20 February Wednesday

ചെങ്ങന്നൂരിലെ മഹാപ്രളയത്തിന‌് പല കാരണങ്ങൾ

ലെനി ജോസഫ്Updated: Monday Aug 20, 2018

ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ്‌ കോളേജിലെ ദുരിതാശ്വാസക്യാമ്പിൽ നടന്ന മെഡിക്കൽക്യാമ്പ്

 

ആലപ്പുഴ
മറ്റിടങ്ങളിൽനിന്ന‌് വ്യത്യസ‌്തമായി ചെങ്ങന്നൂർ മേഖലയിൽ പ്രളയം അതിരൂക്ഷമായതിന് പലകാരണങ്ങൾ. ഭൂമിശാസ‌്ത്രപരമായ പ്രത്യേകതകളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്ന് പരിസ്ഥിതിവിദഗ്ധനും ചെങ്ങന്നൂർ ക്രിസ‌്ത്യൻ കോളേജ് അധ്യാപകനുമായ ഡോ. ആർ അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.
ആറോ ഏഴോ കിലോമീറ്റർമാത്രം അകലത്തിൽ ഒഴുകുന്ന പമ്പയും മണിമലയാറും  ഒരുപോലെ കരകവിഞ്ഞ് നിരന്നൊഴുകുന്ന സാഹചര്യം ഇത്തവണ ഉണ്ടായതാണ് അതിൽ പ്രധാനം.  രണ്ട് ആറുകളിലെയും വെള്ളം സംയോജിച്ച് നിരന്നൊഴുകുന്ന സാഹചര്യം സമീപകാലത്ത് ഉണ്ടായിട്ടില്ല. ഇത് ചെങ്ങന്നൂരിലും ഇടനാട്ടിലും അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായി. 
ഡാമിന്റെ ഷട്ടറുകൾ  തുറന്നതിനൊപ്പം തുടർച്ചയായും ശക്തമായും ഉണ്ടായ മഴ രണ്ട് ആറുകളും നിരന്നൊഴുകി സംയോജിച്ച് ചെങ്ങന്നൂർ, തിരുവൻവണ്ടൂർ, കല്ലിശേരി, പാണ്ടനാട് തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിതി രൂക്ഷമാക്കി. വെള്ളം വലിച്ചെടുത്ത് വെള്ളപ്പൊക്കത്തെ  നിയന്ത്രിക്കുന്നത് ചതുപ്പുനിലങ്ങളാണ്. എന്നാൽ ചെങ്ങന്നൂർ മേഖലയിൽ പാടങ്ങളും കുളങ്ങളും തോടുകളുമെല്ലാം നികത്തപ്പെടുകയും അവിടെയൊക്കെ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുകയുംചെയ‌്തു. അതുകൊണ്ട് വെള്ളം വലിയാൻ ഇരട്ടിയിൽ കൂടുതൽ സമയമെടുത്തു.
  99 ലെ (1924 ജൂലൈ) വെള്ളപ്പൊക്കം അതിരൂക്ഷമായിരുന്നെങ്കിലും അന്ന് പല ഡാമുകളും ഇല്ലാതിരുന്നതിനാൽ ഷട്ടറുകൾ തുറന്നുള്ള വെള്ളപ്പാച്ചിൽ ഉണ്ടായിരുന്നില്ല. ഡാം അനിവാര്യമായതിനാൽ അതിനെ നിഷേധിക്കാകില്ലെങ്കിലും അത് ഒരു ഘടകമാണ്. നദിയിലെ സ്വാഭാവിക വെള്ളപ്പൊക്കം ഇത്രയും നഷ‌്ടങ്ങൾ വരുത്തില്ലെന്നതാണ‌് യാഥാർഥ്യം.
പന്തളത്തുണ്ടായ വെള്ളപ്പൊക്കം ആദ്യത്തേതായിരുന്നു. അച്ചൻകോവിലാറിന്റെ കൈവഴിയിൽ വനാന്തർഭാഗത്തുണ്ടായ ഒന്നിലേറെ ഉരുൾപൊട്ടലാണ്  ഒറ്റ രാത്രികൊണ്ട് അപ്രതീക്ഷിതമായി അവിടെ വെള്ളപ്പൊക്കം സ‌ൃഷ‌്ടിച്ചതെന്നാണ് കരുതുന്നത്.  ചായ‌്‌വുള്ള സ്ഥലത്തേക്ക് വെള്ളം നിരന്നൊഴുകുകയാണ്ചെയ്യുക. മഴ തുടർന്നിരുന്നെങ്കിൽ പന്തളത്തെത്തുടർന്ന് മാവേലിക്കര, ഹരിപ്പാട് മേഖലകളിൽ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു. 
ഈ ഘടകങ്ങൾ ഒന്നും ബാധിക്കാത്ത, തിരുവല്ലയ‌്ക്കടുത്ത പൊടിയാടിയിലും ഇത്തവണ വെള്ളപ്പൊക്കമുണ്ടായി. ഇവിടയൊന്നും ഒരിക്കലും വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല.  അതുകൊണ്ടുതന്നെ ഇപ്പോഴുള്ള പല നിഗമനങ്ങളും ശരിയാകണമെന്നില്ല. രക്ഷാപ്രവർത്തനത്തിന‌് മുൻഗണന നൽകുന്ന സമയം കഴിഞ്ഞ് ഇക്കാര്യത്തിൽ ശാസ‌്ത്രീയപഠനങ്ങളും വിലയിരുത്തലും ആവശ്യമാണ്.  99ൽ അപകടകരമായി വെള്ളം പൊങ്ങിയ തീരങ്ങളിലാണ് ഇപ്പോൾ പല കെട്ടിടങ്ങളുമുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളെപ്പറ്റി ശാസ‌്ത്രീയമായി പഠിക്കുകയും വെള്ളം ഉയർന്ന ലെവൽ രേഖപ്പെടുത്തുകയും വേണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top