18 August Sunday

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
തിരുവനന്തപുരം
ആറാട്ടോടെ  ശ്രീപത‌്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി. വെള്ളിയാഴ‌്ച വൈകിട്ട് 4.30ന് മതിലകത്ത് എഴുന്നള്ളിച്ച വിഗ്രഹങ്ങള്‍ക്ക് ദീപമുഴിഞ്ഞ് പ്രദക്ഷിണം നടത്തിയിട്ടാണ‌് ഘോഷയാത്ര ക്ഷേത്രത്തിന് പുറത്തിറങ്ങിയത്. പെരുമ്പറ കെട്ടിയ ആനയും കുട്ടിയാനയുമായിരുന്നു മുന്നില്‍. പള്ളിവാളേന്തി രാജകുടുംബം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മയും രാജപ്രതിനിധികളും പിന്നാലെ പടിഞ്ഞാറെ നടകടന്നു.  ഗരുഡവാഹനത്തില്‍ ശ്രീപത‌്മനാഭസ്വാമിയെയും മറ്റു വാഹനങ്ങളില്‍ നരസിംഹമൂര്‍ത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു. 
സായുധ പൊലീസ് ആചാരബഹുമതി നല്‍കി. പിന്നില്‍ ഭജനസംഘവും തിടമ്പേന്തിയ നാല് ആനകളും അകമ്പടി ചേര്‍ന്നു. വേല്‍ക്കാര്‍, കുന്തക്കാര്‍, വാളേന്തിയവര്‍, പട്ടമേന്തിയ ബാലകര്‍, പൊലീസിന്റെ ബാന്‍ഡ്സംഘം എന്നിവര്‍ ഘോഷയാത്രയ്ക്ക് മുമ്പേ ഗമിച്ചു. ഘോഷയാത്ര പടിഞ്ഞാറെകോട്ടയിലെത്തിയപ്പോള്‍ ആചാരവെടി ഉയര്‍ന്നു. റോഡിനിരുവശത്തും നിറപറയും നിലവിളക്കും പൂക്കളുമായി ഭക്തര്‍ ആറാട്ടിന് നിവേദ്യമര്‍പ്പിച്ചു.
വള്ളക്കടവില്‍നിന്ന‌് വിമാനത്താവളത്തിന് അകത്തുകൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തി. അവിടെ ആറാട്ട് മണ്ഡപത്തില്‍ വിഗ്രഹങ്ങളെ ഇറക്കിവച്ചു. തുടര്‍ന്ന് തീരത്ത് പ്രത്യേകം തയ്യാറാക്കിയ മണല്‍ത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങള്‍ മാറ്റി. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെയും പെരിയനമ്പി രാധാകൃഷ്ണന്‍ രവിപ്രസാദ്, പഞ്ചഗവ്യത്തുനമ്പി  മാക്കരക്കോട് വിഷ്ണു എന്നിവരുടെയും നേതൃത്വത്തില്‍ പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങളെ മൂന്നുതവണ സമുദ്രത്തില്‍ ആറാടിച്ചു. വിവിധ അഭിഷേകങ്ങള്‍ക്കുശേഷം പ്രസാദം വിതരണം ചെയ്തു. ആറാട്ട് കഴിഞ്ഞ്  വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ശനിയാഴ്ച  ഉച്ചയ്ക്ക് ആറാട്ട് സദ്യ ഉണ്ടായിരിക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top