഡിസൂസയുടെ ഭാര്യ റീത്ത ഡിസൂസയെ(55) കഴിഞ്ഞ ദിവസം വീട്ടിൽ കയറി  മണൽ കടത്തു സംഘത്തിലെ ഒരാൾ ആക്രമിച്ചു. സാരമായി പരിക്കേറ്റ അവരിപ്പോഴും ചികിത്സയിലാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌  അതേ പ്രദേശത്തുള്ള മുഹമ്മദ്‌ ഇസ്‌മയിൽ എന്നയാളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.  
 വൻ തോതിൽ മണലെടുത്തതിന്റെ ഫലമായി മൂന്നുകിലോമീറ്ററിലധികം ദൂരം  കടലോരത്ത്‌ വൻ കിടങ്ങ്‌ രൂപപ്പെട്ടിരിക്കുകയാണ്‌ .  ഇനിയൊരു കടൽ ക്ഷോഭമുണ്ടായാൽ ഇൗ ഭാഗം കടലെടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മണൽകടത്തുകാർക്കെതിരെ ശക്തമായ നടപടി പൊലീസ്‌ സ്വീകരിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്‌. 

 

പ്രധാന വാർത്തകൾ
 Top