20 January Wednesday

സൗമ്യനായി സമ്പത്ത്‌; വികസനത്തിന്‌ വിജയം നേർന്ന്‌ ജനം

റഷീദ‌് ആനപ്പുറംUpdated: Wednesday Mar 20, 2019

എംപി ഫണ്ട്‌ ഉപയോഗിച്ച്‌ നിർമിച്ച കരകുളത്തെ സോളാർ നടപ്പാലത്തിൽ എ സമ്പത്ത്‌

തിരുവനന്തപുരം
സൗമ്യനായി ചിരിതൂകി  സമ്പത്ത‌് വരുമ്പോൾ ഒരു നാടാകെ അദ്ദേഹത്തിന‌് പിന്നാലെയുണ്ടാകും. അത‌് നാട്ടിൽ അദ്ദേഹം കൊണ്ടുവന്ന വികസനത്തിനുള്ള ജനങ്ങളുടെ സ‌്നേഹവായ‌്പാണ‌്. എംപിയെന്ന  നിലയിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ അത്രയേറെ വികസനമാണ‌് സമ്പത്ത‌് നടപ്പാക്കിയത‌്.  വികസനത്തിനൊപ്പം, രാജ്യം അഭിമുഖീകരിച്ച വർഗീയത, ജാതീയത, വംശഹത്യ തുടങ്ങിയ പ്രശ‌്നങ്ങളിൽ പാർലമെന്റിൽ നടത്തിയ പോരാട്ടവും എംപിയെ ജനങ്ങളുടെ ആവേശമാക്കി. കുപ്പിക്കഴുത്തുപോലുള്ള പാലത്തിലുടെ നടക്കാൻ കരകുളത്തുകാർ ഏറെ കാലം ഭയന്നിരുന്നു. അപ്പോഴാണ‌് നടപ്പാലവുമായി എംപിയെത്തുന്നത‌്. ഇരുട്ടിയാൽ  നിർഭയമായി നടക്കാൻ സോളാർ വിളക്കുകൾ കൺതുറന്നതോടെ ‘സോളാർ പാലം’ എന്നുപേരും വന്നു. കിടപ്പുരോഗികൾക്ക‌് സാന്ത്വനം പകരാൻ ആംബുലൻസ‌്. കുട്ടികൾക്ക‌് കളിക്കാൻ പാർക്ക‌്. യാത്രക്കാർക്കും നാട്ടുകാർക്കും വിശ്രമിക്കാൻ വഴിയോര വിശ്രമകേന്ദ്രം. കോളനികളിലേക്ക‌് റോഡ‌്, കുടിവെള്ളം.. സമ്പത്തിന്റെ വികസന പ്രവർത്തനങ്ങളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. 
ചേർത്തല–- കഴക്കൂട്ടം നാലുവരിപ്പാത വികസനത്തിന്റെ ഭാഗമായി കടമ്പോട്ടുകോണം മുതൽ മാമംപാലം വരെയുള്ള റോഡ‌് വീതി കൂട്ടാനും ഭൂമി ഏറ്റെടുക്കാനും ഏറെ പണിപ്പെട്ടാണ‌്  കേന്ദ്രത്തിൽനിന്ന‌് ഗസറ്റ‌് വിജ‌്ഞാപനം പുറപ്പെടുവിച്ചത‌്. ആറ്റിങ്ങൽ നഗരപാത വികസനത്തിന‌് അദ്ദേഹം നടത്തിയ നിരന്തര ഇടപെടൽ  ജനങ്ങൾ നന്ദിയോടെ ഓർക്കുന്നു. ഏറെകാലത്തെ ആവശ്യമായിരുന്നു ആറ്റിങ്ങലിൽ പാസ‌്പോർട്ട‌് സേവാ കേന്ദ്രം. അതും യാഥാർഥ്യമായി. പെന്മുടി  റോപ‌് വേ  സംബന്ധിച്ച പഠനത്തിനും  വിതുരയിലെ ഐസറിൽ  പുതിയ കോഴ‌്സ‌് അനുവദിക്കുന്നതിനും ഇടപ്പെട്ടു.  നെടുമങ്ങാട‌് ഐഐഎസ‌്ടിയുടെ ഉന്നമനത്തിനും എം പി നിതാന്ത ജാഗ്രത കാട്ടി. കോട്ടൂർ–-അംബാസമുദ്രം അന്തർദേശീയ പാതയ‌്ക്കായി എ സമ്പത്ത‌് നടത്തിയ ഇടപെടൽ ശ്രദ്ധേയമായി. ഇതിനായി 34 എംപിമാരുടെ സംയുക്ത നിവേദനം സമർപ്പിക്കാനായി. വിദ്യാഭ്യാസമേഖലയുടെ വളർച്ചയ‌്ക്കായി സമ്പത്തിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണ‌്. എസ‌്ബിഐ ലൈഫ‌് പദ്ധതിയിൽപെടുത്തി നിരവധി വിദ്യാലയങ്ങൾക്ക‌്  സ‌്മാർട്ട‌്  ക്ലാസ‌് റൂം, കുടിവെള്ളം, ടോയ‌്‌ലറ്റ‌് സൗകര്യങ്ങൾ,  തുമ്പ സെന്റ‌് സേവ്യേഴ‌്സ‌്  കോളജിൽ എംപിയുടെ അഭ്യർഥനപ്രകാരം എസ‌്ബിഐയുടെ സിഎസ‌്ആർ ഫണ്ടിൽനിന്നും 25 ലക്ഷംരൂപ  ചെലവഴിച്ച‌് ഗേൾസ‌് അമിനിറ്റി സെന്റർ ആരംഭിച്ചു. പൂവച്ചൽ സൗഹൃദ ബഡ‌്സ‌് സ‌്കൂളിന‌് ഉൾപ്പെടെ ഒട്ടേറെ വിദ്യാലയങ്ങൾക്ക‌് വാഹനം ലഭ്യമാക്കി. 
 
