04 August Wednesday

പൊന്നാണ്‌ പൊന്നാനി; 
പഠിച്ചുയരാൻ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

ഡോ. അനിൽകുമാർ (ഇടത്തേയറ്റം) ഫാത്തിമ ഇമ്പിച്ചിബാവ, 
ടി വെെ അരവിന്ദാക്ഷൻ എന്നിവർക്കൊപ്പം

പൊന്നാനി
പൊന്നാനിയിലെ വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠനസൗകര്യമൊരുക്കി കർണാടകയിൽനിന്നുള്ള മെഡിക്കൽ സംഘം. ചിക്കബൽപൂർ ജില്ലയിലെ ബാഗിപ്പള്ളിയിലെ പൊതുപ്രവർത്തകനും ഡോക്ടറുമായ അനിൽകുമാറിന്റെ നേതൃത്വത്തിലാണ്‌ 20 സ്‌മാർട്ട്‌ ഫോണുകൾ നൽകുന്നത്‌. പൊന്നാനി സിവിൽ സർവീസ് അക്കാദമിയുടെ
(ഐസിഎസ്ആർ) നേതൃത്വത്തിലുള്ള ഫോൺ ചലഞ്ചിലേക്കാണ്‌ സംഭാവന. 
പൊന്നാനിയുമായി 2018ലെ പ്രളയകാലത്താണ്‌ മെഡിക്കൽ സംഘം ബന്ധപ്പെടുന്നത്‌. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാണ്‌ അനിൽകുമാറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമെത്തിയത്‌. സിവിൽ സർവീസ് അക്കാദമിയിലായിരുന്നു പത്ത് ദിവസത്തെ ക്യാമ്പ്‌. അക്കാദമി കോഡിനേറ്റർ ടി വൈ അരവിന്ദാക്ഷനുമായി അന്നുമുതൽ ആഴത്തിൽ സൗഹൃദം. 
കഴിഞ്ഞദിവസം അരവിന്ദാക്ഷനുമായി നടത്തിയ വാട്സാപ്പ് ചാറ്റിലാണ് വിദ്യാർഥികൾക്ക്‌ ജനകീയമായി ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനെ കുറിച്ച്‌ അനിൽകുമാർ അറിഞ്ഞത്‌. ഉടൻ 20 സ്മാർട്ട് ഫോൺ നൽകാമെന്നേറ്റു. ഇപ്പോൾ മുഴുവൻസമയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ്‌ അദ്ദേഹം. തന്റെ ഉടമസ്ഥതയിലുള്ള ആരോഗ്യസ്ഥാപനത്തെ മാതൃകാ കോവിഡ് ആശുപത്രിയാക്കി മാറ്റി. 
  ഭാരതപ്പുഴയോരത്തെ പുറമ്പോക്കിൽ താമസിക്കുന്നവരുൾപ്പെടെയുള്ള അൻപതോളം പേർക്കാണ് അക്കാദമിയുടെ നേതൃത്വത്തിൽ ഫോൺ കൊടുക്കുന്നത്. അക്കാദമിയിലെ ജീവനക്കാർ പൂർവവിദ്യാർഥികൾ, കുടുംബാംഗങ്ങൾ എന്നിവരും ഉദ്യമത്തിൽ പങ്കാളികളായി. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനും പിന്തുണയേകി. 
കുട്ടികൾക്ക്‌ സിം കാർഡും ഇന്റർനെറ്റ്‌ കണക്ഷനും അക്കാദമി നൽകും. തിങ്കളാഴ്ച പി നന്ദകുമാർ എംഎൽഎ ഫോൺ വിതരണം നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top