01 June Monday

വൻ വിജയം നേടും: എൽഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019

കുമ്പളയിൽ എൽഡിഎഫ്‌ പൊതുയോഗം മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്യുന്നു

കസർകോട്‌
മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽ ഇത്തവണ എൽഡിഎഫ്‌ വൻ വിജയംനേടുമെന്ന്‌  നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എതിരാളികളുടെ സ്വാധീന കേന്ദ്രങ്ങളിലൊക്കെ എൽഡിഎഫ്‌ സ്ഥാനാർഥി  ശങ്കർ റൈ തരംഗമായി മാറി കഴിഞ്ഞു. 54 വർഷം യുഡിഎഫിന്‌ വോട്ട്‌ നൽകിയ പാലയിലെ ജനങ്ങൾക്ക്‌  36,000 വോട്ടുകൾ മാറ്റി ചെയ്യാമെങ്കിൽ  മഞ്ചേശ്വരത്തെ ജനങ്ങൾക്ക്‌  എൽഡിഎഫിനെ വിജയിപ്പിക്കാൻ എളുപ്പമാണ്‌.    സിപിഐ എമ്മിന്‌ വോട്ട്‌ ചെയ്‌താൽ ബിജെപി ജയിക്കുമെന്ന മുസ്ലിംലീഗിന്റെ പ്രചാരണം പരാജയഭീതിയാലാണ്‌. സിപിഐ എമ്മിന്‌ വോട്ട്‌ചെയ്‌താൽ ഇടതുപക്ഷം തന്നെ ജയിക്കും.  
വോട്ട്‌  വികസനത്തിന്‌ 
മഞ്ചേശ്വരത്തിന്റെ വികസനത്തിനാണ്‌ ഇത്തവണ വോട്ട്‌. യുഡിഎഫിനും ബിജെപിക്കും കൊടുത്താൽ  വോട്ട്‌ പാഴാവുമെന്ന്‌ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന്‌ നേതാക്കൾ പറഞ്ഞു. മണ്ഡലത്തിലെ 198 ബൂത്തുകളിലും ശക്തമായ പ്രവർത്തനമാണ്‌  നടത്തിയത്‌. ഇടതുപക്ഷത്തിന്‌ താരതമ്യേന സ്വാധീനം കുറഞ്ഞ പ്രദേശങ്ങളിലടക്കം കേന്ദ്രീകരിച്ചായിരുന്നു   പ്രചാരണപ്രവർത്തനങ്ങൾ. എതിരാളികളുടെ കേന്ദ്രങ്ങളിൽ സ്‌ത്രീകളും യുവജനങ്ങളും ഉൾപ്പെടെ വൻ ജനാവലിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയെ സ്വീകരിക്കുന്നത്‌. സംസ്ഥാന സർക്കാരിന്റെ വികസന–- ക്ഷേമപ്രവർത്തനങ്ങൾ രാജ്യത്തിന്‌ പോലും മാതൃകയാണ്‌. അത്‌ ഇടതുപക്ഷത്തിന്‌ അനുകൂലമായ വോട്ടായി മാറും. വലിയ മാറ്റമാണ്‌ മണ്ഡലത്തിലുടനീളം. മുഖ്യമന്ത്രിയുടെയും മറ്റു നേതാക്കളുടെയും പരിപാടികളിൽ ആയിരക്കണക്കിന്‌  ജനങ്ങളാണ്‌ എത്തിയത്‌. 
തുളുവിനോടുളള 
സ്‌നേഹം കാപട്യം
തുളുഭാഷക്ക്‌ വേണ്ടി ഒന്നും ചെയ്യാത്തവർ ഇപ്പോൾ കപടസ്‌നേഹം കാട്ടുന്നത്‌ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌.  27 ഭാഷകൾക്കൊപ്പം എട്ടാം അനുഛേദത്തിൽ തുളുവിനെ  ഉൾപ്പെടുത്താൻ പാർലമന്റിൽ ഇടപെട്ടത്‌ പി കരുണാകരൻ എംപി ആയിരുന്നപ്പോഴാണ്‌. അന്ന്‌ പാർലമെന്റിൽ കോൺഗ്രസിന്റെ വീരപ്പമൊയിലി, ബിജെപിയുടെ നളിൻ കുമാർ കട്ടീൽ അടക്കമുള്ളവർ ഉണ്ടായിരുന്നു. തുളുവിന്‌ വേണ്ടി ശബ്ദിക്കാൻ പോലും  അവർ തയ്യാറായില്ല.  
