24 August Saturday

ഗതാഗത മേഖലയിൽ 218 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

 

ആലപ്പുഴ 
പ്രളയം തകർത്ത ഗതാഗത മാർഗങ്ങൾ പുനഃസ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ‌് ജില്ലയിൽ ചെലവഴിക്കുന്നത് 218 കോടി രൂപ. തകർന്ന റോഡുകൾ, പാലങ്ങൾ എന്നിവയുടെ അടിയന്തര അറ്റകുറ്റപ്പണിക്കായി പദ്ധതിയേതര ഫണ്ടിൽപ്പെടുത്തി 25 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ദീർഘകാല പുനർനിർമാണ പ്രവൃത്തികൾക്കായി 193 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എസി റോഡ് ആധുനീകരണത്തിന് 150 കോടിയുമുണ്ട‌്.
 പ്രളയത്തിൽ വെള്ളംനിന്ന് തകർന്ന റോഡുകൾ, പാലങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലയിൽ 144 പ്രവർത്തികൾക്കായാണ് 25 കോടിരൂപ അനുവദിച്ചത‌്. റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 23 കോടി രൂപയും പാലങ്ങളുടെ തകർന്ന കൈവരി, മറ്റ് അറ്റകുറ്റപ്പണി എന്നിവയ‌്ക്കായി രണ്ടുകോടി രൂപയുമാണ് അനുവദിച്ചത്. റോഡുകളുടെ അറ്റകുറ്റപ്പണിക്കായി അടിയന്തരമായി ഏറ്റെടുത്ത 132 പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കി. 12 പാലങ്ങളുടെ അറ്റകുറ്റപ്പണി കഴിഞ്ഞു. പ്രളയാനന്തരം ജില്ലയിൽ 375.562 കിലോമീറ്റർ റോഡുകളാണ് അറ്റകുറ്റപ്പണി നടത്തിയത്.   
പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിനായാണ‌് ദീർഘകാല അടിസ്ഥാനത്തിൽ 18 പ്രവൃത്തികളിലായി 193 കോടി അനുവദിച്ചത‌്. പ്രളയത്തിൽ  മുങ്ങിപ്പോയ ആലപ്പുഴ–-ചങ്ങനാശേരി റോഡിന്റെ (എസി റോഡ്) അത്യാധുനിക  രീതിയിലുള്ള പുനർനിർമാണത്തിനായി മന്ത്രി ജി സുധാകരൻ മുൻകൈയെടുത്ത് 150 കോടി രൂപ പ്രത്യേകമായി അനുവദിച്ചിരുന്നു. പ്രവൃത്തി തുടങ്ങുന്നതിന് മുന്നോടിയായുള്ള പരിശോധനകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റോഡിന്റെ സർവേ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പു പരിശോധിക്കുകയാണ‌്. ഗതാഗത സർവേയും ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രളയത്തിൽ റോഡ് മുഴുവൻ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് ദിവസങ്ങളോളം എസി റോഡിൽ ഗതാഗതം നിലച്ചിരുന്നു. തകർന്ന ഉപരിതലം മികച്ച നിലവാരത്തിൽ 11 കോടി രൂപ മുടക്കിയാണ‌് പുതുക്കിയത‌്.  വെള്ളം കയറിയ ചില ഭാഗങ്ങൾ ഉയർത്തിയാണ‌് റോഡ് നവീകരിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top