15 May Saturday

കൈവിടരുത്‌ ജാഗ്രത

സ്വന്തം ലേഖകൻUpdated: Tuesday Apr 20, 2021
മലപ്പുറം
കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുമ്പോഴും അലസത കൈവെടിയാതെ പൊതുജനം. രണ്ടാം തരംഗം വലിയ അപകടഭീഷണിയാണെന്ന്‌ ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുമ്പോഴും സുരക്ഷാ മുൻകരുതലുകളില്ലാതെയാണ്‌ പൊതുജന സമ്പർക്കം. ആൾക്കൂട്ടങ്ങൾക്കും കുറവില്ല. മാസ്‌കും സാനിറ്റൈസർ ഉപയോഗവും പലരും മറന്ന മട്ടാണ്‌. കച്ചവട സ്ഥാപനങ്ങളിലും മുൻകരുതൽ നടപടികളില്ല. 
ഒന്നാംഘട്ടത്തിൽ സംസ്ഥാനത്തുതന്നെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വളരെ മുന്നിലായിരുന്നു ജില്ല. ആരോഗ്യ വകുപ്പിന്റെ സജീവ ഇടപെടലും ജനങ്ങളുടെ കരുതലും ഒത്തുചേർന്നതോടെ രോഗബാധിതരുടെ എണ്ണം വളരെ കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം നൂറിൽ താഴെ എത്തി. എന്നാൽ, രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുതിക്കുകയാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കണക്ക്‌ ആയിരം കടന്നു.  
വിവാഹ സീസൺ തുടങ്ങിയതും വെല്ലുവിളിയാണ്‌. പൊതുചടങ്ങുകൾക്ക്‌ ആരോഗ്യ വകുപ്പ്‌ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഫലംകണ്ടിട്ടില്ല. തെരഞ്ഞെടുപ്പിന്‌ പിറകെയെത്തിയ വിഷു ആഘോഷവും സമ്പർക്കസാധ്യത കൂട്ടി. റമദാൻ നോമ്പുകാലം വന്നതോടെ വിരുന്നും സൽക്കാരവുമായി ആൾക്കൂട്ടം നിറയുകയാണ്‌. മതസംഘടനകൾ ഉൾപ്പെടെ ഒത്തുചേരലുകൾ പരമാവധി കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുമ്പോഴും പാലിക്കാൻ പലരും തയ്യാറാകുന്നില്ല. പ്രാദേശിക ഉത്സവങ്ങൾക്കും മിക്കയിടത്തും ആൾക്കൂട്ടമുണ്ട്‌. 
പത്തു വയസിന്‌ താഴെയുള്ളവരും 60 വയസിന്‌ മുകളിലുള്ളവരും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ്‌ ആരോഗ്യവകുപ്പിന്റെ നിർദേശം. എന്നാൽ, ഇത്‌ പാലിക്കപ്പെടുന്നില്ല. രണ്ടാം തരംഗത്തിൽ രോഗലക്ഷണങ്ങൾ കുറവും അപകടസാധ്യത കൂടുതലുമാണെന്നാണ്‌ ആരോഗ്യ വിദഗ്‌ധർ നൽകുന്ന സൂചന. ഇത്‌ കണക്കിലെടുത്തുള്ള മുൻകരുതൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടും.
 
നിയന്ത്രണം 
ആരാധനാലയങ്ങളിലും
60 കഴിഞ്ഞവർ, രോഗികൾ എന്നിവർ വീടുകളിൽ പ്രാർഥന നടത്തുക.
ഇഫ്‌താർ സംഗമങ്ങൾ പരമാവധി ഒഴിവാക്കുക.
സൗകര്യമുള്ളവർ വീടുകളിൽ നിന്നുതന്നെ നോമ്പ്‌ തുറക്കുക.
പള്ളിയിൽ പോകുന്നവർ നമസ്കരിക്കാനുള്ള മുസല്ല കൊണ്ടുപോകുക.
പുറത്ത്‌ പോകുമ്പോഴും പള്ളിയിലാകുമ്പോഴും നിർബന്ധമായും മാസ്ക്‌ ധരിക്കുക.
പള്ളികളിൽ പ്രാർഥനാ സമയത്ത്‌ സാമൂഹിക അകലം പാലിക്കുക.
പള്ളികളിൽനിന്ന്‌ പ്രാർഥന കഴിഞ്ഞ്‌ വീട്ടിലെത്തിയശേഷം കൈകൾ സാനിറ്റൈസർ, സോപ്പ്‌ എന്നിവ ഉപയോഗിച്ച്‌ വൃത്തിയായി കഴുകുകയോ കുളിക്കുകയോ ചെയ്യുക.
പള്ളിയിലുള്ള മുസല്ല, തൊപ്പി മുതലായവ ഉപയോഗിക്കുകയോ ഹൗളിൽ നിന്ന്‌ വുളൂഅ്‌ എടുക്കുകയോ ചെയ്യാതിരിക്കുക.
ആരാധനാലയങ്ങളില്‍ എസി ഉപയോഗിക്കരുത്‌. പ്രാർഥനാ സമയത്ത്‌ ജനലുകളും വാതിലുകളും തുറന്നിടുക.
പള്ളികളിൽ സാനിറ്റൈസർ, കൈകഴുകുന്നതിനുള്ള വെള്ളം, സോപ്പ്‌, തെർമൽ സ്കാനർ എന്നിവ ഉറപ്പുവരുത്തുക.
പള്ളിയിൽ പോകുന്നവർ വീടുകളിൽതന്നെ അംഗശുദ്ധി വരുത്തുക.
 
വേണം മുൻകരുതൽ
• വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവർ ആർടിപിസിആർ പരിശോധന നിർബന്ധമാക്കണം.
•  സാമൂഹിക അകലം കർശനമായി പാലിക്കണം.
• അത്യാവശ്യ കാര്യങ്ങൾക്കുമാത്രം വീടുകളിൽനിന്ന് പുറത്തിറങ്ങുക.
•  പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കുക.
•  കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. സാനിറ്റൈസറിന്റെ ഉപയോഗം ശീലമാക്കുക. 
• പത്ത്‌ വയസിൽ താഴെയുള്ള കുട്ടികളും 60 വയസ്സ്‌ പിന്നിട്ടവരും പുറത്തിറങ്ങാതിരിക്കുക. 
• ആരാധനാലയങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കുക.
• വിരുന്നുകൾ, സൽക്കാരങ്ങൾ എന്നിവ ഒഴിവാക്കുക.
• ഭക്ഷണത്തിന്‌ ഹോട്ടലുകളെ ആശ്രയിക്കുന്നത്‌ പരമാവധി കുറയ്‌ക്കുക. 
 
നിരീക്ഷണത്തിലിരിക്കുന്നവരും
പാലിക്കണം 
• ഒരു കാരണവശാലും മുറിക്ക്‌ പുറത്തിറങ്ങരുത്.
• മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.
•  ഉപയോഗിക്കുന്ന ടിഷ്യൂകൾ/ ഡിസ്പോസിബിൾ മാസ്‌കുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ വലിച്ചെറിയരുത്.
•  ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റ് തുണികളും സോപ്പ്/ ഡിറ്റർജന്റ് എന്നിവകൊണ്ട് കഴുകി സൂര്യപ്രകാശത്തിൽ ഉണക്കി മാത്രം ഉപയോഗിക്കണം.
• ഫോൺ, ടവൽ, പത്രമാസികകൾ, പാത്രങ്ങൾ, ലഘുഭക്ഷണ സാധനങ്ങൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top