നെടുമങ്ങാട‌്  കേന്ദ്രീയ വിദ്യാലയം,  ചിറയിൻകീഴിൽ പ്രേംനസീർ സ‌്മാരക ദേശീയ ചലച്ചിത്ര  മ്യൂസിയം,  വർക്കല ശിവഗിരി റെയിൽവെ സ‌്റ്റേഷൻ നവീകരണം,  എയർപോർട്ടിൽ യാത്രക്കാർക്ക‌് മികച്ച സൗകര്യം,  അഞ്ച‌ുതെങ്ങ‌് കോട്ട സംരക്ഷണം, ആറ്റിങ്ങൽ കലാപം 300–-ാം വാർഷികം, വർക്കല ക്ലിഫ‌് ദേശീയ ജിയോളജിക്കൽ പാർക്ക‌്, മലയോര റെയിൽവെ,  കടയ‌്ക്കാവൂരിൽ ഐഎൻ‌എ മ്യൂസിയം..സമ്പത്തിന്റെ ഇടപെടലുകളുടെ പട്ടിക നീളുകയാണ‌്. മണ്ഡലത്തിന്റെ വികസനത്തിനൊപ്പം രാജ്യത്തിന്റെ പൊതുവായ വിഷയങ്ങളിൽ ഇടപെടുന്നതിലും സമ്പത്ത‌് മുന്നിൽ നിന്നു. ദേശീയ റബ്ബർ നയവും  കൈത്തറി നയവും പ്രഖ്യാപിക്കുന്നതിന‌ായി  സമ്പത്ത‌് പാർലമെന്റിൽ ശബ‌്ദിച്ചു. വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന നേഴ‌്സുമാരുടെ സുരക്ഷ ഉറപ്പാക്കൽ,  പൊതുവിതരണ സമ്പ്രദായം മെച്ച പെടുത്തൽ, തൊഴിലുറപ്പ‌് തൊഴിലാളികളുടെ സേവനസമയം ലഘൂകരിക്കൽ, കെഎടിയിൽ ജുഡീഷ്യൽ മെമ്പർ നിയമനം എന്നിവ ഇതിൽ ചിലത‌് മാത്രം. രോഹിത‌് വെമുലയുടെ ആത്മഹത്യയിലേക്കു നയിച്ച അധികൃതർക്കെതിരെ സെൻട്രൽ യൂണിവേഴ‌്സിറ്റി  സത്യഗ്രഹത്തിലും നോട്ട‌് നിരോധനത്തിനും ബാങ്കുകളുടെ സ്വകാര്യ വൽക്കരണത്തിനുമെതിരെയും ശബ‌്ദിച്ചു. ദളിത‌് വിദ്യർഥികൾക്കു നേരെ രാജ്യത്ത‌് നടന്ന ആക്രമണത്തിനെതിരെ പാർലമെന്റിൽ പേരാടാനും ആറ്റിങ്ങലുകാരുടെ ഈ ജനനേതാവ‌് മറന്നില്ല.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top