30 May Saturday
ഭർതൃസഹോദരനെതിരെ കേസ്‌

വിധവയുടെ വീടിന്‌ തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

തെക്കേക്കര വടക്കേ മങ്കുഴിയിൽ പോർച്ചിൽ കിടന്ന കാർ കത്തിയ നിലയിൽ

 
മാവേലിക്കര
വിധവയും മക്കളും താമസിക്കുന്ന വീടിനു തീയിട്ടു. കാർ പൂർണമായും അഗ്നിക്കിരയായി. വടക്കേ മങ്കുഴി പുതുപ്പുരക്കൽ പരേതനായ ശ്രീകുമാറിന്റെ ഭാര്യ ആർച്ച (36) യുടെ വീടാണ്‌ വ്യാഴാഴ്‌ച പുലർച്ചെ രണ്ടിന്‌ ആക്രമിച്ചത്‌. ശ്രീകുമാറിന്റെ ജ്യേഷ്ഠൻ പൃഥ്വിരാജും സംഘവുമാണ് വീടാക്രമിച്ചതെന്ന്‌ ആർച്ച പൊലീസിന്‌ മൊഴി നൽകി. ഇയാൾക്കെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു. സംഭവസമയം ആർച്ചയും അമ്മ ലതികയും മക്കളായ ശ്രീനിധി, ശ്രീറാം, ശ്രീധന്യ എന്നിവർ വീട്ടിലുണ്ടായിരുന്നു.
ആർച്ചയുടെ ഭർത്താവ് ശ്രീകുമാർ 2019 ഒക്ടോബറിൽ വിദേശത്തുവച്ചാണ്‌ മരിച്ചത്‌. ഇതിനുശേഷം പൃഥ്വിരാജ് ശല്യപ്പെടുത്തി വരികയായിരുന്നുവെന്ന് ആർച്ച പറഞ്ഞു. തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചതിനെ ചോദ്യം ചെയ്‌ത്‌ പൃഥ്വിരാജിനെ ഫോൺ ചെയ്‌തിരുന്നു. ബുധനാഴ്‌ച വൈകിട്ട് ഏഴിന് വിഷയം ചർച്ച ചെയ്യാനെന്നുപറഞ്ഞ് പൃഥ്വിരാജിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവച്ച് തന്നെ ജീവിക്കാൻ  അനുവദിക്കില്ലെന്നും 10 ദിവസത്തിനുള്ളിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. 
പൃഥ്വിരാജ് വീടിന്റെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും ഭയന്ന്‌ കതകുതുറന്നില്ല. തുടർന്നാണ് കാറിന് തീയിട്ടത്. വീടിന്റെ വൈദ്യുതി വയറുകളും കത്തിനശിച്ചു. അഗ്നിശമനസേനയെത്തിയാണ്‌ തീയണച്ചത്‌.  
കല്ലുമല ബിഷപ് മൂർ സ്‌കൂൾ വിദ്യാർഥിനിയായ ആർച്ചയുടെ മകൾ ശ്രീനിധി, ഏതാനും മാസം മുമ്പ് സ്‌കൂൾവിട്ടു മടങ്ങുമ്പോൾ മരംഒടിഞ്ഞ് വീണ് കഴുത്തിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു കിടപ്പിലാണ്‌. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൃഥ്വിരാജ് ആർഎസ്എസ്‌–- ഹിന്ദുഐക്യവേദി പ്രവർത്തകനാണ്.
പ്രധാന വാർത്തകൾ
 Top