04 April Saturday

പിണറായി കൺവൻഷൻ സെന്റര്‍ നിർമാണം അവസാന ഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
കണ്ണൂർ
പിണറായി കൺവൻഷൻ സെന്റർ നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിൽ.  11.65 കോടി രൂപ ചെലവിലാണ്  സെന്റർ നിർമിക്കുന്നത്‌. കൂടുതൽ സ്ഥലം ഏറ്റെടുക്കൽ, പാർക്കിംഗ് സൗകര്യമൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഏഴുകോടി രൂപ പുതിയ ബജറ്റിൽ അനുവദിച്ചിട്ടുമുണ്ട്. മാർച്ചിൽ ഉദ്‌ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ്‌ അധികൃതർ. 
പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്താണ് ഇരുനിലകളുള്ള കൺവൻഷൻ സെന്റർ ഉയരുന്നത്. 2015–-16 വർഷം മുൻ എംഎൽഎ കെ കെ നാരായണന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 5.65 കോടി രൂപ ഉപയോഗിച്ചാണ് സെന്റർ നിർമാണം തുടങ്ങിയത്. 
പിന്നീട് സംസ്ഥാന സർക്കാറും ആറുകോടി രൂപ അനുവദിച്ചു.  ഒരേ സമയം 900 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയമാണ് പിണറായി കൺവൻഷൻ സെന്ററിൽ തയ്യാറാകുന്നതെന്ന് പിണറായി പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗീതമ്മ പറഞ്ഞു. 
ഡൈനിംഗ് ഹാളും വാഹനപാർക്കിംഗ് സൗകര്യവും സെന്ററിൽ ഒരുക്കിയിട്ടുണ്ട്. വിവാഹം, സെമിനാറുകൾ,  കലാപരിപാടികൾ, യോഗങ്ങൾ എന്നിവ നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സെന്ററിലുണ്ടാകും. നേരത്തെ പിഡബ്ല്യുഡിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. നിലവിൽ എൽഎസ്ജിഡിക്കാണ് ചുമതല നൽകിയിരിക്കുന്നത്. 
പിണറായി പെരുമയോടനുബന്ധിച്ച് എപ്രിൽ ഏഴുമുതൽ 13 വരെ നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര സെമിനാറായിരിക്കും സെന്ററിലെ ആദ്യ പരിപാടി.  റർബൻ പദ്ധതിയിലുൾപ്പെടുത്തി സെന്ററിന് മുന്നിലായി ഒരു ബസ് ഷെൽറ്റർ, ബസ് ബേ, റൂറൽ മാർക്കറ്റ് എന്നിവ നിർമിക്കാനുള്ള പദ്ധതി രൂപരേഖയും  പഞ്ചായത്ത് തയ്യാറാക്കിക്കഴിഞ്ഞു. 1.5 കോടി രൂപയാണ് ഇവ നിർമിക്കുന്നതിനായി പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നതെന്നും പ്രസിഡന്റ്‌  അറിയിച്ചു.
പ്രധാന വാർത്തകൾ
 Top