25 May Monday

പുതുതായി 112 പേർകൂടി 509 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കൽപ്പറ്റ
കോവിഡ്‌ 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 500 കടന്നു. അതേസമയം കോവിഡ്‌–-19 ഭാഗമായി ജില്ലയിൽ നിന്നും പരിശോധനക്കയച്ച 30 സാമ്പിളുകളിൽ ഫലം വന്ന 24 എണ്ണവും നെഗറ്റീവ്‌ ആയത്‌ ജില്ലക്ക്‌ ആശ്വാസവും ആത്മവവിശ്വസവും പകരുന്നുണ്ട്‌. ആറെണ്ണത്തിന്റെ ഫലമാണ്‌ ഇനി വരാനുള്ളത്‌.  വ്യാഴാഴ്‌ച മാത്രം 4 സാമ്പി പരിശോധനക്കയച്ചു. ജില്ലയിൽ 112 പേരാണ്‌ പുതുതായി നിരീക്ഷണത്തിലായത്‌. ഇതോടെ മൊത്തം നിരീക്ഷണത്തിലുള്ളവർ 509 ആയി. നീരീക്ഷണത്തിലുള്ളവരിൽ ആറ്‌ പേർ മാത്രമാണ്‌ പ്രൈമറി കോൺടാക്ട്‌ ലിസ്‌റ്റിലുള്ളത്‌. 
കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിലുള്ള 5 പേരുടെയും  മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിലുള്ള ഒരാളുടെയുമാണ് പരിശോധനാഫലം ലഭിക്കാനുള്ളത്. വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗികളുമായി സമ്പർക്കത്തിലുള്ളവരും, വിദേശത്തുനിന്നെത്തിയവരും ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ച് നിരീക്ഷണകാലം പൂർണമായും വീടുകളിൽതന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കൽ  ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.
 ജില്ലയിലെ അന്തർ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ നടത്തിയ സ്‌ക്രീനിങ്ങിൽ  1787 വാഹനങ്ങളിലെത്തിയ 4868 യാത്രക്കാരെ പരിശോധിക്കുകയും പനി കണ്ടെത്തിയ 8 യാത്രക്കാരിൽ 6 പേരെ ആശുപത്രികളിലേക്ക്‌ അയക്കുകയും ചെയ്‌തു. പനി, ജലദോഷം, ചുമ , തൊണ്ടവേദന, ശ്വാസ തടസ്സം എന്നീ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിച്ച് അവരുടെ നിർദേശപ്രകാരം മാത്രം ചികിത്സ തേടുക. നേരിട്ട് ആശുപത്രിയിലോ ക്ലിനിക്കിലോ സന്ദർശിക്കരുതെന്നും അവർ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top