01 June Monday

ബാക്കിലപദവിന്‌ ഉത്സവമായി മന്ത്രിയുടെ സന്ദർശനം

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019
പെർള
കർണാടക അതിർത്തിയിലെ ബാക്കിലപദവിന്‌ വെള്ളിയാഴ്‌ച ഉത്സവദിവസമായിരുന്നു. കൊടിതോരണങ്ങൾ ചാർത്തി, മൈക്കിൽ പാട്ട്‌ വച്ച്‌ ഗ്രാമവാസികൾ മരച്ചുവട്ടിൽ കാത്തിരിപ്പാണ്‌. ആദ്യമായി ഈ അതിർത്തിഗ്രാമത്തിലേക്ക്‌ ഒരു മന്ത്രിയെത്തുകയാണ്‌. അദ്ദേഹത്തോട്‌ പറയാൻ പരിവേദനങ്ങൾ നിരവധിയുണ്ട്‌. സ്‌കൂളില്ല, റോഡില്ല, ആശുപത്രിയില്ല. പാലമില്ല. എൻമകജെ പഞ്ചായത്തിലായതിനാൽ എൻഡോസൾഫാൻ രോഗികളുമുണ്ട്‌ ഇവിടെ. ഇവിടെ നടക്കുന്ന എൽഡിഎഫ്‌ കുടുംബയോഗം ഉദ്‌ഘാടനം ചെയ്യാൻ മന്ത്രി ഇപി ജയരാജനാണ്‌ എത്താമെന്ന്‌ സമ്മതിച്ചിരിക്കുന്നത്‌.   മന്ത്രിയുടെ വാഹനം ഇങ്ങോട്ട്‌ കയറിയെത്താത്തതിനാൽ ഒരു ജീപ്പിലാണ്‌ അദ്ദേഹം വന്നത്‌. ആ യാത്രയിൽ പറയാതെ തന്നെ ഗ്രാമവാസികളുടെ ദുരിതം മന്ത്രി കണ്ടറിഞ്ഞു. 
കർണാടകയുടെ ഭാഗമായ അഡ്യനടുക്ക മേഖലയുടെ ഇടയിലാണ്‌ സയ വാർഡിൽപ്പെട്ട ഈ പ്രദേശം. ഷിറിയപ്പുഴയ്‌ക്ക്‌ പാലം പണിയാത്തതിനാൽ 15 കിലോമീറ്റർ ചുറ്റണം ഇവിടെയെത്താൻ. പാലം പണിതാൽ അഞ്ചുകിലോമീറ്റർ കുറയും. എഴുപതോളം കുടുംബങ്ങളുണ്ട്‌. പട്ടികവർഗവിഭാഗമായ മറാട്ടി, പട്ടികജാതിക്കാരായ നൽക എന്നിവയിൽപ്പെട്ടതാണ്‌ കുടുംബങ്ങൾ. കന്നഡയും തുളുവുമാണ്‌ ഭാഷ. എയ്‌ഡഡ്‌ സ്‌കൂളിലെത്തണമെങ്കിൽ അഞ്ചുകിലോമീറ്റർ സഞ്ചരിക്കണം. കർണാടകത്തെയാണ്‌ ഉന്നതവിദ്യാഭ്യാസത്തിന്‌ ആശ്രയിക്കുന്നത്‌. വീട്‌ പണിയാൻ സാധനങ്ങൾ എത്തിക്കണമെങ്കിലും ദുർഘടപാതയിലൂടെ സഞ്ചരിക്കണം. എൻഡോസൾഫാൻ രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള ദുരിതം ചില്ലറയല്ല. കാട്ടുമൃഗങ്ങൾ കൃഷിനശിപ്പിക്കുന്നതും പതിവാണ്‌. 
ഇപി എത്തിയതോടെ നാട്ടുകാരുടെ ആവേശം ഇരട്ടിയായി. തുളുവിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയപ്പോൾ അദ്ദേഹം മൈക്ക്‌ കയ്യിലെടുത്തു. മഞ്ചേശ്വരം മണ്ഡലത്തിൽ സർക്കാർ പദ്ധതികൾ നടപ്പാക്കാത്ത യുഡിഎഫ്‌ ഭരണസമിതികളുടെ നിരുത്തരവാദം ചുണ്ടിക്കാട്ടിയാണ്‌ പ്രസംഗം. മാലിന്യനിർമാർജനം, ലൈഫ്‌ പദ്ധതി, തൊഴിലുറപ്പ്‌ തുടങ്ങിയ കാര്യങ്ങളിൽ ഇവർ ജനങ്ങളെ വഞ്ചിക്കുകയാണ്‌. 
ഭരണക്കാരായ ലീഗുകാർക്കും കോൺഗ്രസുകാർക്കും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധയില്ല. ഇത്‌ തിരുത്താൻ ശങ്കർറൈയെ വിജയിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. യോഗത്തിൽ അശോക്‌ ചവറടുക്ക അധ്യക്ഷനായി. സിജി മാത്യു, വിനോദ്‌ പെർള, ഗോവിന്ദനായ്‌ക്ക്‌ എന്നിവർ സംസാരിച്ചു. ഉദയൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top