15 December Sunday

തോരാമഴ; കെടുതി

സ്വന്തം ലേഖകൻUpdated: Saturday Jul 20, 2019

പെരുമ്പള്ളിക്ക് സമീപം റോഡിൽ കടൽ കയറിയപ്പോൾ

 

 
ആലപ്പുഴ
ജില്ലയിൽ മഴ കനത്തു. വ്യാഴാഴ‌്ച വൈകിട്ട‌് തുടങ്ങിയ മഴ വെള്ളിയാഴ‌്ചയും തോരാതെ പെയ‌്തു. കെടുതികളും പലയിടത്തുമുണ്ട‌്. മൂന്ന് വീടുകൾ തകർന്നു. കാറ്റിൽ മരം വീണ‌് വൈദ്യുതി പോസ‌്റ്റുകൾ പലയിടത്തും തകർന്നു. കാറിന‌് മുകളിലേക്കും മരം വീണു. ആർക്കും പരിക്കില്ല. മരം വീണ‌് ഗതാഗതവും തടസ്സപ്പെട്ടു. ആറാട്ടുപുഴയിലും കാട്ടൂരിലും കടൽക്ഷോഭമുണ്ട്. ആലപ്പുഴ നഗരത്തിലെ താഴ‌്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ‌്. 
ജില്ലയിൽ ശരാശരി 77.2 മില്ലിമീറ്റർ മഴ വെള്ളിയാ‌ഴ‌്ച പെയ‌്തെന്നാണ‌് കണക്ക‌്. ആലപ്പുഴയിലാണ‌് കൂടുതൽ പെയ‌്തത‌്.  
വ്യാഴാഴ‌്ച രാവിലെയാണ‌് മഴ തുടങ്ങിയത‌്. പിന്നീട‌് തോർന്നശേഷം വൈകിട്ട‌് ശക്തിപ്രാപിച്ചു. വെള്ളിയാഴ‌്ചവരെ നിർത്താതെപെയ‌്തു. വെള്ളിയാഴ‌്ച പകൽ ചിലയിടങ്ങളിൽ അൽപനേരം മഴ മാറിയതൊഴിച്ചാൽ ഇതുതന്നെയായിരുന്നു സ്ഥിതി. ചെങ്ങന്നൂർ താലൂക്കിൽ ഒരു വീട് പൂർണമായും കാർത്തികപ്പള്ളിയിൽ രണ്ട‌് വീട് ഭാഗികമായും തകർന്നു. ചെങ്ങന്നൂരിൽ ആഞ്ഞിലി വീണ‌്  തകർന്ന വീട്ടിൽനിന്ന‌് വൃദ്ധയടക്കം അഞ്ചുപേർ രക്ഷപ്പെട്ടു. ആലപ്പുഴ മാളികമുക്കിന് സമീപമാണ‌് രണ്ടു കാറുകൾക്ക് മുകളിൽ അക്കേഷ്യ വീണത‌്. പുന്നപ്രയിൽ രണ്ടിടത്ത‌് മരം ഒടിഞ്ഞുവീണ‌് ഗതാഗതം തടസ്സപ്പെട്ടു.  ആറാട്ടുപുഴയിൽ ക്യാമ്പ്‌ തുറന്നു. 4 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക‌് പ്രകാരം കൂടുതൽ മഴ ലഭിച്ചത‌് ആലപ്പുഴയിലാണ‌് –- 97.4 മീറ്റർ. കുറവ‌് പെയ‌്തത‌് ഹരിപ്പാട്ട‌് –- 45.6. ചേർത്തല –- 92, ചെങ്ങന്നൂർ –-88, മങ്കൊമ്പ‌് –- 83, കായംകുളം –79.6, മാവേലിക്കര–- 75 മി. മീറ്റർ എന്നിങ്ങനെയാണ‌്  വെള്ളിയാഴ‌്ച പകൽ ലഭിച്ച മഴയുടെ കണക്ക‌്. ജില്ലയിൽ രണ്ട‌് ദിവസംകൂടി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മഴയുടെ തീവ്രത ശനിയാഴ‌്ചയോടെ കുറയുമെന്നാണ‌് കാലാവസ്ഥാ പ്രവചനം.  
 

കൺട്രോൾ റൂം തുറന്നു  

ആലപ്പുഴ
കാലവർഷം ശക്തമായതോടെ കലക‌്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 0477–-2238630. സഹായങ്ങൾ ഈ നമ്പരിൽ അഭ്യർഥിക്കാം. കെടുതികളും അറിയിക്കാം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top