27 May Wednesday
കോവിഡ്‌-‐19

ഗ്രാമീണമേഖലയ്‌ക്ക്‌ തുണയായി കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കൽപ്പറ്റ
കോവിഡ്‌–-19 ന്റെ പശ്‌ചാത്തലത്തിൽ വരുമാന ഇടിവ്‌ തുടർക്കഥയാവുമ്പോഴും ഗ്രാമീണ റൂട്ടുകളിലെ സർവീസുകൾ മുടക്കാതെ കെഎസ്‌ആർടിസി. കെഎസ്‌ആർടിസി മാത്രം സർവീസ്‌ നടത്തുന്ന സ്ഥലങ്ങളിലാണ്‌ വരുമാനത്തിലെ കുറവ്‌ കണക്കിലെടുക്കാതെ കെഎസ്‌ആർടിസി താൽക്കാലികമായി സേവനം നൽകുന്നത്‌. യാത്രക്കാർ തീരെ കുറഞ്ഞാൽ ഈ റുട്ടുകളിലെ സർവീസും അവസാനിപ്പിക്കേണ്ടിവരുമെന്ന്‌ അധികൃതർ പറഞ്ഞു. ചില ദീർഘദൂര സർവീസുകളും ടൗൺ സർവീസുകളിൽ ചിലതും ഇതിനകം തന്നെ കെഎസ്‌ആർടിസി റദ്ദാക്കിയിരുന്നു. കൽപ്പറ്റ ഡിപ്പോയിൽനിന്നും അട്ടമല, മുണ്ടക്കൈ, വൈപ്പടി വഴി പടിഞ്ഞാറത്തറ, മെച്ചന എന്നിവിടങ്ങളിലെല്ലാം യാത്രക്കാർക്ക്‌ ഏക ആശ്രയം കെഎസ്‌ആർടിസിയാണ്‌. ബത്തേരി ഡിപ്പോയിൽനിന്നും മാങ്ങോട്‌, കരിപ്പൂർ, മൂടക്കൊല്ലി, കൊഴുവന, ചേകാടി, അയ്യംകൊല്ലി എന്നിവിടങ്ങളിലേക്കും മാനന്തവാടി ഡിപ്പോയിൽനിന്നും പുതുശ്ശേരി, ഒരപ്പ്‌, വാളാട്‌, കല്ലോടി ഭാഗങ്ങളിലേക്കും കെഎസ്‌ആർടിസി മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌. സമാന്തര ജീപ്പ്‌ സർവീസുകളടക്കം കോവിഡ്‌-–-19 വന്നതോടെ സർവീസ്‌ നിർത്തുന്നതിനിടയിലാണ്‌ കെഎസ്‌ആർടിസിയുടെ സേവനം.
 രാത്രി കാലങ്ങളിൽ ഗ്രാമീണഭാഗത്ത്‌ സ്‌റ്റേ സർവീസും കെഎസ്‌ആർടിസിക്കുണ്ട്‌. കോവിഡ്‌ ജാഗ്രത വന്നതോടെ അഞ്ചുപേർ തികച്ചും ഇല്ലാതെപോലും സർവീസ്‌ നടത്തേണ്ടി വരുന്നതായി കെഎസ്‌ആർടിസി അധികൃതർ പറഞ്ഞു. 
   ഗ്രാമീണമേഖലയിൽ ചില വിദൂരഭാഗങ്ങളിൽ യാത്രക്കാർക്ക്‌ ഏക ആശ്രയം  കെഎസ്‌ആർടിസിയാണ്‌. രാത്രികാലങ്ങളിലടക്കം മുടങ്ങാതെ കെഎസ്‌ആർടിസി സർവീസ്‌ നടത്തുന്നുണ്ട്‌. എന്നാൽ കോവിഡ്‌ –-19 ജാഗ്രത നിർദേശം വന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.  
എങ്കിലും ഉള്ള യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാതിരിക്കാനാവില്ലെന്ന്‌  അധികൃതർ പറഞ്ഞു. ഇതേ സ്ഥിതി തുടർന്നാൽ  ട്രിപ്പ്‌ മുടക്കുകയോ ഷെഡ്യൂൾ റദ്ദാക്കുകയോ ചെയ്യേണ്ട കടുത്ത നിലപാട്‌ എടുക്കേണ്ടി വരുമെന്ന്‌ കെഎസ്‌ആർടിസി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയിൽ കെഎസ്‌ആർടിസിയുടെ വരുമാനത്തിൽ പകുതിയോളം ഇടിവ്‌ നേരിട്ടിരുന്നു.
പ്രധാന വാർത്തകൾ
 Top