22 August Thursday
സ‌്ത്രീകൾക്കെതിരായ അതിക്രമം

ബോധവൽക്കരണം നടത്തും: വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
 
അമ്പലപ്പുഴ
സ‌്ത്രീകൾക്ക‌് നേരെയുള്ള പെട്രോൾ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണം വ്യാപകമാക്കുമെന്ന‌് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മെഗാ അദാലത്തിനുശേഷം മാധ്യമ പ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അവർ. 
 സൈബർ ആക്രമണങ്ങളും വർധിക്കുകയാണ‌്. കുട്ടികൾക്കു നേരെയുള്ള ആക്രമണങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. തൊഴിലിടങ്ങളിലും സ്‌‌ത്രീകൾക്കു നേരെ ആക്രമണം വർധിക്കുന്നു. കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന കേസുകൾ വർധിക്കുകയാണ്. 30 വർഷം ഒരുമിച്ചു കഴിഞ്ഞവർ പോലും ഭാര്യക്ക് അസുഖമായതിന്റെ പേരിൽ പിരിയാൻ തയാറെടുക്കുന്നു. പത്തു തവണ സിറ്റിങ്ങിൽ പങ്കെടുത്ത ഇവരെ കൂട്ടിയോജിപ്പിക്കാൻ ശ്രമം തുടരുകയാണെന്നും എം സി ജോസഫൈൻ പറഞ്ഞു.
സ്വകാര്യ ക്ലിനിക്കിലെ ചികിത്സക്കിടെ കാഴ‌്ചക്ക‌് മങ്ങലേറ്റ ‌സ‌്ത്രീയുടെ പരാതി കമീഷൻ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി.
സിറ്റിങ്ങിൽ 96 പരാതികൾ പരിഗണിച്ചു. ഇതിൽ 85 എണ്ണം പുതിയ പരാതികളാണ‌്. 11 കേസുകൾ തീർപ്പാക്കി. ആറ‌് കേസുകളിൽ റിപ്പോർട്ട‌് തേടി. 79 പരാതികൾ 26ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന  സിറ്റിങ്ങിൽ പരിഗണിക്കും. അഡ്വ. എം എസ് താര, അഡ്വ. ഷിജി ശിവജി എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top