04 April Saturday

പ്രളയം: മലപ്പുറം ജില്ലയില്‍ ഇതുവരെ നല്‍കിയത് 92.01 കോടി

പി വിജയൻUpdated: Thursday Feb 20, 2020

ഉരുൾപൊട്ടൽ ദുരന്തം വിതച്ച കവളപ്പാറ (ഫയൽ ചിത്രം)

മലപ്പുറം> പ്രളയക്കെടുതിയിൽ ജീവിതം വഴിമുട്ടിയവരുടെ കണ്ണീരൊപ്പി സംസ്ഥാന സർക്കാർ. ദുരിതബാധിതർക്ക്‌ ഇതുവരെ വിതരണം ചെയ്‌തത്‌ 92.01 കോടി രൂപ. സാമ്പത്തിക ഞെരുക്കത്തിലും അർഹരായവർക്ക്‌ യഥാസമയം ധനസഹായം ദ്രുത​ഗതിയില്‍ ലഭ്യമാക്കി. കവളപ്പാറയിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ജീവൻ പൊലിഞ്ഞവരുടെ അവകാശികൾക്ക്‌ നാലുലക്ഷം രൂപവീതം സമയബന്ധിതമായി നൽകി. 
  1.  
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർ, ബന്ധുവീടുകളിൽ കഴിഞ്ഞവർ, വീടിന്‌ നാശം നേരിട്ടവർ എന്നിവർക്കും സർക്കാർ സഹായം തുണയായി. ദുരിതബാധിതർക്ക്‌ സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന യുഡിഎഫിന്റെ വ്യാജപ്രചാരണങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ്‌ ഇതെല്ലാം.

കാലവർഷത്തിലും പ്രളയത്തിലുമായി ജില്ലയിൽ 84 പേരാണ് മരിച്ചത്. 80 പേരുടെ കുടുംബത്തിനും നാലുലക്ഷം രൂപവീതം നൽകി. കവളപ്പാറയിലെ 59 പേരുടെ ആശ്രിതരും ഇതിൽപെടും. നാലുപേരുടെ അവകാശികളാരെന്ന്‌ തീർപ്പായിട്ടില്ല. അന്തിമ തീരുമാനം വരുന്ന മുറയ്‌ക്ക്‌ ഇവർക്കും സഹായം നൽകും.ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞ 47,136 പേർക്ക്‌ സഹായം
 
പ്രളയഭീഷണിയിൽ ബന്ധുവീടുകളിലും മറ്റും മാറിത്താമസിച്ചവർക്ക്‌ 28.19 കോടി രൂപ വിതരണംചെയ്‌തു. വിശദമായ സർവേ നടത്തിയാണ്‌ തുക വിതരണം. 51,155 വീടുകളിൽ സർവേയുണ്ടായി. ഇതിൽ 39,709 അപേക്ഷകളിൽ നടപടിക്രമം പൂർത്തിയാക്കി. 28,199 പേർക്ക്‌ 10,000 രൂപ വീതം നൽകി. അവശേഷിച്ചവർക്ക്‌ വിതരണ നടപടികൾ അന്തിമഘട്ടത്തിലാണ്‌.   ക്യാമ്പുകളിൽ കഴിഞ്ഞ 18,937 പേർക്ക്‌ 10,000 രൂപ വീതം നൽകി. ഈയിനത്തിൽമാത്രം നൽകിയത്‌ 18.93 കോടി രൂപ. 

