കോട്ടയം
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിന്റെ ഉപരോധത്തിനും രാജ്യത്തെ വലയ്‌ക്കുന്ന വിലക്കയറ്റത്തിനുമെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തിന് ജില്ലയിൽ തുടക്കമായി. കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ തിങ്കളാഴ്‌ച വൈകിട്ട് ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. കോട്ടയത്ത് തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്തിന് മുന്നിൽ മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി എ വി റസൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി എൻ സത്യനേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, അഡ്വ. ഷീജ അനിൽ എന്നിവർ സംസാരിച്ചു.
സിപിഐ എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ ജനകീയ പ്രതിരോധം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഷെമീം അഹമ്മദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗിരീഷ് എസ് നായർ, വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ, വി പി ഇസ്മയിൽ, അഡ്വ. ബെജു കെ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.
വൈക്കം മണ്ഡലത്തിലെ ജനകീയ പ്രതിരോധം തലയോലപ്പറമ്പ് സെൻട്രൽ ജങ്‌ഷനിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജെ ജോസഫ് ഉദ്‌ഘാടനംചെയ്‌തു. വൈക്കം ഏരിയ സെക്രട്ടറി കെ അരുണൻ അധ്യക്ഷനായി. തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെൽവരാജ്, ജില്ലാ കമ്മിറ്റിയംഗം എം പി ജയപ്രകാശ്, പി വി ഹരിക്കുട്ടൻ എന്നിവർ സംസാരിച്ചു.
ഇന്ന് 3 കേന്ദ്രങ്ങളിൽ
പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ ജനകീയ പ്രതിരോധം ചൊവ്വാഴ്‌ച നടക്കും. പാലായിൽ അഡ്വ. കെ അനിൽകുമാറും കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട്ട് അഡ്വ. പി കെ ഹരികുമാറും ഏറ്റുമാനൂരിൽ ടി ആർ രഘുനാഥനും ഉദ്‌ഘാടനംചെയ്യും. 20ന് പൂഞ്ഞാർ, ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങളിലെ പ്രക്ഷോഭം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..