17 July Wednesday

വായനയുടെ ആകാശവാതിൽ തുറന്ന‌് മണ്ണഞ്ചേരി ഗവ. ഹൈസ‌്കൂൾ

സ്വന്തം ലേഖകൻUpdated: Thursday Jun 20, 2019

മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ലൈബ്രറി

  

 
മണ്ണഞ്ചേരി
പാഠപുസ‌്തകങ്ങൾക്കപ്പുറം വിദ്യാർഥികൾക്ക് മുന്നില്‍ അറിവിന്റെ പുതുലോകം തുറക്കുന്ന മണ്ണഞ്ചേരി ഗവ. ഹൈസ‌്കൂൾ ലൈബ്രറി പുരസ‌്കാരനിറവിൽ. ജില്ലയിലെ മികച്ച ലൈബ്രറിക്കും  ലൈബ്രേറിയനുമുള്ള പുരസ‌്കാരം സ‌്കൂളിലെ ലൈബ്രറിക്കാണ്. പതിനായിരത്തിലധികം പുസ‌്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയിലുള്ളത്. 
ഒന്നുമുതൽ ഒമ്പതാം ക്ലാസ്‌വരെയുള്ള 43 ഡിവിഷനുകളിലും ക്ലാസ്റൂം ലൈബ്രറിയും സ‌്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം പുസ‌്തകങ്ങളും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.‌ ആഴ‌്ചയിൽ മൂന്നുദിവസം ഹൈസ‌്കൂൾ വിഭാഗത്തിനും ബാക്കിയുള്ള ദിവസങ്ങളിൽ  എൽപി, യുപി വിഭാഗത്തിനും ലൈബ്രറി ഉപയോ​ഗിക്കാം. 
 ക്ലാസ്റൂം  ലൈബ്രറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുസ‌്തകത്താലപ്പൊലിയിലൂടെ കുട്ടികളിൽനിന്ന‌് പുസ‌്തകങ്ങൾ ശേഖരിച്ചു. ഒരാഴ‌്ചയ‌്ക്കകം കുട്ടികൾക്ക് പുസ‌്തകവിതരണവും തുടങ്ങി. എല്ലാ അസംബ്ലിയിലും പുസ‌്തകപരിചയം നടത്തുന്നുണ്ട്.  
ജന്മദിനസമ്മാനമായും പുസ‌്തകങ്ങള്‍ കണ്ടെത്തുന്നുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങൾ കുട്ടികൾക്ക് നൽകി ആഴ‌്ചതോറും പൊതുവിജ്ഞാന ക്വിസ് നടത്തുന്നു. മാത‌ൃസംഗമത്തോടനുബന്ധിച്ച് കുട്ടികൾ അമ്മമാർക്ക് പുസ‌്തകങ്ങൾ വിതരണംചെയ‌്തു. വായിച്ച പുസ‌്തകങ്ങളെക്കുറിച്ചുള്ള നിരൂപണം അമ്മമാർ അവതരിപ്പിച്ചു. 
 എൽപി, യുപി, ഹൈസ‌്കൂൾ വിഭാഗങ്ങളിലെ കുട്ടികൾ തയ്യാറാക്കിയ വായനക്കുറിപ്പുകൾ സമാഹരിച്ച‌് ‘മുകുളം', ‘വസന്തം', ‘ജ്യോതിസ് ' എന്നീ പതിപ്പുകൾ പ്രസിദ്ധീകരിച്ചു. ഉചിതമായ കഥകൾ നാടകം, കഥാപ്രസംഗം, ഓട്ടൻതുള്ളൽ മുതലായ കലാരൂപങ്ങൾ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുന്നുണ്ട്. 
 ചിട്ടയായ പ്രവർത്തനങ്ങളാണ് സ‌്കൂൾ ലൈബ്രറിയെ മുൻനിരയിൽ എത്തിച്ചതെന്ന് ഹെഡ്മിസ്ട്രസ് എം കെ സുജാതകുമാരിയും എസ്എംസി ചെയർമാൻ സി എച്ച് റഷീദും പറഞ്ഞു. പി സുജലയാണ് മികച്ച  ലൈബ്രേറിയനുള്ള പുരസ‌്കാരം നേടിയത്.  അധ്യാപകരായ കെ  മല്ലിക, ജ്യോതി, എസ് ഉഷ, ടി പ്രമീള എന്നിവരും ലൈബ്രറി പ്രവർത്തനം ഏകോപിപ്പിക്കുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top