വീട്‌ നശിച്ചവർക്ക്‌ നൽകിയത്‌ 41.68 കോടി

വീടുകൾക്ക്‌ നാശം നേരിട്ട 9500ലധികം പേർക്ക്‌ ഇതുവരെ നൽകിയത്‌ 41.68 കോടി രൂപ. വീടിന്റെ നാശനഷ്‌ട തോത്‌ കണക്കാക്കിയാണ്‌ തുക വിതരണം. 15 ശതമാനം നാശമുണ്ടായ 4898 പേർക്ക്‌ 10,000 രൂപവീതം നൽകി. 16 മുതൽ 29 ശതമാനംവരെ നാശത്തിന്‌ 60,000 രൂപവീതം 3253 പേർക്ക്‌ വിതരണംചെയ്‌തു. 30 മുതൽ 59 ശതമാനംവരെയുള്ള നാശത്തിന്‌ 1.25 ലക്ഷം രൂപവീതമാണ്‌ നൽകിയത്‌. 679 പേരാണ്‌ ഗുണഭോക്‌താക്കൾ. 
രണ്ടരലക്ഷം രൂപയുടെ സഹായം ലഭിച്ചത്‌ 176 പേർക്കാണ്‌.

60 മുതൽ 74 ശതമാനംവരെയാണ്‌ ഇവരുടെ വീടുകൾക്ക്‌ നാശം. 3.82 കോടി ഈയിനത്തിൽ നൽകി. 75 ശതമാനത്തിനുമുകളിൽ നാശം പൂർണമായി തകർന്നതായി കണക്കാക്കി സഹായം നൽകും. ഇവർക്ക്‌ വീടുകളുടെ പ്രവൃത്തിക്കനുസൃതമായി ഗഡുക്കളായി നൽകിവരുന്നു. ആദ്യഗഡു 95,100 രൂപവീതം 521 പേർക്ക്‌ വിതരണംചെയ്‌തു. തുടർന്നുള്ള ഗഡുക്കൾ സമയപ്രകാരം നൽകും. പ്രളയസഹായം രണ്ടുഘട്ടമായാണ്‌ നൽകിയത്‌. ആദ്യഗഡുവായി 31.08 കോടിയും രണ്ടാം ഗഡുവായി 60.93 കോടിയും. തിരുവനന്തപുരത്തെ ലാൻഡ്‌ റവന്യൂ കമീഷണറേറ്റിൽനിന്ന്‌ ഗുണഭോക്‌താക്കളുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്കാണ്‌ തുക കൈമാറിയത്‌.

562 കുടുംബങ്ങൾക്ക്‌ വീട്‌

പ്രളയത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ടവരുൾപ്പെടെ 562 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ഇവർക്ക്‌ വീടും ഭൂമിയും വാങ്ങാൻ 10  ലക്ഷം രൂപ അനുവദിക്കും. ഇതിനുള്ള ശുപാർശ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സർക്കാരിന്‌ സമർപ്പിച്ചു.പ്രളയത്തിൽ 82 കുടുംബങ്ങൾക്കാണ്‌ വീടും സ്ഥലവും പൂർണമായും നഷ്‌ടമായത്‌. ഉരുൾപൊട്ടൽ മേഖലയിൽ കഴിയുന്ന 408 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന്‌ ജിയോളജി വകുപ്പ്‌ ശുപാർശയുണ്ട്‌. പുഴ പുറമ്പോക്കിൽ കഴിയുന്ന 71 കുടുംബങ്ങൾ അടക്കം 562 കുടുംബങ്ങൾക്കാണ്‌ പുതിയ വീട്‌ ലഭിക്കുക.

വീട്‌ നിർമിക്കാൻ ഭൂമി നൽകാൻ തയ്യാറുള്ളവരിൽനിന്ന്‌ ജില്ലാ ഭരണസംവിധാനം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയുണ്ടെങ്കിൽ വീട്‌ നിർമിച്ചുനൽകാമെന്ന്‌ എം എ യൂസഫലിയും ഫെഡറൽ ബാങ്കും  അറിയിച്ചിട്ടുണ്ട്‌. ഇവ സംയോജിപ്പിച്ചാകും പുനരധിവാസം. നടപടികൾ വേഗം പൂർത്തിയാക്കി വീടുനിർമാണത്തിലേക്ക്‌ കടക്കാനാകുമെന്ന്‌ ജില്ലാ അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top