17 September Tuesday

അനീഷ്‌ പുലിക്കോടിന്റെ പെയിന്റിങ്ങുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

 കാസർകോട്‌

അനീഷ്‌ പുലിക്കോടിന്റെ ക്യാൻവാസിൽ നിറയുന്നത്‌ കാരുണ്യത്തിന്റെ വർണങ്ങൾ. പ്രളയത്തിൽ സർവസ്വവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സ്വന്തം പെയിന്റിങ്ങുകൾ വിറ്റാണ്‌ ഈ 26കാരൻ പണം സ്വരൂപിക്കുന്നത്‌. ഫണ്ട്‌ ശേഖരണത്തിനെതിരായ പ്രചാരണം ഉള്ളുലച്ചപ്പോൾ ഈ സദ്‌ പ്രവർത്തിക്കൊപ്പം ചേരാൻ ആഗ്രഹം തോന്നി. കയ്യിൽ പണവുമില്ല. അങ്ങനെയാണ്‌ ഫെയ്‌സ്‌ബുക്കിൽ അനീഷ്‌ കുറിപ്പിട്ടത്‌. പണം നൽകിയ രസീത്‌ അയച്ചാൽ ചിത്രങ്ങൾ വരച്ച്‌ കൊറിയർ ചെയ്യാമെന്നായിരുന്നു വാഗ്‌ദാനം. നാട്ടിലും വിദേശത്തുമുള്ളവർ സംരംഭത്തോട്‌ പ്രതികരിച്ചു. 2000 രൂപ മുതൽ 10000 രൂപ വരെയാണ്‌ ഇങ്ങനെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ പോയത്‌. 
ചിത്രകല ശാസ്‌ത്രീയമായി പഠിക്കാത്ത അനീഷ്‌ സ്വപ്രയത്‌നം കൊണ്ടാണ്‌ ചിത്രകാരനായത്‌. ബിജു പാണപ്പുഴയുടെ കീഴിൽ മ്യൂറൽ പെയിന്റിങ്ങും പഠിച്ചു. മുന്നാട്‌ പുലിക്കോട്ടെ പരേതനായ ബാലകൃഷ്‌ണന്റെയും ബാലാമണിയുടെയും മകനാണ്‌. ഫ്രീലാൻസായി ചിത്രം വരയ്‌ക്കുകയാണ്‌ ഉപജീവനമാർഗം. കാഞ്ഞങ്ങാട്‌ കലാകാരന്മാരുടെ കൂട്ടായ്‌മ നടത്തിയ ‘അടയാളങ്ങൾ’ പ്രദർശനത്തിലേക്കും പെയിന്റിങ് നൽകിയിരുന്നു. അനീഷിന്റെ പെയിന്റിങ് വിൽപ്പനയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ അരലക്ഷം രൂപ എത്തി. സഹായിക്കാൻ മനസുകാട്ടിയവർക്ക്‌ ചിത്രങ്ങൾ വരയ്‌ക്കുന്ന തിരക്കിലാണ്‌ അനീഷ്‌. ഫോൺ: 9846711443.
പ്രധാന വാർത്തകൾ
 Top