01 April Wednesday

അക്രമികൾ തന്നെ ഹർത്താൽ നടത്തുന്നത്‌ കാപട്യം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

 കണ്ണൂർ

കണ്ണൂർ കോർപ്പറേഷനിലെ മുൻമേയർ ഉൾപ്പെടെയുള്ള എൽഡിഎഫ്  കൗൺസിലർമാരെ ആക്രമിക്കുകയും അക്രമികൾ തന്നെ ഹർത്താൽ നടത്തുകയും ചെയ്യുന്നതിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്ന് എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. എൽഡിഎഫ് കൗൺസിലർമാരായ ഇ പി ലത, കെ കമലാക്ഷി, കെ റോജ, കെ പ്രമോദ്, എം പി ഭാസ്കരൻ എന്നിവരെയാണ് റൗഡികളെപ്പോലെ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിന്റെയും സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ടി ഒ മോഹനന്റെയും നേതൃത്വത്തിൽ ആക്രമിച്ചത്‌. കൗൺസിലർ രഞ്ജിത്തും ഡ്രൈവർ ഖാലിദും അക്രമത്തിൽ പങ്കുചേർന്നു. പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാർ ആശുപത്രിയിലാണ്. 
അക്രമം നടത്തിയ യുഡിഎഫ് തന്നെ  ഹർത്താലിന് ആഹ്വാനംചെയ്തത് കാപട്യമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ഇത് ജനങ്ങൾ തിരിച്ചറിയും. ചാനലുകൾ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളിൽ കൗൺസിലർ കെ പ്രമോദിനെ ടി ഒ മോഹനൻ തിരഞ്ഞുപിടിച്ച് തല്ലുന്നത് കാണാൻ കഴിയും. എൽഡിഎഫ് കൗൺസിലർമാർ ആരെയെങ്കിലും ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്നു മാത്രമല്ല, അത്തരമൊരു ആരോപണം യുഡിഎഫ് ഉന്നയിക്കുന്നത് വസ്തുതയുമല്ല. 
ടി ഒ മോഹനൻ കൗൺസിലർമാരുടെ കൂട്ടത്തിൽ പിറകിലായി ഉണ്ടായിരുന്ന പ്രമോദിന്റെ മേൽ ചാടിവീണ്‌  ആക്രമിക്കുകയായിരുന്നു. മേയറും ഡെപ്യൂട്ടി മേയറും എൽഡിഎഫ് കൗൺസിലർമാരെ തെറിവിളിക്കുകയും അവഹേളിക്കുകയുമാണ് ചെയ്തത്. 
ജീവനക്കാരുടെ അനിശ്ചിതകാല സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന്‌ കൗൺസിൽ യോഗം തുടങ്ങുന്നതിന് മുമ്പ് എൽഡിഎഫ്‌ കൗൺസിലർമാർ മേയറെ കണ്ട്‌ ആവശ്യപ്പെടുകയായിരുന്നു.  പദ്ധതി നിർവഹണം അവതാളത്തിലാണ്‌. സമരം നീട്ടിക്കൊണ്ടുപോകുന്നതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം പരിഗണിക്കാമെന്ന്‌ മേയർ പറയുകയും ചെയ്‌തു. ഡെപ്യൂട്ടി മേയർ വന്ന്‌ മേയറുടെ ചെവിയിൽ സ്വകാര്യം പറഞ്ഞതോടെയാണ് സൗഹൃദാന്തരീക്ഷം ഇല്ലാതായത്. 
പതിനാറ്‌ ജീവനക്കാർക്ക് നിയമവിരുദ്ധമായി അറ്റൻഡൻസ് നിഷേധിച്ചത് ഡെപ്യൂട്ടി മേയറുടെ ധിക്കാര നടപടിമൂലമാണ്. അതുകൊണ്ടുതന്നെ മേയർ മുൻകൈയെടുത്ത് വേണം പ്രശ്നം പരിഹരിക്കാൻ. മേയറെ അതിന് അനുവദിക്കാതെ കൗൺസിലർമാരെയും ജീവനക്കാരെയും അകറ്റിനിർത്തിയും മർദിച്ചും ഭരിക്കാനാണ് ഡെപ്യൂട്ടി മേയറും സംഘവും പരിശ്രമിക്കുന്നതെങ്കിൽ അത് ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്നും എം വി ജയരാജൻ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാർ, കെ കെ രാഗേഷ്‌ എംപി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top