യുഡിഎഫ്‌–- ബിജെപി അണികൾ  അസംതൃപ്തർ
ജനങ്ങളുടെ പ്രശ്‌നം വിശ്വാസവും മതവുമൊന്നുമല്ല വികസനമാണ്‌.  കുടിവെള്ളം, റോഡ്‌,മാലിന്യം  തുടങ്ങിയ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഉത്തരവാദപ്പെട്ട പഞ്ചായത്തുകൾ ഒന്നും ചെയ്യുന്നില്ല. ജനകീയ പ്രശ്‌നങ്ങളോട്‌ പുറം തിരിഞ്ഞു നിൽക്കുന്ന പഞ്ചായത്തുകളുടെ നിലപാടിൽ യുഡിഎഫ്‌–- ബിജെപി അണികൾ  അസംതൃപ്‌തിയിലാണ്‌. അവർ ഇത്തവണ എൽഡിഎഫിന്‌ വോട്ട്‌ ചെയ്യും. 
കഴിഞ്ഞ ഒന്നരകൊല്ലം കേസുമായി നടന്നു മണ്ഡലത്തിലെ വികസനം മുടക്കിയ ബിജെപി നേതാവ്‌ കെ സുരേന്ദ്രൻ ജനങ്ങളെ ഭയന്നാണ്‌ കോന്നിയിലേക്ക്‌ പോയത്‌. 89 വോട്ടിന്‌ തോറ്റ സുരേന്ദ്രൻ ഇത്തവണ   മഞ്ചേശ്വരത്ത്‌  മത്സരിക്കാതിരിക്കാൻ മറ്റെന്ത്‌  ന്യായമാണുളളത്‌. യുഡിഎഫിലും ബിജെപിയിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള അഭ്യന്തകുഴപ്പവും  അസംതൃപ്‌തിയും നിലനിൽക്കുകയാണ്‌. 
രാഷ്‌ട്രീയത്തിന്‌പകരം ഇരുമുന്നണികളും   സ്ഥാനാർഥിയെ വ്യക്തിഹത്യ ചെയ്യാനാണ്‌  ശ്രമിച്ചത്‌. കപടഹിന്ദുവെന്ന പ്രയോഗം  അവർക്ക്‌തന്നെ തിരിച്ചടിയായി. 
വികസനമറിഞ്ഞത്‌ എൽഡിഎഫ്‌ എംഎൽഎയുടെ കാലത്ത്‌ 
എൽഡിഎഫ്‌ എംഎൽഎയുടെ  കാലത്ത്‌ മാത്രമാണ്‌ മഞ്ചേശ്വരം വികസനമെന്തെന്ന്‌ അറിഞ്ഞത്‌.  യുഡിഎഫ്‌കാലത്ത്‌ അനുവദിച്ച മറൈൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ കടത്തികൊണ്ടുപോയി. തുളു അക്കാദമി കൊണ്ടുവന്നതും  ഉറുദു സ്‌കൂൾ സംരക്ഷിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌. 
 മണ്ഡലത്തിന്റെ വികസനത്തിന്‌ എൽഡിഎഫ്‌  സ്ഥാനാർഥി വിജയിക്കണമെന്നാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്‌.എൽഡിഎഫ്‌ നേതാക്കളായ  പി കരുണാകരൻ, എം വി ബാലകൃഷ്‌ണൻ, വി പി പി മുസ്‌തഫ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബി വി രാജൻ, കെ എസ്‌ ഫക്കറുദ്ദീൻ ഹാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top