16 October Wednesday
കഥാകൃത്തായ യുവതിയുടെ പരാതി

സംവിധായകൻ വി കെ പ്രകാശിനെ 
ഹോട്ടലിൽ എത്തിച്ച്‌ തെളിവെടുത്തു

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024
കൊല്ലം
കഥാകൃത്തായ യുവതിയുടെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെ കൊല്ലത്തെ സ്വകാര്യഹോട്ടലിൽ എത്തിച്ച്‌ പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി. പള്ളിത്തോട്ടം സിഐ ബി ഷഫീക്കിന്റെ നേതൃത്വത്തിൽ ബുധൻ പകൽ പന്ത്രണ്ടോടെ ആയിരുന്നു തെളിവെടുപ്പ്‌. യുവതിയുടെ പരാതിയിൽ പറയുന്ന നാലാംനിലയിലെ 415–-ാം നമ്പർ മുറിയിൽ എത്തിച്ചായിരുന്നു തെളിവെടുത്തത്. വ്യാഴാഴ്‌ചയും പ്രകാശിനെ പൊലീസ്‌ ചോദ്യംചെയ്യും. തുടർന്ന്‌ അറസ്റ്റ്‌ രേഖപ്പെടുത്തി ജാമ്യംനൽകും. വി കെ പ്രകാശിനെ ചൊവ്വാഴ്ച പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.  
യുവതിയെ കൊല്ലത്തെ ഹോട്ടലിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ, അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടാക്സി ചാർജ്‌ ആയാണ് പണം നൽകിയതെന്നും വി കെ പ്രകാശ്‌ മൊഴിനൽകി. പൊലീസ് തയ്യാറാക്കുന്ന റിപ്പോർട്ട് പ്രത്യേക അന്വേഷകസംഘത്തിന് കൈമാറും. 
കഴിഞ്ഞ ആഴ്ച വി കെ പ്രകാശിന് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങണമെന്നും പകൽ ഒമ്പതുമുതൽ രണ്ടുവരെ ചോദ്യംചെയ്യലിന് വിധേയനാകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2022 ഏപ്രിലിൽ കഥ കേൾക്കാനായി തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ്‌ യുവതിയുടെ പരാതി. സത്യം തെളിയുമെന്നും പരാതിക്കു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ വി കെ പ്രകാശ് മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top