27 May Wednesday

ജയന്റെ 3 സെന്റിൽ ജയകൃഷ്ണന്‌ ജീവിതമൊരുങ്ങും

അനോബ് ആനന്ദ്Updated: Friday Mar 20, 2020

ഭൂവുടമ ജയന്റെ ഭാര്യ സജിത ജയകൃഷ്‌ണന്റെ ഭാര്യ നിസയുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത ഭൂമിയുടെ ആധാരം കൈമാറിയപ്പോൾ

കിളിമാനൂർ
ഇരുവൃക്കകളും തകരാറിലായ യുവാവിന് വീടൊരുക്കാൻ സ്വന്തം ഭൂമി വിട്ടുനൽകി സിപിഐ എം പ്രവർത്തകനും കുടുംബവും. നഗരൂർ തോട്ടയ്ക്കാട് ചാത്തൻപാറ കൊച്ചുവിള കൃഷ്ണകൃപയിൽ മാധവൻനായരുടെ മകൻ  ജയൻ (പപ്പു) ആണ് നിർധനകുടുംബത്തിന് വീടൊരുക്കാൻ 3 സെന്റ് സൗജന്യമായി നൽകിയത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും കിളിമാനൂർ പുതിയകാവ് എള്ളുവിളയിൽ വാടകവീട്ടിൽ താമസിക്കുന്ന ജയകൃഷ്ണൻ (38) നും കുടുംബത്തിനുമാണ് ജയൻ കൈത്താങ്ങേകിയത്‌.
 
ലോറിഡ്രൈവറായിരുന്ന ജയകൃഷ്ണൻ കിളിമാനൂർ സ്വദേശിനി നിസയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.ബന്ധുക്കൾ  കൈവിട്ടതോടെ വാടകവീട്ടിൽ ജീവിതം തുടങ്ങി.
 
വൈഷ്ണവ്, വൈ​ഗ എന്നിങ്ങനെ മക്കളുമായി കുടുംബം സന്തോഷകരമായി മുന്നോട്ടുപോകുകയായിരുന്നു. മൂന്നുവർഷം മുമ്പ് ജയകൃഷ്‌ണന്റെ രക്തസമ്മർദം ഉയരുകയും ഒരുകണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്‌തതോടെയാണ്‌ പ്രതീക്ഷകൾക്ക്‌ മങ്ങലേറ്റത്‌. പിന്നീട്‌ ഒരു വൃക്ക തകരാറിലായി. നിരന്തര ചികിത്സയിലൂടെ  കാഴ്ച തിരികെ കിട്ടിയെങ്കിലും രണ്ടാമത്തെ വൃക്കയും തകരാറിലായി.ഡയാലിസിസിലൂടെയാണ്  ജയകൃഷ്ണൻ ജീവിതം നിലനിർത്തുന്നത്. കുട്ടികളുടെ പഠനവും കുടുംബച്ചെലവും ചികിത്സാച്ചെലവും കണ്ടെത്താനാകാതെ ബുദ്ധിമുട്ടിലായി കുടുംബം. പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങൾക്ക് തണലൊരുക്കാൻ എന്തുചെയ്യുമെന്നറിയാതെ കഴിയുകയായിരുന്നു നിസയും ജയകൃഷ്‌ണനും. റേഷൻകാർഡില്ലാത്തതിനാൽ സർക്കാർ സഹായവും ലഭ്യമാകുന്നില്ല. 
 
സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ജയകൃഷ്ണന്റെ ദുരിതജീവിതം അറിഞ്ഞ ജയൻ കുടുംബത്തിന് ഭൂമി നൽകാൻ മുന്നോട്ട് വരികയായിരുന്നു. സിപിഐ എം അനുഭാവിയും വിവിധ ഇടതുപക്ഷ  നവമാധ്യമകൂട്ടായ്മകളിലെയും അം​ഗമാണ് ജയൻ.
 
ന​ഗരൂർ പഞ്ചായത്തിലെ കോയിക്കമൂലയിൽ സ്വന്തമായുള്ള ഭൂമിയിൽ നിന്നാണ് 3 സെന്റ് ജയകൃഷ്ണന്റെ കുടുംബത്തിന്‌ നൽകുന്നത്. ഭൂമിമാത്രമല്ല, വീട്‌ നിർമിച്ച്‌ നൽകാനും  ജയനും സുഹൃത്തുക്കളും പരിശ്രമിക്കുന്നുണ്ട്‌. ന​ഗരൂർ രജിസ്‌ട്രാർ ഓഫീസിൽവച്ച് ജയന്റെ ഭാര്യ സജിത  ജയകൃഷ്ണന്റെ ഭാര്യ നിസയുടെ പേരിൽ രജിസ്റ്റർചെയ്ത ഭൂമിയുടെ ആധാരം കൈമാറി. ജയകൃഷ്ണന്റെ വൃക്ക മാറ്റിവയ്ക്കലിന്‌ ആവശ്യമായ തുക കണ്ടെത്തുന്നതിന്‌ ജയകൃഷ്ണന്റെ ഭാര്യ നിസയുടെ പേരിൽ യൂണിയൻ ബാങ്ക് കിളിമാനൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ–- 686302010005780. IFS കോഡ്‌ UBIN0568635. ഫോൺ 9747141410.
പ്രധാന വാർത്തകൾ
 Top