04 August Wednesday

ഡിസിസി പിടിക്കാൻ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

 

കാസർകോട്‌
ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പിടിച്ചെടുക്കാൻ കെ സുധാകരൻ തയ്യാറെടുക്കുന്നു. ഹക്കീം കുന്നിൽ മാറുമെന്ന്‌ ഉറപ്പായതോടെ പ്രസിഡന്റ്‌ പദവിക്കായി നിരവധി പേർ രംഗത്തുണ്ട്‌. 
എ ഗ്രൂപ്പുകാരനായ ഖാദർ മാങ്ങാടിന്റെ പേരാണ്‌ നേരത്തെ മുൻഗണനയുണ്ടായിരുന്നതെങ്കിലും സുധാകരൻ കെപിസിസി പ്രസിഡന്റായതോടെ അതുതള്ളി  ഐ ഗ്രൂപ്പുക്കാരനായ കെ നീലകണ്‌ഠനെ അവരോധിക്കാനാണ്‌ നീക്കം.
ഡിസിസികൾ തന്റെ ചൊൽപ്പടിയിലാക്കുന്നതിന്റെ ഭാഗമായാണ്‌  കാസർകോട്ടെ പുതിയ നീക്കം.  ഐ ഗ്രൂപ്പിന്റെ കണക്കിൽ പെട്ടിരുന്ന ജില്ലയിൽ കഴിഞ്ഞതവണ കെ നീലകണ്‌ഠൻ പ്രസിഡന്റാകുമെന്നാണ്‌പ്രതീക്ഷിച്ചത്‌. എന്നാൽ എ ഗ്രൂപ്പുകാരനായ ഹക്കീം കുന്നിലിനെയാണ്‌ ഹൈക്കമാൻഡ്‌ നിയമിച്ചത്‌. കെ നീലകണ്‌ഠനെ കെപിസിസി സെക്രട്ടറിയാക്കി. ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ നേതാക്കൾ ഹക്കീമിനെ മാറ്റണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ടായിരുന്നതിനാൽ നടന്നില്ല. ഉമ്മൻചാണ്ടി ദുർബലനായതോടെയാണ്‌ ഹക്കീമിന്റെ ഭാവി തുലാസിലായത്‌. 
രാജ്‌മോഹൻ ഉണ്ണിത്താൻ ലോക്സഭാ സ്ഥാനാർഥിയായപ്പോൾ ജില്ലയിലുണ്ടായ നേതാക്കളുടെ രോഷം മറികടന്നത്‌ ഡിസിസി പ്രസിഡന്റിനെ മാറ്റുമെന്ന്‌ ഉറപ്പ്‌ നൽകിയാണ്‌. ഇപ്പോൾ ഉണ്ണിത്താന്റെ  ഒറ്റയാൻ പ്രവർത്തനത്തിൽ നേതാക്കൾ കലിപ്പിലാണ്‌.  കെ സി വേണുഗോപാലിന്റെ പിന്തുണയിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ണിത്താനായിരുന്നു കാസർകോട്ടെ ഹൈക്കമാൻഡ്‌.  ഇതിൽ പ്രതിഷേധിച്ച്‌ കെപിസിസി സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ രാജിപ്രഖ്യാപിച്ചയാളാണ്‌ കെ നീലകണ്‌ഠൻ. അതിനിടയിലാണ്‌  ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ സുധാകരന്റെ ആളായി  വരുന്നത്‌.  ഖാദർ മാങ്ങാടിന്‌ പുറമേ സാജിദ്‌ മൗവൽ, കെ കെ രാജേന്ദ്രൻ, എം സി പ്രഭാകരൻ, എ ഗോവിന്ദൻ നായർ തുടങ്ങിയവരും പ്രസിഡന്റ്‌ സ്ഥാനം മോഹിച്ചുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top