16 August Tuesday

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പീഡിയാട്രിക് ഐസിയു നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

 ധർമശാല

മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒരുക്കിയ പീഡിയാട്രിക് ഐസിയു മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു.  
മികച്ച സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികളുമായി ജനങ്ങൾ കൂടുതൽ അടുക്കണമെന്ന്  അദ്ദേഹം പറഞ്ഞു. രാജ്യത്ത് ശിശു മരണം, ഗർഭിണികളുടെ മരണം എന്നിവ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം–- മന്ത്രി  പറഞ്ഞു.  
ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ ഒരുക്കിയ സൗരോർജ പ്ലാന്റും മന്ത്രി നാടിന്‌ സമർപ്പിച്ചു. 
കാൽ നൂറ്റാണ്ടിന്റെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്‌റ്റർപ്ലാൻ മന്ത്രി  പ്രകാശിപ്പിച്ചു.   മന്ത്രി എം വി ഗോവിന്ദന്റെ  മണ്ഡലം ആസ്തി വികസന പദ്ധതിയിൽ 29.50 ലക്ഷം രൂപ വകയിരുത്തിയാണ്  ഐസിയു തുടങ്ങിയത്. നാല് ഐസിയു കിടക്ക, വെന്റിലേറ്റർ തുടങ്ങിയ സൗകര്യം  ഐസിയുവിലുണ്ട്‌.  
സംസ്ഥാന സർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ നിർമിച്ച 30 കിലോവാട്ട് ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റിൽനിന്ന്‌ പ്രതിദിനം 120 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും. 25 വർഷത്തേക്ക് ആവശ്യമായ മുഴുവൻ വികസന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുള്ള മാസ്റ്റർപ്ലാനാണ് കിറ്റ്‌കോ തയ്യാറാക്കിയത്. ഒമ്പത് നിലകളിലായി സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിവിധ സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ മാസ്‌റ്റർപ്ലാനിലുണ്ട്. ഭരണാനുമതി ലഭിച്ച മഴവെള്ള സംഭരണി, നാല് നിലകളുള്ള കാഷ്വാലിറ്റി- അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അഗ്നി സുരക്ഷ സംവിധാനം, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയുടെ സ്ഥാനവും പ്ലാനിൽ വ്യക്തമാക്കിയിട്ടുണ്ട്. 
 നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി.  കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയായി. ഡിഎംഒ ഇൻ ചാർജ്  എം പ്രീത, ഡോ. പി കെ അനിൽകുമാർ, കെഎസ്ഇബി  എക്‌സിക്യുട്ടീവ് എൻജിനിയർ ഇൻ ചാർജ് സാനു ജോർജ് എന്നിവർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി എം കൃഷ്ണൻ, കുറുമാത്തൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ വി എം സീന,  നഗരസഭ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ് കുഞ്ഞി, കൗൺസിലർ എം പി നളിനി, കെ സന്തോഷ്‌, ടി നാരായണൻ, പി വി അനിൽ, കെ സി സോമൻ നമ്പ്യാർ, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് എംഡി ഇ കുഞ്ഞിരാമൻ,   പി എൻ രാജപ്പൻ എന്നിവർ സംസാരിച്ചു.  ആശുപത്രി സൂപ്രണ്ട് ഡോ. സി കെ ജീവൻലാൽ സ്വാഗതവും   ഡോ. വൈശാഖ് വസന്ത് കുമാർ  നന്ദിയും പറഞ്ഞു.  കലാപരിപാടിയും അരങ്ങേറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top