06 July Monday

ചരിത്രം വഴിമാറും പ്രശാന്ത്‌ വരും

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019

ഹാർവിപുരം കോളനിയിൽ വി കെ പ്രശാന്ത്‌ എത്തിയപ്പോൾ

തിരുവനന്തപുരം 
വോട്ടെടുപ്പിന്‌ രണ്ടുദിവസം മാത്രം ശേഷിക്കേ വട്ടിയൂർക്കാവിൽ വിജയം ഉറപ്പിച്ച്‌ എൽഡിഎഫ്‌. ആദ്യദിനംമുതൽ സ്ഥാനാർഥി വി കെ  പ്രശാന്തിന്‌ ലഭിച്ച മുൻതൂക്കം അവസാന മണിക്കൂറിലും കാത്തുസൂക്ഷിക്കാൻ എൽഡിഎഫിനായത്‌ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ്‌. വട്ടിയൂർക്കാവിൽ ചരിത്രവിജയത്തിലേക്ക്‌ എൽഡിഎഫ്‌ നീങ്ങുകയാണെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി വി ശിവൻകുട്ടി പറഞ്ഞു. 
ജനങ്ങൾ ആഗ്രഹിച്ചിരുന്ന സ്ഥാനാർഥിയെയാണ്‌ എൽഡിഎഫ്‌ അവതരിപ്പിച്ചത്‌. മേയറായിരിക്കേ നിയമസഭയിലേക്ക്‌ മത്സരിക്കുന്ന ആദ്യയാളാണ്‌ പ്രശാന്ത്‌. യുവാവ്‌, ജനകീയനായ മേയർ തുടങ്ങിയ നിലകളിലുള്ള അംഗീകാരം എൽഡിഎഫിന്‌ മുതൽക്കൂട്ടാകും. ഏറ്റവും ജനകീയനും സ്വീകാര്യനുമായ സ്ഥാനാർഥി എന്നതുതന്നെയാണ്‌ പ്രശാന്തിന്റെ വിജയം സുനിശ്‌ചിതമാക്കുന്നത്‌. സ്ഥാനാർഥി പ്രഖ്യാപനംമുതൽ പ്രശാന്ത്‌ മുന്നിലാണ്‌. സ്‌ത്രീകളുടെയും ചെറുപ്പക്കാരുടെയും വലിയ അംഗീകാരമാണ്‌ ലഭിച്ചത്‌. നിഷ്‌പക്ഷരായ വോട്ടർമാരുടെ പിന്തുണയും പ്രശാന്തിന്‌ ലഭിക്കും. സ്ഥാനാർഥിയെ മണ്ഡലം ഇങ്ങനെ ഏറ്റെടുക്കുന്ന കാഴ്‌ച അപൂർവമാണെന്ന്‌ വി ശിവൻകുട്ടി പറഞ്ഞു. 
 കോൺഗ്രസിന്‌ സ്ഥിരമായി വോട്ടുചെയ്യുന്നവർപോലും ഇത്തവണ പ്രശാന്തിന്‌ വോട്ടുചെയ്യും. ഫീൽഡിൽനിന്ന്‌ കിട്ടുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌ പറയുന്നത്‌. ബിജെപിക്കും കോൺഗ്രസിനും ഇത്തവണ വലിയ തോതിൽ വോട്ടുകുറയും. മണ്ഡലത്തിൽ ഉൾപ്പെടുന്ന 24 കോർപറേഷൻ വാർഡിലും എൽഡിഎഫ്‌ മുന്നിലെത്തുമെന്നാണ്‌ വിലയിരുത്തൽ. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുന്നത്‌ വിജയം ഉറപ്പാക്കുന്നതാണ്‌. 
മുന്നണികൾ ഉയർത്തുന്ന രാഷ്‌ട്രീയമാണ്‌ ആത്യന്തികമായി തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്‌. ജനാധിപത്യത്തിൽ അത്തരത്തിലാണ്‌ വോട്ടർമാർ പ്രതികരിക്കേണ്ടത്‌. ഒരു സമുദായ സംഘടനയ്‌ക്കും എൽഡിഎഫ്‌ എതിരല്ല. എല്ലാവരുടെയും പ്രവർത്തനത്തെ വിലമതിക്കുന്നുമുണ്ട്‌. വിവിധ രാഷ്‌ട്രീയകക്ഷികളിൽ വിശ്വസിക്കുന്നവർ എല്ലാ സമുദായസംഘടനകളിലുമുണ്ട്‌. അവർ ആ വിശ്വാസത്തിന്‌ അനുസരിച്ചാകും വോട്ടുചെയ്യുക. 
മോഡി സർക്കാരിന്റെ ഭരണം ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കി. അവർക്ക്‌ സംരക്ഷണം നൽകാൻ കോൺഗ്രസിന്‌ കഴിയില്ലെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ഇടതുപക്ഷമാണ്‌ അഭയമെന്ന്‌ അവർ തിരിച്ചറിയുന്നു. വട്ടിയൂർക്കാവിലും ന്യൂനപക്ഷങ്ങളുടെ പിന്തുണ എൽഡിഎഫിനാകും. കോൺഗ്രസിനെതിരെയുള്ള ജനങ്ങളുടെ അസംതൃപ്‌തിയും യുഡിഎഫിലെ അസ്വാരസ്യങ്ങളും എൽഡിഎഫിന്‌ ഗുണകരമാകും. 
വട്ടിയൂർക്കാവിൽ വികസനം എത്തിക്കുന്നതിൽ കെ മുരളീധരൻ പരാജയമായിരുന്നു. എംഎൽഎ ഫണ്ട്‌ പോലും ശരിയായി വിനിയോഗിച്ചില്ല. വട്ടിയൂർക്കാവ്‌, പേരൂർക്കട തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലടക്കം വികസനം സ്‌തംഭിച്ചുനിൽക്കുകയാണ്‌. ഇത്‌ ജനങ്ങൾ ചർച്ചചെയ്യുന്നുണ്ട്‌. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും മേയർ എന്ന നിലയിൽ വി കെ പ്രശാന്ത്‌ ചെയ്‌ത വികസനവും ചൂണ്ടിക്കാട്ടിയാണ്‌ എൽഡിഎഫ്‌ ജനങ്ങളെ സമീപിക്കുന്നത്‌. യുഡിഎഫിനും ബിജെപിക്കും ഇത്‌ കഴിയുന്നില്ല. പ്രശാന്തിനെ വ്യക്തിപരമായി അവഹേളിക്കാൻ കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചത്‌ പരാജയഭീതികൊണ്ടാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top